Skip to main content

സാഹചര്യത്തിൻ്റെ പാവ


അക്രമികൾക്കും
അഴിമതിക്കാർക്കും
നിയമം കൈയ്യിലെടുക്കുന്നവർക്കും
രാജ്യദ്രോഹം എന്ന കലക്കും
നീതി ലഭ്യമാക്കുന്ന വ്യവസ്ഥിതി

സാധാരണക്കാരന് ആവശ്യമായ നീതി സാധാരണക്കാരന് ലഭ്യമാകുന്ന നീതി

നാണംകുണുങ്ങികളുടെ ഭരണഘടന
ഭരണഘടനയിൽ നിന്നും 
കാണാതെ പോകുന്ന നാണംകുണുങ്ങികളുടെ
സമാന്തര താളുകൾ

സാധാരണക്കാരൻ്റെ നിർവ്വചനം
മേഘങ്ങളുടെ ഭരണഘടന
ഘടനകൾ നഷ്ടപ്പെടുന്ന മേഘം

സാധാരണക്കാരൻ്റെ നാണത്തിൽ
മേഘങ്ങൾ ഇടപെടും വിധം

തൊടാനാവില്ല
ഭരണമേഘങ്ങളുടെ ഘടനയാവണം

കുട്ടിയുടെ കൈയ്യിൽ പാവ പോലെ
മേഘത്തിൻ്റെ കൈയ്യിൽ
ആകാശത്തിൻ്റെ പാവ

കുട്ടി പാവ മേഘം എന്നിവ 
ഒരുമിച്ചെടുത്താൽ കുട്ടി, മേഘത്തേ
അതിൻ്റെ കുട്ടിത്തം നിറഞ്ഞ ആകാശത്തെ വിട്ട് തന്നാലും 
പാവയേ 
ഒരു പക്ഷേ വിട്ടുതരണം എന്നില്ല

സാഹചര്യങ്ങളുടെ 
പാവയാവാം അവിടെ 
ഒരു പക്ഷേ

ആകാശത്തിൻ്റെ കുട്ടിക്കാലം
അതിൻ്റെ മുട്ടിലിഴച്ചിൽ
അതിൻ്റെ ഒരു പിടി മണ്ണ് വാരിത്തിന്നൽ
എന്നിവയിലൊന്നും മേഘം പങ്കെടുക്കണമെന്നുമില്ല

പങ്കെടുക്കുന്ന സാധാരണക്കാരാ
എന്നൊരു അഭിസംബോധന
അതാണ് ആകെയുള്ള ആശ്വാസം

പിതാവെന്ന കല
ഉടൽ എന്ന ഉപന്യാസം
ധാരണ എന്ന സന്യാസി

ചലനങ്ങളുടെ
പരിഭ്രമത്തിൽ പിടിവാശിയുള്ള മേഘം

റദ്ദ് ചെയ്തിട്ടുണ്ടാവുമോ
പറവ കാണുന്ന സ്വപ്നം

റദ്ദ് ചെയ്ത മേഘം
റദ്ദാക്കുവാനാകാത്ത നീലയുടെ വിലാപം
എന്നിങ്ങനെ രണ്ടായി,
നിർദ്ദേശങ്ങൾ മാത്രം പിരിഞ്ഞു പോകുന്നു

ആകാശവുമായുള്ള
കൂടിക്കാഴ്ച്ച റദ്ദ് ചെയ്യുന്നു

പറവ കാണുന്ന സ്വപ്നത്തിൽ
ആകാശമുണ്ടെന്നുള്ള ഒരാരോപണം
മാത്രം മുന്നോട്ട് വെക്കുന്നു!



Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ