അപകർഷതാ ബോധത്തിലേയ്ക്കുള്ള
അവസാന തീവണ്ടിയും
പുറപ്പെട്ടു കഴിഞ്ഞാൽ
വിജനമാകുന്ന ഒരിടമാകുന്നു
ഉടൽ
വഴുക്കുന്ന സമയത്ത്
ഉടൽ
തീവണ്ടിയിലേയ്ക്കും
റെയിൽവേ സ്റ്റേഷനിലേയ്ക്കും
ഒരേസമയം വഴുതിയിറങ്ങുന്ന
മഴ
മഞ്ഞുകാലത്ത്
റെയിൽവേസ്റ്റേഷനുകൾ
ചില കാത്തുനിൽപ്പുകളുടെ
കൂട്ടിവെച്ച ഐസുകട്ടകൾ
അതിൽ
വന്നുനിൽക്കും തീവണ്ടികൾ
നിരത്തിവെയ്ക്കും
മീനുകൾ
ഓരോ മീനുകൾക്കും യാത്രക്കാരുടെ
വരണ്ട മുഖം
നനഞ്ഞ കണ്ണുകൾ
ഓരോ തീവണ്ടിയും
പുറപ്പെട്ടു പോയിക്കഴിഞ്ഞാൽ
സ്റ്റേഷനെന്ന ഭാരം
നെടുനീളത്തിൽ കോൺക്രീറ്റ് കട്ടകളിൽ
പാളങ്ങൾക്ക് സമാന്തരമായി
ഇറക്കിവെച്ച്
യാന്ത്രികമായി കാണിക്കാവുന്ന
നിറത്തിന്റെ സിഗ്നലിലേയ്ക്ക്
വിരസത അഴിച്ചുവെച്ച്
റെയിൽവേ സ്റ്റേഷൻ
പതിയേ ഒരുടലാവുന്നു
പോർട്ടർമാർ നിറമില്ലാത്ത
തൂവലുകളിൽ പക്ഷികളും
സ്റ്റേഷൻ
ഓരോ മരണത്തിലും പങ്കെടുക്കുവാൻ
പുറപ്പെട്ട ഒരാളായി
വിജനതയിൽ
തീവണ്ടികാത്തുനിൽക്കുന്നു
ചിലപ്പോൾ
ഒറ്റപ്പെട്ട ഒരാളായി
മറ്റു ചിലപ്പോൾ കാത്തുനിൽപ്പുകളിൽ
പണിഞ്ഞുവെച്ച
ഒരു കൂട്ടം
ആൾക്കാരുടെ നിശ്ചലതയായി
പിന്നെ എപ്പോഴോ
ആരും തിരിച്ചറിയാത്ത വിധം
ഓരോരുത്തരായി
ഒറ്റയ്ക്കും കൂട്ടംകൂടിയും
പലപ്പോഴായി
എങ്ങോട്ടെന്നില്ലാതെ
പുറപ്പെട്ടുപോകുന്നു.
എല്ലാ റെയിൽവേസ്റ്റേഷനും
ഏതെങ്കിലും ഒരു മരണത്തിൽ
നിരന്തരം പങ്കെടുക്കുന്ന
ഒരാൾക്കൂട്ടം
ട്രൈയിൻ പുറപ്പെട്ടു പോയ
പാളത്തിന്റെ ആഴത്തിലേയ്ക്ക്
ഇനിയും മണ്ണിട്ട് മൂടാത്ത ശവക്കുഴിയിലേയ്ക്ക് എന്ന വണ്ണം
അവ നിശ്ശബ്ദമായി
നോക്കിനിൽക്കുന്നു.
എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
മറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
പൂർത്തിയാകാത്ത യാത്രകളുടെ
മോർച്ചറിയാവുന്നു
റെയിൽവേസ്റ്റേഷൻ
ചിലരെങ്കിലും മരണശേഷം
ഉടൽ
നവീകരിയ്ക്കപ്പെടുന്നതിന് മുമ്പുള്ള
പഴയ റെയിൽവേസ്റ്റേഷനുകളാക്കാൻ
ഓരോ തീവണ്ടിയ്ക്കും
ചലിയ്ക്കുന്ന പഴകിയ ശബ്ദത്തിൽ
കൈയ്യൊപ്പിട്ടു കൊടുത്ത
ഒറ്റപ്പെട്ട യാത്രക്കാർ.
ഉടൽ
പൊടുന്നതെ ആകസ്മികതകളുടെ
നാലായിരം തീവണ്ടികൾ
പുറപ്പെട്ടു പോകുന്ന ഇടം.
എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
ReplyDeleteമറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
പൂർത്തിയാകാത്ത യാത്രകളുടെ
മോർച്ചറിയാവുന്നു
റെയിൽവേസ്റ്റേഷൻചിന്തനീയം ....
ചിന്തനീയം!
ആശംസകൾ..
ജീവനുള്ള ഉടലുകളുടെ പൂർത്തിയാകാത്ത
ReplyDeleteയാത്രകളുടെ മോർച്ചറിയാവുന്നു റെയിൽവേസ്റ്റേഷനുകൾ