Skip to main content

കിളി എന്ന നിയമനത്തിൻ്റെ ഉത്തരവ്

പറക്കുന്ന നിശ്ചലതയുടെ 
ആത്മീയതയുടെ
ലമ്പോറട്ടറിയാകുന്നു കിളികൾ

അവ ഓരോ നിമിഷവും 
പറന്നുകൊണ്ടിരിയ്ക്കുന്ന 
ആകാശം മുറിച്ചെടുത്ത് 
മരക്കൊമ്പിൽ ചെന്നിരുന്ന് 
വിശദമായി പരിശോധനയ്ക്ക്
വിധേയമാക്കുന്നു

ഏതെങ്കിലും ആകാശം 
പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞാൽ
കാറ്റിനെ നിശ്ചലമാക്കി
നിറത്തിലെ നീല പിൻവലിച്ച്
മറ്റു കിളികളെ ചുറ്റും നിർത്തി
നിർബന്ധിച്ച് ആകാശത്തിനെ 
നിലത്തിറക്കുന്നു.

അറിയാതെ പോലും മറ്റൊരു കിളിയും 
ഇലയും പൂവും കാടും
ഉപയോഗിക്കാത്ത വിധം
തടാകത്തിലോ കടലിലോ
അല്ലെങ്കിൽ നിൻ്റെ കണ്ണിലോ 
എൻ്റെ ഉടലിൻ്റെ നിശ്ചലതയിലോ
ആരുടെയെങ്കിലും എഴുത്തിലോ
അനന്തമായി ആഴത്തിൽ കുഴിച്ചിടുന്നു.

ആഴത്തിൽ കിടന്നുകിടന്നു
അടുത്ത ജന്മം നിന്നെ 
കിളിയായി നിയമിയ്ക്കുന്ന കത്തിൽ
ആകാശം ഈ ജന്മം ഇടാൻ മറന്ന
ഒപ്പാവണം  ഞാൻ.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഴ തിരയും വാക്ക്

അപകർഷതാബോധമുളളവൻ എഴുതും കവിതകളൊന്നും ഒരു കാലത്തും ലളിതമായിരിക്കില്ല നിരൂപകൻ നിരീക്ഷിക്കുന്നു പെയ്യുന്ന മഴ കണ്ണാടിയിൽ കണ്ട് പ്രതിബിംബങ്ങളോടിടഞ്ഞ് അതിൻ്റെ അടരുകളോട് അഭിമുഖം നടത്തുകയായിരുന്നു ഞാൻ തോരുവാൻ പുറത്ത് വട്ടം കൂട്ടും മഴ അഭിമുഖത്തോളം മഴ തുടരുന്നു പ്രതിബിംബങ്ങൾ അതിൽ,  തല തുവർത്തുന്നു  മഴ അഭിമുഖം തുടയ്ക്കുന്നു നനയാതെ ഒരു വാക്കിൽ കയറി  കവിത നിൽക്കുന്നു പുറത്ത് തവണകളായി തോരും മഴ  സാഹിത്യത്തിലെ മഴ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഞാൻ ചോദ്യം നീട്ടുന്നു മഴ ചോദ്യം കേട്ടില്ലെന്ന് നടിക്കുന്നു പൊതുവേ കൊടുങ്കാറ്റുകൾ ശാന്തതയിൽ നിന്നും രൂപം കൊള്ളുന്നു കവിത നിരീക്ഷിക്കുന്നു കൊടുങ്കാറ്റുകൾ കൊണ്ട് മനുഷ്യർക്കുള്ള ഉപയോഗങ്ങൾ? നിരൂപകൻ തുടരുന്നു പതിയേ അധ്യാപകൻ തോൽപ്പിച്ച കുട്ടിയാവും കവിത കൊടുങ്കാറ്റുകളും ശാന്തതയും കൊണ്ട് നിർമ്മിച്ച സീബ്രാ ക്രോസിങ്ങിൽ കവിതയിലെ ഒരു വാക്ക് നിൽക്കുന്നു തോർന്ന മഴ പിന്നെയും പ്രാചീനമായ എന്തിനോ തിരക്ക് കൂട്ടുന്നു ഇരയ്ക്കും വേട്ടയാടലിനും ഇടയിൽ മൃഗത്തിൻ്റെ വായിൽ നിന്നും, നിലത്ത് വീണ ഒരു വാക്കിൽ മുരൾച്ച കലരുന്നു തോരുവാനോളം ഉള്ള തിരക്ക്, പെയ്യുവാനില്ല ഒരു മഴയ്ക്കും ...

കാതുകൾ വിഷാദികൾ

വിഷാദത്തിന് പഠിക്കുന്നു വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും പാട്ടുകൾ കാതുകൾ വിഷാദികൾ കാതുകൾ നാടകവണ്ടികളിൽ സഞ്ചരിക്കുന്നു ഓരോ കാതിനും ഓരോ ജാലകങ്ങൾ പാട്ടുകൾക്ക് നാടകവണ്ടിയുടെ  ചമയങ്ങൾ ഇട്ടുകൊടുക്കുന്നു വൈകുന്നേരത്തിന് അസ്തമയത്തിൻ്റെ ചമയങ്ങൾ ഒരു പക്ഷേ അനാവശ്യമായത് വിഷാദകാലങ്ങളുടെ ജപമാലയാവും മഞ്ഞ് വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു ഒരു കാതിൻ്റെ പാതിയിൽ ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു കാതുകളെ മാറ്റിയിരുത്തുന്നു നീലക്കാത് അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു നീലപ്പൊന്മാനുകളെ ഉണർത്തി കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു പൊന്മാനിൻ്റെ ഓർമ്മയിൽ ഉണർന്നിരിക്കുന്നു ദുഃഖം പൊന്നാണെന്ന് അതിൽ കമ്മലുകൾ  എത്രവേണമെങ്കിലും ഡിസൈൻ ചെയ്യാമെന്ന് അപ്പോഴും വിഷാദം കാതുകളുടെയും ഭൂതകാലത്തിൻ്റേയും തട്ടാൻ എന്നാലും  എത്ര കൂട്ടി വെച്ചാലും  ഒരു മൂക്കുത്തിക്കുള്ള പൊന്ന് ദുഃഖത്തിൽ തികയില്ലെന്ന് വിഷാദകാലങ്ങളുടെ തട്ടാൻ ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം  വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ അപ്പോഴും വരികൾ ഊതി കത്തിക്കുന്നു കാതുകൾ ഈണ...

അതിഥി എന്ന വിധം ദൈവം

ഒരു അതിഥിക്ക് ഒരു മുറി കൊടുക്കുന്നത് പോലെ ദൈവത്തിന് ഒരു ഉറപ്പ് കൊടുക്കുന്നു (അപ്രതീക്ഷിതമായി വന്നത് എന്നത് അതിഥിയിൽ നിന്നും  കവിത ഇവിടെ മറച്ച് വെക്കുന്നുണ്ട്) എന്നിട്ടും ദൈവം അപ്രതീക്ഷിതം എന്ന വാക്ക് മാറ്റി വെച്ച് മുറി ഉപയോഗിക്കുന്നു ഉറപ്പ് എങ്ങിനെ ഒരു മുറിയായെന്ന് കവിതക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല കവിതക്ക് പുറത്ത് നിൽക്കും വീടിനും പൂജാമുറി എന്ന ഉറപ്പിൽ ഒരതിഥി എങ്ങനെ ദൈവമായി എന്ന് ഞാനും ചോദിക്കുന്നില്ല ചോദ്യങ്ങൾ അതിഥികളല്ല  ഉത്തരങ്ങൾ ആതിഥേയരും എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുകൾക്കും പുറത്ത് നിൽക്കും ദൈവം എന്നിട്ടും ദൈവം  ചോദ്യം ചെയ്യുവാൻ പാടില്ലാത്ത അടച്ചുറപ്പുള്ള മുറിയിൽ തുടരുന്നു (എല്ലാ ഉറപ്പുകളും മറച്ച് വെക്കേണ്ടതാണെന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്) എനിക്കൊപ്പം മുറിയും ഇപ്പോൾ വീടിനുള്ളിൽ പരുങ്ങുന്നു ജനലിലൂടെ നോക്കുമ്പോൾ പിൻവശം മാത്രം കാണാവുന്ന മീൻകാരിയുടെ കൊട്ടയിലെ മീനുകളായിരിയ്ക്കുന്നു ഉറപ്പ് എന്നിട്ടും ജെൻ്റർന്യൂട്രാലിറ്റി എവിടെ എന്ന് ദൈവം ചോദിക്കുന്നില്ല ഉടുക്കാവുന്ന ഒരു സാംസ്കാരിക ദ്രാവകമാവും കൈലി ദൈവം അതിൽ ചിത്രകാരൻ്റെ ബ്രഷിനാൽ കളങ്ങളുടെ സ്ട്രോക്കിടുന്നു മീൻകാരിയ...