Skip to main content

Posts

Showing posts from February, 2019

പെയ്തുകഴിഞ്ഞ മഴയുടെ

നീ പെയ്തുകഴിഞ്ഞ മഴയുടെ ചിത്രം തൂക്കിയിട്ടിരിയ്ക്കുന്ന വീട് തോരുന്നവർ തോരുന്നവർ ഇടവഴിയെ വന്നുപോകുന്നവർ ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ റീത്ത് അകം ഒഴിച്ചിട്ട പക്ഷി ആകാശം പുറമാക്കി പറക്കും വിധം പുറത്ത് ഒറ്റയാകുന്ന ഇരുട്ട് ഇടയ്ക്ക് കൂട്ടത്തിൽ വന്നുനിൽക്കുന്ന മരം തിളച്ചുതൂവുന്നതെല്ലാം തൂവലുകൾ വെന്തഭാരം കൈക്കലയില്ലാതെ കുറവുമായ് പിടയ്ക്കലുകൾ ചേർത്ത് ചിറകുകളിൽ ഇടയ്ക്കിടയ്ക്കുള്ള വെച്ചുമാറൽ പക്ഷിയായി താഴേയ്ക്ക് ഒഴിച്ചുവെയ്ക്കൽ പക്ഷി പകൽ ആകാശത്തിന്റെ ഖനി ഉടഞ്ഞു കിടക്കുന്ന ഇടങ്ങളിൽ വീട് തോർന്ന മഴ കെട്ടിത്തൂക്കിയിടുന്ന ഒരിടം.. നീ മാസം കൊണ്ടിടവം ഉടൽ കൊണ്ട് ഞാൻ ഒരുമഴത്തുള്ളിയിൽ തൂങ്ങിക്കിടക്കുന്ന ഇടം.

പാതികാത്

ഉറവ കൊണ്ട് പൂട്ടിവെച്ച പുഴ അകലെയുള്ള ശബ്ദം കൊണ്ട് കടൽ തുറക്കുമ്പോലെ നിന്റെ ഒറ്റ ചുംബനം കൊണ്ട് ഞാൻ കള്ളനാവുന്നു നൃത്തം തിരശ്ശീനമായി അലിഞ്ഞ് അതിലൊരു തിര ഒഴുകിവരും വഴി ശരീരമാകുന്നു കൊട്ടും പാട്ടും ഇരുട്ടിന്റെ കാലടിയൊച്ചയും നൃത്തത്തിൽ കൊത്തിവെയ്ക്കുന്നു വാക്കിന്റെ കൊത്തേറ്റു നീലിച്ചഭാഷ വിഷം തീണ്ടി ശവത്തിന്റെ സാധുതാപരീക്ഷയിൽ പരാജയപ്പെട്ട ശരീരം ഉരഗശരീരം പാട്ടിലേയ്ക്കൊഴുകി പോകും പാതി ഒഴുകാത്ത പാതിശരീരം കാതാവുന്നു..

കവിതേ ശൂന്യതയുടെ മൃതദേഹമേ

വസന്തമാണെന്ന് തോന്നി നൃത്തം വെച്ച് ചെന്നു പൂവാണെന്ന് തോന്നി ഇറുത്തുവെച്ച് പോന്നു ഭ്രാന്ത് ഇറുത്തുവെച്ച ഓരോ പൂക്കളാണ് നിനക്ക് തോന്നലുകളും ഞാനും. ഞാനിതുവരെ വെച്ചുപോന്നു ശുദ്ധന്യത്തങ്ങൾ ശാന്തമായ് അടുക്കിപ്പെറുക്കിവെച്ചിരുന്നു കടവുകളിൽ ഇലകളുടെ അലസതകാണാതെ ജലത്തിന്റെ അനുസരണ ചുവടുകൾ കടവുകളായെങ്കിൽ നീ അവിടം എന്നോളം നീളമുള്ള പുഴ നിന്നിലേയ്ക്കുള്ള എന്റെ നടത്തം ക്ഷമയുടെ വിത്ത് ഇടതുകളുടെ ശീലം കടത്ത് കിഴക്ക് എഴുത്തിന്റെ വൈക്കോൽ കൂന എന്നോ തീപിടിച്ച സൂര്യൻ തീയുടെ ഒരു കൂന കവിത കവിതയെന്ന് വിളിച്ച് കിഴക്കണച്ചത് ഇരുട്ടിയിട്ടില്ല ഇമരോമകറുപ്പോളവും രാത്രി രാത്രി ഇമയാകുന്നവൾക്കും ഉണരുമ്പോൾ പുലരിയിണ തലോടലുടൽ ചൂട് കടഞ്ഞെടുത്ത തീ അണച്ചണച്ചുടൽ പുലരി പലവിധം വിരിഞ്ഞ് പലവട്ടം വിടർന്ന് കൊഴിയാതെ അഴിച്ചുവിരിഞ്ഞ് പൂവ് പൂക്കളാകും വിധം മൊട്ടുകൾ ഒരിത്തിരി വിരലറ്റത്തരം തൊട്ടുപോം കവിതപോൽ കറുപ്പ് തൊലിപ്പുറം അതിനിപ്പുറവും ഇപ്പുറവും ഉറപ്പ് ഒരാത്മാവേഴും ഉയിര് അതുണർന്നിരിയ്ക്കും പകർപ്പെടുക്കാതുറച്ചിരിയ്ക്കും തണുപ്പ് മരണം പകർപ്പ് നിറത്തിലെടുക്കും സതീർഥ്യൻ ഏത് നിറം? എല്ലാ നിറങ്

അകലത്തിന്റെ ഇലയുള്ള

ഓരോ ഇലയും പുഴയായി ഒഴുകുന്ന മരം അവിടെ കിളികൾ  തോണികളുടെ പണിയെടുക്കുന്നു നനഞ്ഞ തൂവലുകൾ യാത്രക്കാർ നനവെന്നും പനിയെന്നും രണ്ട് കടവുകൾ നനവിലിറങ്ങി പനിയിലേയ്ക്ക് നടക്കുന്ന ഞാനും മീനും അതിൽ ഞാൻ കേട്ട പാട്ടുകൾ തിരിച്ചുകൊടുക്കുവാൻ നടക്കുന്ന വാക്കുകൾക്ക് പഞ്ഞമുള്ള പാട്ടിന്റെ അവസാനവരി മീൻ ജലത്തിന് ആകാശത്തെ തിരിച്ചേൽപ്പിക്കുവാൻ നടക്കുന്ന പാട്ടിന്റെ കനമുള്ള നനവ് ജലം പിൻവലിയ്കുവാനുള്ള കടലിന്റെ എന്നോ മറന്ന പാസ്വേഡാവുകയാണ് കടവിൽ പനി കാത്തുകിടക്കുന്ന മീൻ ഞാൻ നടത്തം പിൻവലിയ്ക്കുവാൻ മറന്ന ഒരാളുടെ കാത്തുനിൽപ്പിന്റെ പാസ്വേർഡ്.. ദൂരെ ശിശിരത്തിന്റെ ശിക്ഷ കഴിഞ്ഞിറങ്ങിയ മരമാവുകയാണ് എന്നിലേക്കുള്ള അകലത്തിന്റെ ഇലയുള്ള മനുഷ്യൻ.

പുതുമുഖം

വെറുതെ വിരലുകൾ കിലുക്കിനോക്കി കേട്ടതായി തോന്നിയില്ല ഒരു ശബ്ദവും കിലുങ്ങുന്നുണ്ട് കാതുകൾ എന്നിലേയ്ക്ക് നടക്കും മുമ്പ് നീ നിന്റെ കൊലുസ്സുകൾ ഊരിവെയ്ക്കുക കിലുങ്ങുന്നുണ്ട് നിന്റെ മൂക്കൂത്തികല്ലിന്റെ തിളക്കവും ഏതോ ചുംബനത്തിനിടയിൽ തോന്നുന്നുണ്ടാവണം എന്റെ ചുണ്ടുകൾക്ക് ഒന്നിനെങ്കിലും കാതുകളാകണമെന്ന മോഹം. പഴയ ഒരു പകൽ പഴക്കം അതിന്റെ വെളുപ്പ് സൂര്യൻ ഏതോ നൃത്തത്തിന്റെ സഹസംവിധായകൻ ഞാൻ ജലത്തിന്റെ അനന്തരാവകാശി കുറച്ച് വർഷങ്ങൾക്ക് ശേഷം എന്നത് ഏതോ ചലച്ചിത്രത്തിനിടയ്ക്ക് എഴുതികാണിക്കാൻ വിട്ടുപോയ ഒന്നാവണം കാണികളേയല്ല നീയോ ഞാനോ മരിച്ചുപോയവരോ ജീവിച്ചിരിയ്ക്കുന്നവരോ ആയിട്ടുള്ള ആരോടെങ്കിലും നമുക്ക് തോന്നാവുന്ന സാദൃശ്യം പോലും പതിവ് എഴുതികാണിപ്പുപോലെ തികച്ചും അരോചകമായി തോന്നാവുന്ന വെറും യാദൃശ്ചികത നമ്മളിൽ ആരും അതിഥി താരങ്ങളല്ല എങ്ങും ഞങ്ങൾ അവതരിപ്പിയ്ക്കുന്ന പുതുമുഖം ദൈവം എന്ന് എഴുതികാണിയ്ക്കുന്നുണ്ട് 2 കരഞ്ഞിട്ടുണ്ടാവും ദൈവം കളിക്കാൻ കൊടുത്തിരിയ്ക്കുന്നു നമ്മളിൽ ആരുടേയോ മനസ്സ് ദൈവത്തിന്റെ അമ്മ.

മഴയിത്ര

നല്ല മഴയുണ്ടാകും അത് വകഞ്ഞുമാറ്റിയാവും വരിക, എല്ലാ കുട്ടികളുടേയും അമ്മ അതിലൊരു കുട്ടിയ്ക്ക് അമ്മയുണ്ടാകില്ല. എല്ലാ കുട്ടികളുടേയും അമ്മ എന്ന വരിയിലെ അമ്മ എന്ന വാക്കിലാവും ആ കുട്ടിയും കയറിനിൽക്കുന്നുണ്ടാവുക അവന് കുടയുണ്ടാകില്ല. വരുവാനും ആരുമുണ്ടാവില്ല. വന്നുകയറിക്കഴിഞ്ഞാൽ ആരോ മടക്കുന്ന കുടയിലെ ഇറ്റുവീഴുന്ന തുളളികളുടെ ഒച്ച കേട്ട് അവന്റെ അമ്മയെ തിരിച്ചറിയുവാൻ കഴിയുമായിരുന്ന ഒരു കാലമുണ്ടായിരുന്നിരിയ്ക്കണം, അവന്. അറിയില്ല എന്നുമുതലാണ് മഴയിത്ര നിശ്ശബ്ദമായത്.. 2 എന്നോ മുതിർന്നത് മഴയാവണം വർഷങ്ങൾക്കിപ്പുറം കാലങ്ങൾ വകഞ്ഞുമാറ്റി ഓർത്തെടുത്ത തോരാത്ത ഏതോ മഴയത്ത് വാവിട്ട കരച്ചിലുകളുടെ കുഞ്ഞിച്ചില്ലകളുള്ള  മഷിത്തണ്ടുചെടികൾക്ക് ആരും കാണാതെ കിളിർത്തു പഠിയ്ക്കുവാൻ വിട്ടുകൊടുത്തതാവണം കരുതലോടെ സ്വന്തം ഉടൽ.

ചരിച്ചടക്കപ്പെടുന്ന ഒന്ന്

ചരിഞ്ഞ ശ്മശാനത്തിൽ ചരിച്ചടക്കിയ ഒരാളുടെ ശവം അസ്വസ്ഥനായി മരിച്ച ഒരാളുടെ ജഢം കാണാൻ ദൈവങ്ങളുടെ ഒരു തിക്കും തിരക്കുമുണ്ടായി പിന്നാലെ ഏഴ് ശ്മശാനങ്ങളിലായി അയാളെ അടക്കുവാൻ തീരുമാനമുണ്ടായി ഏറ്റവും മുകളിലെ ചരിഞ്ഞ ശ്മശാനത്തിൽ ചരിച്ചടക്കിയ ഒരാളുടെ ജഡം ദൈവത്തിന്റെ ചുണ്ടിലൂറിയ നിഗൂഢമായ ഒരു ചിരിയായി വ്യാഖ്യാനിയ്ക്കപ്പെട്ടു അന്ന് രാത്രി മരിയ്ക്കുന്നത് വൈകിപ്പിയ്ക്കുവാൻ അയാളും തീരുമാനമെടുക്കുകയുണ്ടായി താരാട്ട് കൂട്ടിയിട്ട് അയാളിലെ കുട്ടിയെ പുറത്തെടുക്കുവാൻ ദൈവങ്ങളിലെ വയറ്റാട്ടി സ്ത്രീയായി വേഷം കെട്ടി. നിശ്ശബ്ദതേ എന്ന വിളികേട്ട രാത്രി മുല്ലയിൽ പൂക്കൾ പൂത്തിറങ്ങും പോലെ വെള്ളനിറത്തിൽ ദൈവങ്ങൾ ആ രാത്രിമുഴുവൻ പൂക്കുകയും കൊഴിയുകയുമുണ്ടായി കെട്ടിയിട്ട നിശ്ശബ്ദത പലഭാഗങ്ങളിൽ ചാർത്തിയ രാത്രി സഭ്യതയുടെ സകല സീമകളും ലംഘിച്ച സുഗന്ധം വകഞ്ഞുമാറ്റി പൂക്കൂവാൻ വൈകിയ ഒരു ദൈവം സ്ഥിരമായി വെള്ളനിറത്തിൽ പൂത്തിറങ്ങുവാൻ വിധിയ്ക്കപ്പെടുന്നു.