പുലരിയെ പാലൂട്ടും പകൽ,
എടുത്തുവെക്കും പുലരികൾ
ഗർഭകാലമോ പേറ്റുനോവോ ഒന്നും എടുത്ത് വെക്കാതെ
ഒരു തൂവൽ മറ്റൊരു തൂവലിനെ പ്രസവിക്കുന്നത് പോലെ
അനുഭവിക്കാമെങ്കിൽ
ഏകാന്തത ഒരു തൂവൽ
ഒരു പുലരി മറ്റൊരു പുലരിയേ
ഭാവനയുടെ ഗർഭകാലം
പേറ്റുനോവില്ലാത്ത കലകൾ
അതിൻ്റെ പടരുന്ന ആകൃതികൾ ചലനങ്ങളിൽ ഒതുക്കി
ഒരു മേഘം പലതായി
പൂർണ്ണചന്ദ്രനേ പാലൂട്ടും മാനത്തേ
കടന്നുപോകുന്നു
ഇപ്പോൾ,
പല മാനങ്ങൾക്ക് പല കലകൾ
ഞാനും ഒതുക്കുന്നുണ്ട്
മേഘത്തേപ്പോലെ
നിൻ്റെ പരിസരങ്ങളിലേക്ക്
പടർന്ന് പോയേക്കാവുന്ന
എൻ്റെ നിരന്തര ചലനങ്ങൾ
ഏകാന്തത എന്ന അതിൻ്റെ ആകൃതികളിൽ
ഒരു തീയതിയേ നിർത്തി
കലണ്ടറിൽ, മാസങ്ങൾ കടന്ന് പോകുന്നുണ്ടോ?
വർഷങ്ങൾ അതിൻ്റെ ആകൃതികൾ?
മുലയൂട്ടലോ പ്രസവമോ
ഒന്നും പുറത്ത് കാണിക്കാതെ
ഒരു ഏകാന്തത മറ്റൊരു എകാന്തതയേ
എടുത്തുവളർത്തുന്നു
ആരും കാണാതെ തൂവലാക്കുന്നു
ഒപ്പുകൾ മുന്നേ നടന്നുപോകും കാലം
ബുദ്ധമാസമേ
ധ്യാനത്തിൻ്റെ തീയതിയേ
ബുദ്ധൻ വെച്ച ഒപ്പ്
പതിയേ ധ്യാനമാകുന്നു
പക്ഷികൾ എങ്ങുമില്ലാത്ത
പുലരിയിൽ
ഏകാന്തത എടുത്തുവളർത്തും
തൂവൽ പോലെ
തങ്ങിനിൽക്കലുകളിൽ തട്ടി
നിലത്തുവീഴും പുലരി എന്ന്
എഴുതി നിർത്താം എന്ന് തോന്നുന്നു.
Comments
Post a Comment