വൈകുന്നേരത്തോടെ
അവളുടെ വളർത്തുമൈനയും
പുറത്തിറങ്ങുന്നു
അതും സ്റ്റേഷൻജാമ്യത്തിൽ
ഇതാണ് തലേക്കെട്ട്
ഇനി തുടക്കം
തണൽ പോലെ ഉറക്കം
വീണുകിടക്കും വഴികളിൽ
അപ്പോഴങ്ങോട്ട് കേട്ട,
പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും
ഇറങ്ങിവന്ന നായകനേപ്പോലെ
ആകാശവാണിക്കാലത്തെ
വയലുംവീടും കൊണ്ടലങ്കരിച്ച
പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക്
അരണ്ടവെളിച്ചത്തിൽ
ഞാൻ കയറിച്ചെല്ലും
അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും
ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി?
അതവിടെ നിൽക്കട്ടെ
കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ
വേറെയുണ്ട്
ചുടുകട്ടകൾ അതേ നിറത്തിൽ
ഇട്ടുകെട്ടിയ കെട്ടിടത്തിൽ
അടിസ്ഥാനത്തിന് മുകളിൽ
വെള്ളവരകൾ കൊണ്ട്
അതിന് വേർതിരിവുകൾ വരച്ച് വെച്ചത്
മങ്ങിയിട്ടുണ്ടാവാം അൽപ്പം
മുറ്റത്തെ കിണർ
അതിനരികിലെ വാഴ
തുരുമ്പെടുത്ത വാഹനങ്ങൾ
പോലീസ് ജീപ്പ്
ജനൽ എന്നിവ കടന്ന്
തുലാവർഷം കഴിഞ്ഞയുടൻ
കാക്കിയണിഞ്ഞ
പോലീസുകാരിയായി ചാർജെടുത്ത
പുഴ
അവിടെയുണ്ടാവും
അവളായി
ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം
അവൾ വളർത്തുന്ന മൈന
അവൾ സ്റ്റേഷനിൽ എത്തുന്ന
തോണി എന്ന് മൈനക്കാതിൽ ഞാൻ
മാലിനിനദിയിൽ കണ്ണാടി നോക്കും
മാനിനേ ക്കുറിച്ചുള്ള എൻ്റെ പരാതി
പുള്ളികൾ മാറ്റിവെച്ച ശേഷം
ഗൗരവം ചേർത്ത് അവൾ
ഫയലിൽ സ്വീകരിക്കും
പിന്നീടങ്ങോട്ട് സ്റ്റേഷനിൽ അനുഭവപ്പെടും നിശ്ശബദ്തകൾ എല്ലാം
പുള്ളിമാനായി മാറുന്നതും
അവളിൽ ചെന്ന് മുഖം നോക്കുന്നതും
ഞാൻ
നോക്കിനിൽക്കും
അറിയില്ല
അന്ന് വൈകുന്നേരം
എപ്പോഴാകുമെന്ന്
എപ്പോഴായാലും
അതിലൊരു മാനായി
ഈ കവിത മാത്രം
പുറത്തിറങ്ങും!
Comments
Post a Comment