വാങ്കിന്റെ തൂവലിന് താഴെ
പറന്നുവന്ന് തങ്ങിയിരിക്കും
അമ്പളിക്കല
ഭാരത്തിന് താഴെ
ഒരു തൂവലാവും നിസ്ക്കാരം
ഭ്രമണത്തഴമ്പുള്ള ഭൂമി
മിനാരത്തൂവലുള്ള പള്ളി
വിരൽമടക്കുകൾ
നിസ്ക്കാരപ്പായ.
മഴ വകഞ്ഞ്നിസ്ക്കരിക്കും
ഒരു മഴത്തുള്ളി
ഭ്രമണനിസ്ക്കാരം
മഴത്തുള്ളിത്തഴമ്പ്
മഴ അതിന്റെ മിനാരങ്ങളുള്ള പളളി
കല നിലത്തിട്ട്,
കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ
കലയുടെ നിസ്ക്കാരപ്പായ
വാക്ക് ഒരു ഭാഷയുടേതും എന്ന്,
വാങ്ക് വരയും ചിത്രം
ഒരു തുള്ളി നിസ്ക്കാരത്തഴമ്പ്
മഴത്തുള്ളിപ്പായ
വാങ്കിന്റെ തഴമ്പുള്ള കാറ്റ്
നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്,
വിരിയും വാങ്കിന്റെ പൂവ്
മിനാരത്തിന്നരികിൽ
വിസ്മയത്തിന്റെ വള്ളിച്ചെടിയാവും
മിനാരത്തഴമ്പുള്ള പള്ളി
മിനാരഗന്ധി
പറക്കുന്നതിന്റെ അറ്റത്ത് ചെന്ന്
കിളിവിരിയുമ്പോലെ
വാങ്കിന്റെ അറ്റത്ത് ചെന്ന്
ഒരു നിസ്ക്കാരം വിരിയുന്നു
മേഘനിർവൃതി!
Comments
Post a Comment