Skip to main content

പനി ചിതൽ എന്ന് ചിത്രങ്ങൾ

എൻജിൻ സ്റ്റാർട്ട്ചെയ്ത്
നിർത്തിയിട്ടിരിക്കുന്ന 
വണ്ടിയുടെ ഇരമ്പം,
ഉടലിൽ

ഒന്ന് നിർത്തി, പനിയ്ക്ക് 
മഞ്ഞനിറം കൊടുക്കുകയായിരുന്നു

ഉടലിന്റെ റോഡ്റോളറായി പണിയെടുക്കുകയായിരുന്നിരിക്കണം
പനി 

കാലിലെ അക്വേറിയത്തിൽ
മീനുകളായി 
നീന്തുവാൻ വരും 
അവളുടെ വിരലുകൾ
അവയ്ക്ക് പനിയില്ല 
ചൂടുമാത്രം

തള്ളവിരലിലെ അക്വേറിയത്തിൽ
വിരലുകൾ വെള്ളാരംങ്കല്ലുകൾ
അരികിൽ കല്ലുകളായി കൂട്ടിവെയ്ക്കും
മറ്റുവിരലുകൾ

അരികിൽ
ജാലകങ്ങളുടെ ശേഖരമുള്ള ദൈവം
എത്തിനോട്ടങ്ങളുടെ വള്ളിച്ചെടി

കൈയ്യെത്തി
മീനിന്റെ കണ്ണുകളിൽ
ദൈവത്തിന്റെ എത്തിനോട്ടം ഇട്ടുവെയ്ക്കുന്നു

ഞാനത് തട്ടിപ്പറിക്കുമോ എന്ന് മീനുകൾ
അപ്പോഴും ഭയപ്പെടുന്നു

പനി തട്ടിപ്പറിച്ചോടും കുട്ടിയാവും ദൈവം

മീനുകളുടെ കണ്ണിലെ ഭയം 
ദൈവം തിരുത്തുന്നു
എത്തിനോട്ടം നിലനിർത്തുന്നു

ദൈവത്തിന്റെ കണ്ണിലെ എത്തിനോട്ടങ്ങളുടെ സ്റ്റെതസ്ക്കോപ്പ്
എന്റെ ഹൃദയം,
മീനുകൾക്ക് താഴെ 
അവയുടെ പരിശോധനകൾക്ക്
വിധേയം

പരിശോധിക്കുന്തോറും
അവയുടെ നീന്തലുകൾ ഇട്ടുവെയ്ക്കും കുപ്പിയായും ഹൃദയം
എന്നിൽ മീനുകളുടെ നീന്തലുകളുടെ
ശേഖരം

കവിത തിന്നുന്ന ചിതലാണ് മനുഷ്യൻ
അത് ചുവരിലെ ചിത്രത്തിലെ
ദൈവത്തിന്റെ ആത്മഗതമാവുന്നു
അക്വേറിയത്തിലെ കുമിളകൾക്ക്
ജലം മാറ്റിയിട്ടു കൊടുക്കുകയാണ്
എന്റെ ശ്വാസം

ജലം തൊടാതെ
എനിയ്ക്ക് ചിതലിന് 
നിറം കൊടുക്കുവാൻ തോന്നുന്നു
നീലച്ചിതൽ

ആത്മഗതത്തിന്റെ ചിതലെടുക്കുന്ന
ദൈവത്തിന്റെ പ്രതിഷ്ഠ
അവളുടെ പിങ്ക് അസ്ഥി

മീനുകൾക്കരികിൽ ചരിഞ്ഞുകിടക്കും
ദൈവം
സ്വർണ്ണനിറമുള്ള ചിതൽ

സ്വർണ്ണനിറത്തിൽ നിന്നുണർത്താതെ
തോളത്തിട്ട് തട്ടി ഉറക്കി
മൂക്കുത്തിയിലെ ചിതലിന് 
മുത്തം കൊടുത്ത് മാറ്റിക്കിടത്തുന്നു

ഉടലിന്നരികിൽ
ജിമിക്കിക്ക് ചിതലെടുക്കുവാൻ
പരിശീലനം കൊടുത്തുതുടങ്ങുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്