Skip to main content

വരൂ കുറച്ച് വെക്കൂ ഈ വിളിപ്പേരുകൾ

 



രണ്ടരഅണ എന്നത്  

നിലവിലില്ലാത്ത ഗ്രാമത്തിലെ

എന്നോ പൂട്ടിപ്പോയ ഷാപ്പിൻ്റെ ഇരട്ടപ്പേരാണെങ്കിൽ

രണ്ട് കാലുള്ള നടത്തത്തിൽ 

വന്ന ദൂരം കോരി വെച്ച് 

മഴ തോരുന്നത് നോക്കി 

എടുത്ത് കൊണ്ട് പോകാവുന്ന

വാരിക്കീഴുകളിലേ 

കയറിനിൽക്കലുകൾ


മഴയൊന്നും പെയ്യുന്നില്ലെങ്കിലും

തോരാൻ കാത്തുനിൽക്കുമ്പോലെ

കയറി നിൽക്കാറില്ലേ

ചില വരികളിൽ വാരിക്കീഴുകൾ പോലെ


കൈത്തറി പോലെ

കൈകൾ കൊണ്ട് തിരയിട്ട്

കാലുകൾ കൊണ്ട് ചവിട്ടി

നിർമ്മിക്കാവുന്നവയാവണം

ചില കയറിനിർത്തങ്ങൾ എങ്കിലും


ചവിട്ടിപോലെ 

കയർ കൊണ്ട് നിലത്ത് കിടക്കും

നനവ് 

അതും സിമൻ്റിട്ടത്

അതിലേക്ക് ഒരു ചട്ടിച്ചാന്ത് പോലെ കയറിനിൽക്കും

നനഞ്ഞ വരിയലുകൾ ഉള്ള 

ഉടൽപ്പാടുകൾ


തൊണ്ടിൽ നിന്നും വേർപെട്ട വിധം

നാരുകൾ പിരിക്കും ഉടൽ

തിരിയൻ റാട്ടുകൾ

തോരലുകൾ ഓർത്ത് കിടക്കും

തിരിയും


ജനാലത്താഴത്തേ മഴത്തുള്ളികൾ

വാരിക്കെട്ടിവെക്കും അഴിയും

കൊറുങ്കച്ചുരുൾമുടി 

അതിലെ ഒന്നാം മിന്നാംമിന്നിച്ചുരുൾ 

ആദ്യം ഉണരും പറക്കും

പിന്നെ  കൂടെ പറക്കും സ്വപ്നങ്ങളും


നനഞ്ഞ കക്ഷത്തിൻ്റെ ചരിവിലെ

നനയും നക്ഷത്രക്കണ്ണുകൾ


വന്ന് വീഴുന്നത് മിന്നും

കഴുകി വിരിച്ചിട്ട തോർത്തിൽ 

തുണിയിൽ പിന്നെ ആണിയിൽ

ആദ്യം ഈറൻ 

പിന്നെ മഴത്തുളി പിന്നെ കരിമ്പൻ

പിന്നെ മഴവെള്ളം പഴന്താലി

പിന്നെ തോരലുകൾ  എന്നിങ്ങനെ വന്ന്

എക്കി നിൽക്കും

മറ്റൊരു ദിവസം ഇറ്റും


വീശുന്നതിൻ്റെ കൊത്തുപണികൾ

തളർത്തുന്നില്ല

കാറ്റിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന

കാറ്റാടിയന്ത്രങ്ങളിൽ കണ്ണ് വെയ്ക്കും

ഇമ ചേർത്ത് അടക്കും

മിടിപ്പിൻ്റെ തീരത്തെ ഹൃദയത്തിൻ്റെ

നിർത്താതെ ഉലയും

അന്നത്തേ കടത്തുതോണിയിൽ

അന്നത്തെ ആദ്യത്തെ കാത്തുനിൽപ്പായി

നടന്ന് കയറും ഇരിക്കും


തഴപ്പായിലെ നെയ്ത്ത് ശീലങ്ങൾ

അത് വന്ന് ഉടലിൽ വിരിയും

കിടന്ന പാടുകൾ


എല്ലാ മഴയും

കുറക്കൻമാരാവുന്ന രാവിൽ


മഴക്കൂവലിൻ്റെ വയറ്റാട്ടി

കുയിൽ

ഒരു പ്രസവം എടുത്ത

വയറ്റിലെ അതിൻ്റെ കൂവൽപ്പാടുകൾ

അതിൻ്റെ ചുവന്ന കണ്ണുള്ള

മറ്റൊരു ദിനത്തിൽ പിറക്കും

രാത്രിയുടെ മറുപിള്ള

രാക്കുയിൽ പാട്ടുകൾ


ഒരു കൂവലിനെ പെറ്റ് കിടക്കും

കുയിൽ

മുട്ട കേട്ടുകിടക്കും

അതിൻ്റെ കൂടെന്ന നുണ

വിരിഞ്ഞാലുടൻ നനഞ്ഞ തൂവലുമായി

കൂകുവാൻ പോകും അതിൻ്റെ അന്തികുഞ്ഞോളങ്ങൾ


അവസാനം പറഞ്ഞ നുണ നനയാതിരിക്കുവാനായി മാത്രം

ഞാനും കുറുക്കനും 

അന്നും 

രാത്രിക്കരികിലെ ഒരു കൂവലിൽ

ഒരു മഴയേയും കൂട്ടാതെ

കയറിനിൽക്കും

വെറുതേ!


മഴവെള്ളം എന്ന് പേരുള്ള നിലാവ്

ഒരു പരാതിപോലെ പെയ്യും മഴയോട്

അന്നും,

അതും പതിഞ്ഞ താളത്തിൽ പറയും, 

വരൂ കുറച്ച് വെക്കൂ 

ഈ വിളിപ്പേരുകൾ.

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...