Skip to main content

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്
ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ
പഴയരാത്രികളുടെ ആകൃതിയുള്ള
കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു

പാകമാകാത്ത പലതും
പകലാകുകയാവണം പതിവായ്
പാകമാകാത്തത് കൊണ്ട്
പകലാകാത്തത് കൊണ്ട്
ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക് 
ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത്
നിറം നിഷേധിച്ച് തൂക്കുന്നു

പുറം നിഷേധിക്കുന്ന ജാലകങ്ങളും
ഉണ്ട് 
അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു

പാതിമേഘമാവും പകൽ
മേഘം പോലെ പകൽ മാനത്ത് കൂടി
കടന്ന് പോകും ദിനങ്ങൾ

ഗണിതവിദ്യാലയത്തിലെ
വിദ്യാർത്ഥിയേപ്പോലെ
ഗൃഹപാഠങ്ങളിലേക്കും
ഗൃഹാതുരത്വങ്ങളിലേക്കും 
ഒരേസമയം പടരും ഉടൽവള്ളികൾ
പ്രണയം അതിൻ ഉടൻ തണുപ്പും

ഗണിതമുന്തിരികളുടെ വിത്തുകൾക്ക്
മുളക്കുവാൻ 
ഒരു സമവാക്യം തിരയുന്നത് പോലെ
ഞാൻ എല്ലാ സമവാക്യങ്ങൾക്കും
നിരന്തരം പന്തലിട്ട് കൊടുക്കുന്നു

ഒഴുക്കുള്ള ആഴ്ച്ചകൾ, 
ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ 
എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ
പന്തലുകളാകണം നൃത്തങ്ങൾ
മുദ്രകളിൽ ചുവടുകളിൽ
ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു

ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു
ചാന്ദ്രഇരുത്തം മുകളിൽ

മരങ്ങൾ ഇലകളുടെ കടവാകുന്നിടത്ത്
ഒരു പകലിനും പാകമാകാത്ത
അമാവാസിക്കാലുള്ള രാത്രി
കൊലുസ്സുകൾ നിഷേധിക്കപ്പെടും
ഒച്ചകൾ ചുറ്റിലും  

കാലുകൾ മാത്രം ഐസിട്ട് വെക്കണം
എന്ന് കരുതിയിരുന്നു
ഉടൽ ഐസ്ക്യൂബുകൾ എങ്കിലും

നടത്തങ്ങൾ പോലും സമവാക്യങ്ങൾ

ആദ്യം കാല് നനയാതെ പടവുകളിറങ്ങി പിന്നെ ഉടൽ പുഴയിലേക്കിറങ്ങുന്നു
ഇടക്ക് വസ്‌ത്രം ഉയർത്തുന്നു
ഇടക്ക്  എപ്പോഴോ പുഴയും കാലുകളും
ഒഴുക്കിലേക്ക് പടരുന്നു
ജലത്തിൽ നീന്തലിൻ്റെ പന്തൽ

പുഴ കടക്കുമ്പോൾ ഒരാൾ 
കരുതുന്ന വാക്കുകളുമായി പകൽ
ഇലകൾ ജലം അതിഥികൾ എന്നിങ്ങനെ
നാവുകളുടെ നാരങ്ങ
ഉപ്പിലിടുന്ന ഇടം ചുറ്റിലും
തൊട്ടുകൂട്ടാൻ പാകത്തിന് പാടുകൾ പാട്ടുകൾ
എന്നിട്ടും കാതിൻ്റെ ഒഴുക്കെടുക്കാത്ത ജലം ജീവിതം

നിലത്ത് തൊടാതെ കാലും
ഇടക്ക് ഉടലും ഉയർത്തുന്നുണ്ടാവണം
കര ഉയർത്തുന്നു അകറ്റുന്നു പുഴകളും
നനഞ്ഞ കാതുകൾ
വരണ്ടനാവ്

ഇടക്ക് തെരുവോരങ്ങൾ
നടുക്ക് തോരണങ്ങൾ
പാകത്തിന് പാലങ്ങൾ

പാകത്തിൻ്റെ കുറുകേ നടപ്പാണ്

വികസനം കഴിഞ്ഞും നടക്കും തെരഞ്ഞെടുപ്പുകൾ

നനയുന്നുണ്ടോ 
നുണഞ്ഞ അമാവാസികൾ? 
നാവിൽ കറുത്തവാവ് തട്ടുന്നു
പുറമേ ഇരുട്ട് പുരട്ടുന്നു
മനം എന്ന് അകത്ത് പൊള്ളുന്നു

പിന്നെ എപ്പോഴോ നനഞ്ഞാലും
കുഴപ്പമില്ലെന്ന തോന്നലുള്ള ശരാശരി മനുഷ്യനാവുന്നു 

രസീത് ബുക്കിൻ്റെ കുറ്റിയാവും ദൈവം
കീറലിൻ്റെ പാടുകൾ ഉള്ള
നനഞ്ഞ കാതുള്ള മനുഷ്യൻ
ഞാനാവുന്നു
അതിൽ നീയും പങ്കെടുക്കുന്നു

നനവ് കീറിയുടുക്കുന്നു
മുഖം കാതുടുക്കുന്നു
സംസാരിച്ച ഭാഷ ഉടലുക്ക് ചുറ്റും
പരക്കുന്നു

ഏറ്റവും അവസാനം മിനുങ്ങിയ
മിന്നാംമിനുങ്ങിയേ 
കവിതയിൽ നിന്നിറങ്ങി 
നീയും ഞാനും തൊട്ടുകളിക്കുന്നു 

മിനുക്കമുള്ള വാക്കുകൾ, നിലത്ത് 
വീണ്ചിതറുന്നു
ആത്മാക്കൾ മിനുങ്ങുമിടം എന്ന്
നമുക്ക് മുന്നേ കവിത തുളുമ്പുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...