Skip to main content

ഒരു ഉറി നിറയേ പകൽ

പക്ഷി വരുത്തും പത്രം പോലെ 
അതിരാവിലെ
പക്ഷിമുറ്റത്ത് വന്ന്
വീണുകിടക്കുമാകാശം

അതിലെ
മേഘങ്ങളുടെ ക്ലാസിഫൈഡ്സ്.
അവൾ കിളികളുടെ ഹവേലി

അവളുടെ പരിസരങ്ങളിൽ
അവയുടെ ഡാൽമേഷ്യൻ പാടുകളുമായി
നടക്കുവാനിറങ്ങും,
എന്റെ ഹമ്മിങ്ങുകൾ 

അതിനിടയിൽ ഒരു പാട്
മറ്റൊരു പാടിലേയ്ക്ക്
ചൂട് ചായ പോലെ 
ഒഴിച്ച് വെയ്ക്കുന്നുണ്ട് അവൾ

അവൾ, 
പിൻകഴുത്തിന്റെ തൂവലുള്ള
പക്ഷിക്കുഞ്ഞ് 
ചുണ്ടിൽ വന്നിരുന്ന്
ഉമിനീരിന്റെ 
ചുള്ളിക്കമ്പുകൾക്ക് തീയിട്ട്
ഉടലിൽ കൂട്ടും ഇളംചൂടിന്റെ കൂട് 

മേയുന്നതിന്റെ അയ കെട്ടി
ഉടലിൽ 
താഴ്വാരത്തിന്റെ സെറ്റിട്ട്
വിരലുകൾക്കരികിൽ
ചെമ്മരിയാടിൻ കുഞ്ഞുങ്ങളെ
അലക്കിവിരിക്കുകയാവും
അവൾ

ഇറുത്ത്,
വിരിയുന്നതിന്റെ അരികിൽ,
പൂക്കൾ വെക്കും
സൂര്യജാരൻ എന്നൊരു വാക്ക്

അത് വിരിയുവാനുളള 
എല്ലാ മൊട്ടുകൾക്കും മേലെ
തട്ടിമറിയ്ക്കുന്നുണ്ട്
തലേരാത്രിയിലെ ഇരുട്ട്

എന്തൊരുവാക്കാണ് സൂര്യജാരൻ!
അദ്ഭുതംകൂറുന്നുണ്ട്
ജാലകത്തിന്നരികിലെ,
തുന്നിയ തിരശ്ശീലയുടെ 
പണിയെടുക്കും ഋതുക്കൾ

ജാരൻ എന്ന വാക്കായാൽ
അത് ചുറ്റിപ്പറ്റി
ഒരിത്തിരി ഇരുട്ടുവേണം 
അതാണ് പതിവ്
അത് പകലായാൽ പോലും,
അതാണ് നാട്ടുനടപ്പ്

മുലഞെട്ടുകൾ അരികിൽ കരുതും
കറുപ്പ് പോലെ,
അത് മൈനകൾ ആവർത്തിച്ച് 
കൊണ്ടുവരുന്നു വർത്തമാനങ്ങളിൽ
ചിലയ്ക്കുന്നതിനിടയിൽ വിളമ്പുന്നു

നിശ്ശബ്ദത പിഴിഞ്ഞെടുക്കും
മൗനത്തിന്റെ ഒന്നാംപാൽ.

ചിലയ്ക്കുന്നില്ല,
അവളുടെ മുലഞെട്ടിലെ മൈന
അത് നാടൻപാട്ടുകൾ,
കൊത്തിത്തിന്നുകമാത്രം ചെയ്യുന്നു
അവളിൽ പൂക്കും തവിട്ടുപാട്ടുകൾ

ഒരേനിറമുള്ള പന്തിക്കിടയിൽ
വിളമ്പുന്നതിനിടയിൽ
മൈനയുടെ കണ്ണുകൾ ആവശ്യപ്പെടും
കൂടുതൽ മഞ്ഞ
അതും അതിന്റെ നാട്ടുമാവിൻ പരിസരങ്ങളിൽ

കാറ്റിനും 
തോറ്റിവരും കണ്ണിമാങ്ങകൾക്കും 
അരികിൽ
അവളുടെ അരക്കെട്ടിൽ,
കുലകുലയായി
മാമ്പൂക്കൾ പിടിക്കുന്നിടത്ത്
അവളുടെ നടത്തം,
പക്ഷികൾ ഇറുത്തിടുന്നു

മൈനകൾ തത്തകൾ
അവയുടെ അതേ നിറമുള്ള ചമയങ്ങൾക്കരികിൽ 
അവയുടെ അതേ നിറമുള്ള ഉറി.
കുരുത്തോല പകൽ

കാപ്പിപ്പൊടി നിറമുള്ള ഉറിക്കരികിൽ
അവളുടെ അതേ നിറമുള്ള
സ്വകാര്യമൈനകൾ

അവളുടെ കാതോരം വന്ന് 
നിറത്തിന്റെ ഷേയ്ഡ് തെറ്റിച്ച്
തവിട്ട്നിറം,
അവളിൽ വിളമ്പും മൈനകൾ

മൈനക്കുള്ള ആകാശങ്ങൾ
മൈനയ്ക്കരികിൽ കുടഞ്ഞ് വിരിക്കും
അവൾ
അതിൽ അവളിടും
തിരിഞ്ഞുനോട്ടത്തിന്റെ ക്ലിപ്പ്

ഇതിനിടയിൽ കവിതയിൽ 
ധ്വനിയ്ക്കുന്നതിന്റെ ഉടക്കറുക്കും അവൾ
എന്തോ മറന്നിട്ടുണ്ട് എന്ന തോന്നൽ
വാരിക്കെട്ടിവെയ്ക്കുന്നതിനിടയിൽ
അവളെന്ന വാക്കിന്റെ 
തീ കുറയ്ക്കും അവൾ
ധൃതിപിടിക്കുന്നതിന് ഉപ്പ് നോക്കും അവൾ
ജാലകത്തിന്നരികിൽ വന്ന്
ധ്യാനിയ്ക്കുന്ന മേഘത്തെ തിരയും അവൾ

അവളുടെ പഴക്കങ്ങളിൽ
ആറിയ വെയിലിന്റെ പൊതിയഴിച്ച്
ഉണ്ണാനിരിയ്ക്കും സൂര്യൻ
തണലുകൾ നീക്കിവെയ്ക്കും അവൾ
അപ്പോഴൊക്കെ
സൂര്യന്റെ അരികിലിരിക്കും അവൾ

ഇലകൾ കൊഴിയ്ക്കുവാൻ വരും മരങ്ങൾക്ക്
അനക്കങ്ങൾ പോലും
പറഞ്ഞുകൊടുക്കും അവൾ
ഇലകളിൽ അനക്കത്തിന്റെ മൈലാഞ്ചി തൊട്ടിടും അവൾ
ഇലകൾ കാണാതെ തത്തയ്ക്ക്
പച്ചനിറത്തിന്റെ ഉറി
മരങ്ങളിൽ കാട്ടിക്കൊടുക്കും അവൾ

അപ്പോൾ അവളുടെ
ഗൃഹാതുരത്തത്തിന്റെ പഴമയിൽ
മുകളിൽ കമഴ്ത്തോടിന് താഴെ
മുറിയിൽ
കെട്ടിത്തൂക്കിയിട്ട വിധം കാണപ്പെടും സൂര്യന്റെ ഉറി

ഉള്ളിൽ വെണ്ണയാവും പകൽ
വാത്സല്യത്തിന്റെ ഇഴ കീറി
വിരൽ മെനഞ്ഞ് 
മാറിന്നരികിൽ അവൾ രാത്രിയോളം
പണിഞ്ഞുവെയ്ക്കും 
ഒരു ഉണ്ണിക്കണ്ണൻ ഇരുട്ട്

അവളപ്പോൾ
മൈനകൾ നിറമെടുക്കുവാൻ വരും തവിട്ട് ഉറി

ഇനിയും പറന്നിട്ടില്ലാത്ത ചിറകുകൾ കൊണ്ട്
അവയുടെ തവിട്ടുനിറം
മറികടന്നിട്ടുണ്ട് അവൾ

ഗൃഹാതുരത്തത്തിന്റെ ഉറിയാകും
അവളുടെ ഉടൽ
അതും തട്ടിമറിഞ്ഞ കാപ്പിപ്പൊടി മണമുള്ളത്

അതിൽ പൊന്മാനുകൾ 
പഴക്കമുള്ള മാനമിട്ടു വെയ്ക്കും
അവളുടെ നീലയുറി
ഒരു അന്തിവിരലും കടക്കുന്നില്ല
അതിന്റെ നീലവാവട്ടം

നക്ഷത്രങ്ങൾ ഒരു രാത്രി അട്ടിമറിയ്ക്കുന്നതിനേക്കുറിച്ച്
ഗൂഢാലോചന നടത്തുന്നിടത്ത്
എത്തിനോട്ടങ്ങൾ തട്ടിമറിച്ചിട്ട്
ഗൂഢാലോചനയുടെ വള്ളികളുളള
നീലയമരിച്ചെടികൾ പൂവിടുവാൻ വരും ഒരു രാജ്യമാവും അവൾ

ഒരു പൂവിൽ കൊള്ളും രാജ്യം
എന്നാവും 
അവസാനം 
ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ
ഉരിത്തിരിഞ്ഞുവരും തീരുമാനം

അരികിലൂടെ പോകും പാട്ടിൻ
ഈണം കലർന്ന ഇലവരി തൊടാൻ
ശ്രമിയ്ക്കും സമയത്ത്
വെണ്ണയാവുകയാണ് സമയം

സമയത്തോട് ചേർന്ന്
അവളുടെ ഉടലിന്നരികിൽ 
ഭൂമി കെട്ടിത്തൂക്കും ഭ്രമണയുറി
ഭ്രമണവെണ്ണയാണ് പ്രണയത്തിന്നരികിൽ
എന്റെ പര്യവേഷണവിരൽ മറികടന്നിട്ടുണ്ട് അത്

ഇനിയും ഒറ്റപ്പെട്ടാൽ 
ഒരു പൂവായി 
വിരിഞ്ഞുപോയേക്കും എന്ന് ഭയപ്പെടുകയാവണം അവൾ
അപ്പോഴെല്ലാം അവൾ 
വസന്തത്തിന്റെ ഭാവഹാവാദികൾ എന്നേ അണിയിക്കുന്നു 

അപ്പോഴും 
ഒറ്റപ്പെടുന്നതിൽ നിന്നും 
അവളേ
തടയുന്നുപോലുമില്ല ഞാൻ

പകലിന്റെ ചിത്രപ്പണികളുള്ള ദിനം
വെയിലിന്റെ ഗ്ലാസ്തുണ്ടുകൾ,
അനക്കങ്ങളുടെ ഞൊറി
മിനുക്കങ്ങളായി തുന്നിപിടിപ്പിച്ച  
എബ്രായിഡറി ചെയ്ത
പാവാടച്ചുറ്റുകൾ

രാജസ്ഥാനികലർന്ന
നാടോടി നൃത്തച്ചുവടുകൾക്കിടയിൽ
ഇറ്റുവീഴും 
പലനിറമുള്ള നെടുവീർപ്പുകൾ
അവയിലെ 
നിറമലിയും നെടുവീർപ്പാഴങ്ങൾ
തൊട്ടാവാടികൾ കാലിൽ തടയും ഇടം
അവയുടെ മടക്കത്തിൽ പോലും 
നിറം കലർന്ന നെടുവീർപ്പുകൾ

ഇറ്റുമെങ്കിൽ വീട്,
കഴുകിയിടുന്നതെന്തും
അതിലെ ഒരു തുള്ളി വീണ് 
പതിവായി മടങ്ങും തൊട്ടാവാടിയില

മടങ്ങുന്നതിനിടയിൽ 
ഇലകൾ എടുത്തുവെയ്ക്കും നെടുവീർപ്പ്
അത് ഇനിയും 
ആരുടേയും കാലിൽ കൊള്ളാത്ത മുള്ളാവുന്നുണ്ട് പിന്നീട്

ശരിക്കും 
ഒരു മുള്ളാണോ കാലം ?
അറിയില്ല

അരികുകൾ താളുകളിൽ
ചതുരത്തിൽ
അടുക്കിവെച്ച പുസ്തകങ്ങളിൽ
വിരലുകൾക്കരികിൽ
എന്റെ ഏകാന്തതയിൽ ചാരിനിൽക്കും
കുരുവിയെ തിരഞ്ഞുപോകും 
അവളുടെ ചാരനിറം

നിശ്ശബ്ദതയുടെ ഉറി
അതിൽ നിന്നും ഒരു മൗനമെടുക്കുവാൻ വരും വാക്കാവുകയാണ് പ്രണയം

തൂവെള്ള നിറമുള്ള ഭ്രമണം
ഭ്രമണത്തിൽ ചാരി നിൽക്കുകയാണെന്റെ പ്രണയം

മാനം കൊത്തുപണി ചെയ്യാൻ വരും
അവളുടെ മൈനക്കരികിലാണ് ഞാൻ

കാലിൽ കൊണ്ട മുള്ളായി മാനം, മൈനയെ എടുത്തുവെയ്ക്കുന്നു
മുള്ളാവുന്നുണ്ട് അവളുടെ 
ഇളം തവിട്ട് നിറമുള്ള മൗനം
മൈനമുളെളന്നവൾ

ഒരു നെടുവീർപ്പിന്നഭിമുഖമായി
നിൽക്കുകയാണ് ഞാൻ
ഒരു പക്ഷേ ചെയ്യുവാൻ അഭിമുഖമൊന്നുമില്ലാതെ

പിൻകഴുത്തിന്റെ പെയ്യൽ
കാതുകളുടെ ചാറ്റൽ
എന്റെ വിരൽത്തുമ്പുകൾ മാത്രം
ഇറ്റിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...