Skip to main content

പനിയുടൽ മാതൃകകൾ

എനിക്ക് പനി വരുമ്പോഴെല്ലാം
എൻ്റെ ജനലിന് പനിച്ചു
അതിൻ്റെ അഴികൾക്ക്
ആഴങ്ങളുടെ ചൂടെടുത്തു
അഴികൾ പുതച്ച് ജനലും
ജനൽ പുതച്ച് വീടും കിടന്നു

എനിക്ക് പനി വരുമ്പോഴെല്ലാം
ചികിത്സിക്കുവാൻ പോയിരുന്ന
ഒരു ആശുപത്രി ഉണ്ടായിരുന്നു
എനിക്ക്
എൻ്റെ ഭാഷക്കരികിൽ
ഉടലിന്നടുത്ത്
അത് തമിഴ്ഭാഷയിൽ ചികിത്സിച്ചു

എനിക്ക് പനി വരുമ്പോഴെല്ലാം
എൻ്റെ ഭാഷക്കും പനിച്ചു
അത് ചെന്തമിഴിൽ 
ഓരോ വാക്കുകൾക്കും ചികിത്സിച്ചു

എനിക്ക് പനി വരുമ്പോഴെല്ലാം
മന്ദാരം പുതച്ചു ജനൽ
സ്വയം പനിച്ചു 
അതിൻ്റെ പനി പുതച്ചു കുരുവി

മണം ഒഴുക്കിവിട്ട്, സ്വയം പുഴയാവും
പൂക്കൾ
കടലാസുവഞ്ചികളുടെ മാതൃകയിൽ
പനി കടലാസിൽ ഉണ്ടാക്കി
ഉടലിലൂടെ ഒഴുക്കിവിട്ടു പൂക്കൾ
കൂടെയൊഴുകി ജനൽ അതിൻ്റെ
പനിയിതൾ
എനിക്കൊപ്പം പനിയും ജനാലയും ഒഴുകി
.
എനിക്ക് പനി വന്നപ്പോഴെല്ലാം
എൻ്റെ പനി അവളുടെ ഉടലിൽ ചെന്ന്
മുട്ടി 
അവളുടെ ഉടൽ കൊതിച്ചു പനി
ഞങ്ങളുടെ എല്ലാ കൊതികൾക്കും
ഒരുമിച്ച് പനിച്ചു

അത് ആശുപത്രികളിൽ ചെന്ന് തട്ടി
മരുന്നുകുപ്പികൾ നിലത്ത് വീഴാതെ വീണുടഞ്ഞു
ഒരു സിറിഞ്ചിൻ്റെ സൂചിമുന കൊണ്ട്
ഞങ്ങളുടേതല്ലാത്ത മരണം
ഞങ്ങളുടെ കൺമുന്നിലൂടെ
ഒഴുകിപ്പോയി

നോക്കിനിൽക്കുമ്പോൾ
വീടിന്നരികിലൂടെ ജനൽ ഒഴുകുന്നു
ഞങ്ങളുടെ പനി അതിൻ്റെ പുഴയാകുന്നു

പൊന്മാൻ്റെ നീലക്ക്
മൈനയുടെ മഞ്ഞക്ക്
ആകാശത്തിൻ്റെ ശൂന്യതയ്ക്ക്
അവളുടെ നാഭിയ്ക്ക് വരും പനി

പൊള്ളലിൻ്റെ നാരുകൾ
പൊള്ളൽ കടം കൊടുക്കും ഉടൽ
ഉടൽ പനിക്കൂടുള്ള കുരുവി

ഒരു പനിയുടെ അയൽക്കാരാവും നമ്മൾ
അവൾ പനിക്ക് ചൂട് പകരുന്നു
പനിയരികിൽ 
അവളുടെ ജനൽച്ചൂട്
അവൾ പനിമൊട്ടുകൾ ഇട്ടുവെക്കും 
ഇടം
ഒരു തുടം പനി ഇളം ചൂടോടെ അവൾക്ക്

വിരലാകൃതിയിൽ പനിച്ചൂട് മുറിച്ച് 
അവൾ നെറ്റിയിൽ വെക്കുന്നു
വിരലുകൾ നെറ്റിയിലൂടൊഴുകുന്നു

ഒരു കുടം പനിയുമായി
അവളുടെ ഉടൽ.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌