Skip to main content

നഗരപ്രാന്തത്തിൽ സംഭവിക്കുന്നത്‌....

ഇലകളുടെ പകർപ്പെടുത്തു
തളർന്നൊരു മരം
തണലു കെട്ടുവാൻ 
ഭൂമിയിൽ കുറ്റിയടിക്കുന്നു

അധ്വാനിച്ചു 
മടുത്തൊരു മനുഷ്യൻ 
ആ തണലിൽ ചാരി നിന്ന് 
മരങ്ങളെ തെറുത്തു വലിച്ചു
കുറ്റി വലിച്ചെറിയുന്നു

ഒരു കിടക്കാടം ഇല്ലാതെ 
വെയില് കൊണ്ട്
തളർന്ന മരം 
അവസാന വണ്ടിയും 
കാറ്റ് കൊള്ളാൻ പോയ
തക്കം നോക്കി 
മറ്റൊരു മരത്തിന്റെ 
തണലിനേയും വിളിച്ചു
വഴിയരികിലെ 
വിശ്രമകേന്ദ്രത്തിലേയ്ക്ക് 
ചേക്കേറുന്നു

വ്യഭിചരിയ്ക്കുവാനാണെന്ന് 
ആരും സംശയിക്കുവാനില്ലാത്തത് കൊണ്ട് 
അവർ ഒന്ന് ഉറങ്ങിയിട്ട് 
ഉടൻ പുറത്തേക്കിറങ്ങുന്നു


തുരിശു പൊതിഞ്ഞു കൊണ്ട് വന്ന
പത്രത്തിലെ
കമ്പോളനിലവാരം കണ്ടു 
റബ്ബർ മരം
വീട്ടിന്റെ അടുത്ത് നിന്ന്
താമസം 
കുറച്ചുകൂടി പിറകിലേയ്ക്ക് മാറ്റി
ചിരട്ടയും പിടിച്ചു  
വരിവരിയായ് നിരന്നു 
കുനിഞ്ഞു നില്ക്കുന്നു

വിവാഹസദ്യയിൽ 
മുല്ലപ്പൂ പോലെ ചോറും ഇട്ടും
സ്വർണം പോലെ കറിയിലും മുങ്ങിയ 
കല്യാണ പെണ്ണിനെ പോലൊരു
വാഴയില 
ചടങ്ങ് കഴിഞ്ഞ ഉടൻ
വടക്കേപുറത്തു കാക്കയെ അടിക്കുന്നു

നഗരത്തിലെ പൂട്ടിയിട്ടിരുന്ന 
സമ്പന്നവീട്
ഒന്ന് മഴ കാണുവാൻ വേണ്ടി  മാത്രം 

ഗ്രാമവഴിയിലേയ്ക്ക് 
ഇറങ്ങി നടക്കുന്നു


ഗ്രാമത്തിൽ നിന്ന് 
പട്ടണത്തിലേയ്ക്ക് നീളുന്ന
ഗ്രാമീണ പാത
വഴി തെറ്റി 

ദേശീയ പാത കയറിയിറങ്ങി
ചതഞ്ഞരയുന്നു
 

അപ്പോൾ നനഞ്ഞു 
പനിപിടിച്ചൊരു മഴ  
ചുമച്ചു തുപ്പി
ആരെയും ഗൗനിക്കാതെ 

പറമ്പിലൂടെ അനാഥമായി
വേച്ചു വേച്ചു കടന്നു പോകുന്നു 

Comments

  1. പറയുമ്പോള്‍ എല്ലാം പറയണം .പ്രകൃതി ,മരം ,മഴയൊക്കെ മ്മക്ക് വരദാനമായിക്കിട്ടിയതാണ്.എന്നാല്‍ ഒരു ആവശ്യം നമ്മുക്ക് വരുമ്പോള്‍ ഹ ഹുമ് അപോ കാണാം നമ്മളെ .. നിങ്ങ പറയാതെ പറയുന്ന ഈ സംഭവങ്ങള്‍ ഉണ്ടല്ലോ ഗംഭീരം ട്ടോ ...ഗംഭീരമായ അവതരണം മനുഷ്യാ

    ReplyDelete
  2. ഗംഭീരമായ അവതരണം തന്നെ മനുഷ്യാ......
    നീ മരത്തെക്കൊണ്ടും പാടിപ്പിക്കുന്നു

    ReplyDelete
  3. :) ശരിക്കും ഭീകരന്‍ ആണ് ട്ടോ നിങ്ങള്‍!!

    ReplyDelete
  4. കാലം തെറ്റുന്നു
    കാലാവസ്ഥ മാറി മറിയുന്നു
    ഒന്നുമറിയാത്ത പോലെ
    മനുഷ്യർ ഓടുന്നു

    ReplyDelete
  5. നഗരത്തിലെ പൂട്ടിയിട്ടിരുന്ന
    സമ്പന്നവീട്
    ഒന്ന് മഴ കാണുവാൻ വേണ്ടി മാത്രം
    ഗ്രാമവഴിയിലേയ്ക്ക്
    ഇറങ്ങി നടക്കുന്നു

    ഇനിയങ്ങോട്ട് ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കാണാൻ ഗ്രാമങ്ങളുണ്ടാവുമോന്നാ സംശയം.അല്ലേ ഭായ്? മനോഹരമായ ചിന്തകൾ.പതിവു പോലെ.


    വളരെ നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  6. ഭാവന അപാരം. ഞാൻ അതിൽ ലയിച്ചു....

    ReplyDelete
  7. ബിംബകൽപ്പനകളുടെ ചാരുതയും, വാക്കുകളും പദങ്ങളും പുതിയ ഭാവലോകം തീർക്കുന്നതും ഏറെ ഇഷ്ടമായി - ഈ കവിതയുടെ കൂടുതൽ വിശദമായ വായന എന്റെ പരിധിക്ക് അപ്പുറമാണ് .....

    ReplyDelete
  8. ജീവിതത്തിലെ ആവര്‍ത്തനവിരസതയുടെ ഏങ്ങലടികള്‍...
    ചിന്തകളുടെ അപാരതീരം......
    ആശംസകള്‍

    ReplyDelete
  9. കവിത ഇഷ്ടമായി...
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. വാക്കുകളുടെ പൂന്തോട്ടത്തില്‍ കാടും മലയും പൂത്തുനില്‍ക്കുന്നത് പോലെ ഒരു വിസ്മയം..

    ReplyDelete
  11. പ്രകൃതിയാണമ്മ...
    മനസ്സിലോര്‍ത്തു
    പോലുമത് വക്കില്ല
    നന്ദിക്കേടിന്‍
    മറു വാക്കാം നമ്മള്‍!...rr

    ReplyDelete
  12. നമുക്കൊരു മലയോരഗ്രാമം ഇവിടെ പുനര്‍ നിര്‍മിക്കാം. അവിടേക്ക് മരങ്ങളും പൂകളും പക്ഷികളും അരുവികളും വിരുന്നെത്തട്ടെ.

    ReplyDelete
  13. വിവാഹസദ്യയിൽ
    മുല്ലപ്പൂ പോലെ ചോറും ഇട്ടും
    സ്വർണം പോലെ കറിയിലും മുങ്ങിയ
    കല്യാണ പെണ്ണിനെ പോലൊരു
    വാഴയില
    ചടങ്ങ് കഴിഞ്ഞ ഉടൻ
    വടക്കേപുറത്തു കാക്കയെ അടിക്കുന്നു'

    ശരിക്കും അടിമുടി ഇഷ്ട്ടപ്പെട്ടു ഈ കവിത .
    മനോഹരം

    ReplyDelete
  14. നല്ല ഉഷാറായിട്ടുണ്ട്... വളരെ ഏറെ ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങള്‍

    ReplyDelete
  15. കവിത വളരെ നന്നായിട്ടുണ്ട്..ആശംസകല്‍ ബൈജു ഭായ്

    ReplyDelete
  16. നല്ല ചിന്തകള്‍ ...അഭിനന്ദനങ്ങള്‍

    ReplyDelete
  17. ഈ കവിത മൂന്നു തവണ വായിച്ചു. ഓരോ പ്രാവശ്യവും പുതിയതെന്തോ കാണുന്ന പ്രതീതി തോന്നി. കവിത വളരെ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  18. ഭായ് എന്താണ് ഉദ്ദേശിച്ചതെന്ന്
    മനസ്സിലായില്ല കേട്ടൊ

    ReplyDelete
  19. എല്ലാ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഏവര്ക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു സന്തോഷത്തോടെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!