Skip to main content

നാടകവണ്ടി എന്ന നിലയിൽ കവിത

നാരങ്ങ 
ഉരുണ്ട ഒരു മത്സ്യമാവുകയും
മഞ്ഞ അതിന്റെ  കടലാവുകയും ചെയ്തു.
ഞാൻ സമീപനത്തിന്റെ അല്ലി
മഞ്ഞ കഴിഞ്ഞാൽ ഇറങ്ങേണ്ട നിറം

ഉപ്പ് ജലം എവിടെ കണ്ടാലും
ഇടപെടുന്ന കടലിന്റെ പ്രതിനിധി.

മാഞ്ചോട് ഒരു കാപ്പാടാവുകയും
മാമ്പഴ വാസ്കോഡിഗാമകൾ
വന്നിറങ്ങുകയും ചെയ്യുന്ന വിധം കാറ്റ് 
പറങ്കി കപ്പൽ കടലിൽ വെച്ചേ
പാടേ മറികടക്കുന്നു

കാൽ കുത്തുന്ന വിധം
മാങ്ങയുടെ ആകൃതിയിൽ കടൽ 
പകൽ അതിന്റെ മധുരം
തിരക്കില്ലാത്ത വിധം
തിരകൾ
അല്ലിയിലും കാണപ്പെട്ടു

നാരങ്ങാ മറുക് ചുട്ട ഇറച്ചി
നാലിമ വൈകുന്നേരങ്ങൾ
ഉടലിന്റെ അങ്ങാടി
എന്നിവയെല്ലാം കടന്നിരിയ്ക്കുന്നു

കടന്നുവരുന്തോറും
മരിച്ചുകിടക്കുവാൻ 
ഇഷ്ടപ്പെടുന്നവരായി കാണപ്പെട്ടു
മനുഷ്യർ
ജീവിച്ചിരിക്കുമ്പോൾ 
അവർ നിരന്തരം 
അപമാനിതരാവുന്നത് കണ്ടു

കാൽവിരലുകളുടെ
ആകൃതിയിൽ കാലുകൾക്കരികിൽ തുടർച്ചയായി എവിടെയും 
ഒഴുകിവന്നു ശവങ്ങൾ
കാലുകൾ കൊണ്ട് തട്ടിഒഴുക്കിമാറ്റി വിടുക മാത്രം ചെയ്തു
ഇടയ്ക്കിടെ കൂടെ ഒഴുകി

ഇതിനിടയിലെപ്പോഴോ
കുത്തി തുറന്ന്
ആരോ എടുത്തിരിയ്ക്കുന്നു
ഒഴുക്കിന്റെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള
മാമ്പഴമധുരം

മാമ്പഴമായിരുന്നു അന്തരീക്ഷത്തിലെ
ലോക്കർ
കുത്തിത്തുറന്നെടുത്തത്
മധുരമാവണം

അങ്ങോട്ടേയ്ക്ക് പുറപ്പെട്ടിട്ടുള്ള
മൂന്ന് അണ്ണാറക്കണ്ണൻമാരിൽ ഒരാളാകുന്നു
പണ്ടെന്നോ പുറത്തിറങ്ങിയ 
ഹിറ്റ് ചിത്രത്തിലെ
ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് പുറത്തേയ്ക്കിടുന്നു

അവിടേയും
ഒരന്വേഷണ ഉദ്യോഗസ്ഥനാവുന്നു
നിശ്ശബ്ദത

കടന്നുപോയി
ഒരു നാടകവണ്ടിയായി
മാമ്പഴം

മാവ് അതിന് മുകളിൽ കെട്ടിവെച്ച
നാടകസാമഗ്രികളായി കാണപ്പെട്ടു

നാരങ്ങകൾ എല്ലാം കാണികൾ

റാംജിറാവു സ്പീക്കിങ്
ജീവിത്തിൽ
ഒരു സിനിമല്ല
പോസ്റ്ററല്ല
ഇന്നേവരെ ഒരു പരസ്യവും
പതിയ്ക്കാത്ത മതിലുമല്ല
ജീവിതം അല്ലേയല്ല

ചുറ്റും എന്തൊക്കെ നടന്നാലെന്താ
തൊട്ടടുത്ത് നിന്ന്
കവിതയുടെ മോചനദ്രവ്യം
നിരന്തരം ആവശ്യപ്പെടുന്ന
ഒരു കൊള്ളക്കാരനാവുന്നു
ഭാഷ.

Comments

  1. ചുറ്റും എന്തൊക്കെ നടന്നാലെന്താ
    തൊട്ടടുത്ത് നിന്ന്
    കവിതയുടെ മോചനദ്രവ്യം
    നിരന്തരം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനാവുന്നു
    ഭാഷ..
    ആശംസകൾ

    ReplyDelete
  2. എന്തുട്ടായാലും കവിതയുടെ 
    മോചനദ്രവ്യം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനായി തീരുന്നല്ലോ ഭാഷ.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!