Skip to main content

ഒഴുക്കിന്റെ തേനീച്ചയോട് അകലത്തിന്റെ തേൻ ആവശ്യപ്പെടുന്നത്

അകലങ്ങളിൽ നിന്നും
തേനീച്ച കൊണ്ടുവന്നു
തേൻ വരളുന്ന ഒച്ച

അതേ ഒച്ചയിൽ തട്ടി
താഴേയ്ക്കും വീഴുന്ന
വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നൂ,
അകലങ്ങളിൽ.

തേനീച്ചയിൽ തട്ടി
താഴേയ്ക്ക്
ആഴങ്ങളിലേയ്ക്ക് വീണൂ ഞാൻ.

ചുറ്റും പരന്നൂ
നിശ്ശബ്ദതയുടെ പരാഗരേണുക്കൾ.

തേനാവുന്നതിൽ നിന്നും
എന്നേത്തടഞ്ഞൂ
പിന്നെയും പിന്നെയും
നിശ്ചലത.

ഒന്നുമുണ്ടായില്ലാ,
ഒരിയ്ക്കലും
നോവുകളിൽ നിന്നും
വീഴ്ച്ചകളിൽ നിന്നും
ആരേയും തടയുവാൻ.

വല്യവീഴ്ച്ചകൾ മറയ്ക്കുവാൻ
അനേമനേകം
ചെറിയ വീഴ്ച്ചകളുണ്ടായി

അവ പലപ്പോഴായി ഒഴുകിപ്പോയി
ഒഴുകിപ്പോകും മുമ്പ്
പലരും പകുത്തൂ അറകളിൽ

അഥവാ
എല്ലാം നഷ്ടപ്പെട്ടവർക്ക് മാത്രം
എല്ലാക്കാലവും നൊന്തൂ
അവർ മാത്രം
ഒന്നുമില്ലാത്തവരായി തുടർന്നൂ
എല്ലാക്കാലവും

അവർ മാത്രം നട്ടൂ
നോവുന്നവരുടെ അടരുകളിൽ
വിരലുകൾ
കൈകൾ വിളവെടുക്കാറായപ്പോൾ
ആരോ മാറ്റിനട്ടൂ
അവരുടെ ഉടലുകൾ

തേനും തേനീച്ചയും മാത്രം പങ്കെടുക്കുന്ന
ശവങ്ങളുടെ ശവം നിറങ്ങളിൽ തരിശ്ശിട്ട
പൂക്കളുടെ ഘോഷയാത്രയിൽ
പങ്കെടുത്ത് മടങ്ങുന്നൂ
വസന്തം.

മനുഷ്യരുടെ
തീരുമാനങ്ങളുടെ സംഭരണിയായി
തുടർന്നൂ ഞാൻ

കാണാം ദൂരെ
ഒറ്റപ്പെടലുകളിൽ
പങ്കെടുക്കുന്നവരുടെ മൊട്ട്.
അവരുടെ
ചാരിയിരിപ്പിന്റെ
നെടുവീർപ്പൂമണമുള്ള
വെള്ളച്ചാട്ടങ്ങൾ

അധികമില്ലാ മടങ്ങുന്നവർ

നാവെടുത്തതാണ്,
അരുതെന്ന് പറയുവാൻ

കഴിഞ്ഞില്ലാ എന്ന വാക്കും
പറഞ്ഞില്ലാ എന്ന വാക്കും
തമ്മിൽക്കുരുങ്ങി

ആരും തിരിച്ചു തന്നില്ല
നാവ്

പലരും
ചുണ്ടുകൾക്ക് പുറത്തിറങ്ങി
താഴേയ്ക്ക് തൂങ്ങിയ നിലയിൽ
തളളിക്കൊണ്ട് പോയീ
നാവ്

ചുണ്ടുകളുടെ വെള്ളാരങ്കല്ലുകളുണ്ടായി
അതിലൂടെ ഒഴുകിനടന്നു
ഉമിനീരരുവികൾ

പുഴ വിരിയുന്നത് പോലെ ഒഴുകീ പൂവായി
കടവുകളിൽ കെട്ടിക്കിടന്നു
ഒഴുക്കിന്റെ ഇതളുകൾ

പടവുകൾ കൊണ്ട് മാലകെട്ടുന്നവൾ
അവൾ കാലുകൾകൊണ്ടു മാലകൊരുത്തൂ,
നടക്കുമ്പോൾ

ഒഴുകുവാൻ അവൾ
കൂട്ടാക്കാത്തവളായി തുടർന്നു.

ഒഴുകിപ്പോകുവാൻ
കൂട്ടാക്കാത്തവരുടെ ദൈവങ്ങൾ
വിഗ്രഹങ്ങളിൽ പിടിച്ചുകിടന്നു.
വിഗ്രഹങ്ങളുടെ വള്ളിച്ചെടികളുണ്ടായി

കാവുകൾ കുളങ്ങൾ 
അത് പടർന്നുകയറുവാൻ
ഉടലിനെ തരിശ്ശിട്ട് ഞാനുമീയാഴങ്ങളിലേയ്ക്കിറങ്ങുന്നു

നനവിന്റെ പൂക്കൾ
വിരലുകൾ കൊണ്ട് വകഞ്ഞുമാറ്റാവുന്ന
തണുപ്പിനെ
കോരിയെടുക്കുന്നൂ,
കൈകളിൽ

ഒഴുക്കിന്റെ ചെമ്പരത്തി
ഒഴുക്കിൽപ്പെട്ട ചുവപ്പിനോട്
കെട്ടിക്കിടപ്പിന്റെ ചെമ്പകം കാണാതെ
ഒഴുക്കിൽപ്പെടുന്നതിന് മുമ്പ്,
നിശ്ചലതയുടെ
കേസരത്തിന്റെ ഭാഷയിൽ
ആവശ്യപ്പെടുന്നൂ,
പ്രളയമില്ലാത്തിടത്തെ ഒരിത്തിരി ജലം!

Comments

  1. നാവെടുത്തതാണ്,
    അരുതെന്ന് പറയുവാൻ

    കഴിഞ്ഞില്ലാ എന്ന വാക്കും
    പറഞ്ഞില്ലാ എന്ന വാക്കും
    തമ്മിൽക്കുരുങ്ങി

    ആരും തിരിച്ചു തന്നില്ല നാവ് ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...