അസമയത്തെ അടുക്കള
സാങ്കേതികമായി
നിഷ്‌ക്കളങ്കമായ ഒരു ബിംബം
മാത്രമാണ്
എന്നാലും അവളോട് പറഞ്ഞാൽ
ശ് ച്ചീ നിങ്ങൾക്കീ വിചാരം, മാത്രമേയുള്ളോ എന്ന നുള്ളലോടെ ഒരു തള്ളൽ
ലഭിച്ചേക്കാവുന്ന ഒരു സാധാരണ
പ്രതികരണം മാത്രമാവും
എന്നാലും അസമയത്ത് അടുക്കളയിൽ
ഒരു സാങ്കേതിക വിദ്യയുടേയും
സഹായമില്ലാതെ
വെറും കൈയ്യോടെ
പ്രവേശിക്കുന്ന പുരുഷൻ
ഒരു നുള്ളിനും തള്ളിനും അപ്പുറം
ഞാൻ തന്നെയാണ്
കൊതി അതും അര മുക്കാൽ മണിക്കൂറോളം മാരിനേറ്റ് ചെയ്ത് വെച്ചത്
തണ്ടോട് കൂടി വെച്ച കറിവേപ്പിലയിൽ
നല്ല വെളിച്ചെണ്ണയിൽ
വറുത്ത് കോരിയെടുത്താൽ
പൊരിച്ച മീനായേക്കുന്നത്
എന്നാലും
കുശിനിക്കാരൻ്റെ സ്വപ്നങ്ങളിൽ
അസമയത്ത് ചെന്ന്
ഒരു ചായ ചോദിക്കുന്ന
ശല്യക്കാരനായ ഒരു ഇടപാടുകാരൻ അതും ഏത് നിമിഷവും
ഒരു ഉപഭോക്താവ് ആയേക്കാവുന്നതും ഞാൻ തന്നെയാണ്
സ്വതന്ത്രവിപണിയിൽ
ഒരു പോപ്പ്കോൺ ഉടൽ
സൂക്ഷിക്കുന്നത്
അത് ഭാരമില്ലാതെ
കൊണ്ട് നടക്കുന്നത് ഒന്നും
അത്ര വലിയ കാര്യമൊന്നുമില്ല
പ്രത്യേകിച്ച് ഇന്ന്
വിധേയത്വങ്ങളുടെ പോപ്പ്കോൺ
അഥവാ
ഉടലിൻ്റെ പോപ്പ്കോൺ എഡിഷൻ
എന്ന് ചുരുക്കിയാൽ
മുദ്രാവാക്യങ്ങൾ പോലും
പോപ്പ്കോൺ ചവപ്പ് പോലെ
അത്രയും ലാഘവത്വം നിറഞ്ഞതാവുമ്പോഴാണ്
മാന്യ ഉപഭോക്താവേ
എന്ന സംബോധന അവിടെ നിർത്തിയാൽ, ചേർത്താൽ
ഉപഗുപ്തൻ ഉപമന്യു
ബുദ്ധകാലം പോലും കൊത്തിവെക്കാവുന്ന ഒരു വാക്കാണ്
ഉപ ചേർക്കുന്നതെന്തും
അഹിംസയുടെ മിശ്രണം
അറിയാതെ നമ്മളിൽ കടന്ന് വരും
ഇളം ചുവപ്പ് നിറം മാത്രം ചേർത്ത
ക്ലാസിക് ചിത്രകഥയിലെ ഉത്തരീയവും
തലേക്കെട്ടും മാത്രം ധരിച്ച
അന്നത്തെ കാലത്തെ പ്രജ
ഇപ്പോൾ ഞാനാണ്
അസമയത്ത് ചരിത്രത്തിൽ പോയി
ഒരു കഥാപാത്രം ചോദിച്ച വർത്തമാനകാലത്തെ പ്രജ എന്ന് ചുരുക്കിയാൽ
അസമയത്തെ പ്രജ എന്ന് തന്നെ!
Comments
Post a Comment