ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ
ഒരു കുട്ടിയുണ്ടായിരുന്നു
ആ കുട്ടിയ്ക്ക് പുഴയിട്ട
ഒരു നീണ്ടപേരുണ്ടായിരുന്നു
ഞാനാ കുട്ടിയല്ല
ഞാനാ പേരല്ല
ഞാനാചതുരമല്ല
എനിയ്ക്കാ ഒഴുക്കില്ല
ഞാനാ പുഴമാത്രമാകുന്നു
ഒഴുകിപ്പോകും മുമ്പ് ചതുരം
എത്രയെത്ര വീടുകളിലെ
എത്രയെത്രപേർ നോക്കിനിന്ന ജനൽ
എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ
കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ
എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ
എത്രയെത്രവീടാകൃതികൾ
എത്രയെത്ര നോട്ടത്തിൻ ചുറ്റളവ്
അതേസമയം
കുട്ടിയ്ക്കിട്ട പേര്
ആകൃതി നഷ്ടപ്പെട്ട്
ഒഴുക്കിൽ തട്ടി
പുഴയിൽ തട്ടി
പാറക്കെട്ടുകളിൽ തട്ടി
ഇരുട്ടിൽ തട്ടി
പകലിൽ തട്ടി
സൂര്യനിൽ തട്ടി
ആകാശത്തിൽ തട്ടി
ആയുസ്സിൽ തട്ടി
ആത്മാവിൽ തട്ടി
ആവിഷ്കാരങ്ങളിൽ തട്ടി
വിരലുകളിൽ തട്ടി
നിറങ്ങളിൽ തട്ടി
പിയാനോ കട്ടകളിൽ തട്ടി
പാട്ടിൽ തട്ടി
കറുപ്പിൽ തട്ടി
വെളുപ്പിൽ തട്ടി
മനസ്സിൽ തട്ടി
മഴയിൽ തട്ടി
മേഘകൂട്ടങ്ങളിൽ തട്ടി
തോർന്ന മഴകളിൽ തട്ടി
നിന്നിൽ തട്ടി
നിൻ്റെ വരികളിൽ തട്ടി
നിൻ്റെ ഘടികാരത്തിൽ തട്ടി
നിൻ്റെ ഭ്രാന്തിൽ തട്ടി
നിൻ്റെ പ്രണയത്തിൽ തട്ടി
വെയിലിലും നിലാവിലും തട്ടി
ഇലയിൽ തട്ടി
മരത്തിൽ തട്ടി
വേരിൽ തട്ടി
ഇനിയെങ്ങും തട്ടാനില്ലാത്ത വിധം
മിന്നാംമിനുങ്ങുകളിലും തട്ടി
ചിന്നിച്ചിതറുന്നു
മീനിൻ്റെ കണ്ണുകൊണ്ട്
എൻ്റെ കണ്ണിൽ
നിൻ്റെ മനസ്സിൽ
നോക്കിയാൽ കാണാം
പുഴയുടെ അരികുകൾ പോലെ
കര നനയുന്ന പാട്
ഇന്ന് ഒഴുകിവന്ന പുഴയുടെ
കണക്കു കുറിച്ചിട്ട
കപ്പലുണ്ടാക്കി കഴിഞ്ഞ്
എന്നും ബാക്കി വരുന്ന
കടലിൻ്റെ ചതുരത്തിലുള്ള വെള്ളക്കടലാസ്
കളിമണ്ണിൽ തീർത്ത മൊട്ട്
ചെടിച്ചെട്ടിയിൽ വിരിയുന്നത് പോലെ
അതേ കടലാസിൽ വിരിയുന്ന
ഉപമയുടെ പൂവ് ഒരു കവിത
രൂപകം ഒരു ചെടി
ചെടിച്ചട്ടി പിന്നെയും ബാക്കിവരുന്ന ചതുരം
അതേ സമയം
പുഴയിലെ ചതുരത്തിൽ
എങ്ങും തട്ടാനില്ലാത്തവിധം
മീനുകളുടെ അക്വേറിയം
ചതുരത്തിനുള്ളിലുള്ള
ചമയങ്ങളുള്ള മീനുകളെ
ചതുരത്തിന് പുറത്തെ
അലങ്കാരങ്ങളേതുമില്ലാത്ത മീനുകൾ
ചില്ലുചെതുമ്പലുകൾ
അവയുടെ പുഴയിലെ
ഒഴുകുന്ന ചുവരിലെ
മുറിയുടെ മൂലയിൽ
അലസമായി വല്ലപ്പോഴും ഒരിക്കൽ
പതിവായി കാണുന്നവർ
നോക്കുന്ന ലാഘവത്തോടെ
കണ്ടുനിൽക്കുന്നു
പുഴയുടെ അടിയിലെ സൂര്യൻ
അസ്തമിക്കുവാൻ തിരഞ്ഞുവരും
പുഴയുടെ അടിയിലെ പടിഞ്ഞാറ്
പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
ഒഴുക്ക് തിരിഞ്ഞുനോക്കും
ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
നേരം
പുഴയ്ക്കടിയിലെ ചില്ലകളിൽ
മീനുകൾ ചേക്കേറുവാൻ
തയ്യാറെടുക്കും വിധം
അപ്പോൾ പുഴയ്ക്കടിയിലെ
ആകാശം അനുഭവിക്കുന്ന
പറഞ്ഞറിയിക്കുവാനാകാത്ത
വികാരത്തിന്നരികിലിരിക്കുന്നു.
മീനിൻ്റെ കണ്ണുകൊണ്ട് നോക്കിയാൽ
ReplyDeleteകാണാവുന്ന കര നനയുന്ന പാടുകൾ
പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
ReplyDeleteഒഴുക്ക് തിരിഞ്ഞുനോക്കും
ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
നേരം
ആശംസകൾ