ഇന്ന് ഒരു അവധിദിനമാണെന്ന്
തോന്നുന്നവർ എല്ലാം കൂടി
കലണ്ടറിൽ ഒരു മാസമുണ്ടാക്കി
ഒത്തുകൂടുകയായിരുന്നു
കലണ്ടറിൽ അന്ന് ഇല്ലാത്ത ഒരു ദിവസം
ഒരു പ്രാവിൻ്റെ ചിറകടിയോടെ
ആദ്യഷോട്ട് തന്നെ തുടങ്ങുന്ന ചിത്രമാവുന്നതങ്ങിനാവാം
വേഗത്തിൽ കടന്ന് പോകുന്ന
ഒരു തീവണ്ടി, അതിൻ്റെ തുടർച്ച
കലണ്ടറിൻ്റെ പിൻവശത്ത് കൂടി
ഞങ്ങൾ പുറത്ത് കടന്നു
അടുത്ത് ഒരു കടലുണ്ടെന്ന് പ്രതീതി
തോന്നിക്കുന്ന ഇടത്തിലൂടെ
കടൽക്കാറ്റ് വകഞ്ഞ്,
ഞങ്ങൾ മുന്നോട്ട് പോയി
ഞങ്ങൾ എന്ന് പറഞ്ഞാൽ
ഞാനും അനാർക്കി എന്ന്
ഞാൻ വിളിക്കുന്ന പുനരുപയോഗിക്കാവുന്ന
പ്ലാസ്റ്റിക്ക് ബാഗും
നിരോധിക്കപ്പെട്ടത് എന്ന പ്രതീതി
ഓരോ നിമിഷവും അത്
കൂടെ കൊണ്ടുനടന്നു
ഒപ്പം എന്നേയും
എന്നിട്ടും അത് കടന്നുപോകുന്നിടത്തൊക്കെ
മനപ്പൂർവ്വം എന്ന ശബ്ദമുണ്ടാക്കി
അപ്പോഴൊക്കെ ഞാൻ
കൂടുതൽ നിശ്ശബ്ദനായി
മനുഷ്യരെ നിരോധിച്ച രാജ്യങ്ങൾ
ഒരു പുസ്തകത്തിൻ്റെ പുറഞ്ചട്ടയായി
കട്ടിലിൽ കിടന്നു
സാധാരണ ചേർത്ത്
മനുഷ്യരെ നിരോധിക്കുന്നത്
കൂടുതൽ സ്വീകാര്യമായി
പുന:രുപയോഗിക്കാവുന്ന മനുഷ്യനായി
നിരോധനങ്ങൾ മറികടന്നു
മണികൾക്ക് പിന്നിൽ ദേവാലയങ്ങൾ
കൂടുതൽ നിശ്ശബ്ദത ഉണ്ടാക്കി
തല ഉയർത്തി നിൽക്കുന്നത് പോലെ
നിശ്ശബ്ദതക്ക് പിന്നിൽ ഞങ്ങൾ
കൂടുതൽ മനുഷ്യരായി
എന്നാൽ തല ഉയർത്തിയോ എന്ന്
ചോദിച്ചാൽ
ഒന്നിലും ശ്രദ്ധയില്ലാത്ത വണ്ണം
ഇല്ല എന്ന ഉത്തരത്തേക്കാൾ
ഒന്നും പറയാതിരിക്കുവാനുള്ള
അശ്രദ്ധ ഞങ്ങളിൽ ഉണ്ടായി
മീനുകൾ ശൽക്കങ്ങൾ കൊണ്ടുണ്ടാക്കുന്ന പോലെ
മൺചട്ടിയും പിച്ചാത്തിപ്പിടിയും
ഇടകലരുന്ന ഇടങ്ങളിൽ
ഉളുമ്പ് വെള്ളങ്ങൾ കൂടുതൽ കുടുതൽ
തെളിഞ്ഞുവന്നു
സുതാര്യമായി
ആ ശബ്ദത്തിൽ മൂർച്ചകൂട്ടി
മീൻവെള്ളം ഒഴിച്ച് കളയുന്ന ലാഘവത്തോടെ കാലം ഞങ്ങൾക്ക് മുന്നിലൂടെ
എടുത്തൊഴിച്ച പോലെ
കടന്നുപോയി
കാറ്റ് നിറഞ്ഞാലും ഇല്ലെങ്കിലും
എൻ്റെ മുറിയിൽ കസേരയിൽ
സെറ്റിയിൽ കിടക്കയിൽ
ഒരു പോമറേനിയൻ
നായയേ പോലെ അനാർക്കി
എന്നോടൊപ്പം പറന്നുകയറി
ചുരുണ്ടുകൂടി
ദിവസത്തിൻ്റെ മണം പിടിച്ചു
കാറ്റിനൊപ്പം കുത്തിമറിഞ്ഞു
എന്നോടൊപ്പം ഭാരം വഹിച്ചു
ഭാരമില്ലായ്മ സ്വയം വരിച്ചു
കാലങ്ങളേ അത് പഴക്കി
ഭാരങ്ങളേ അത് പുതുക്കി
പരിസ്ഥിതിയും നിരോധനവും പോലെ
ഒരേ സമയം പരസ്പരപൂരകമായി
വാർത്തകളിൽ
നിത്യജീവിതത്തിൽ നിറഞ്ഞു
ഷഹീൻബാഗിൽ കോഫീക്കൊപ്പം
മറിച്ചുനോക്കാവുന്ന തടിച്ച പുസ്തകത്തിന്നരികിൽ
പച്ചക്കറിയുടെ പച്ചമണം
അത് ചുമന്നു
ചിലപ്പോൾ അത് മാംസമായി
വല്ലപ്പോഴും അത് മീനായി
തലമുടിക്ക് ഒപ്പം നരച്ച
പുകച്ചുരുളുകളായി ചിന്ത വീണുകിടന്നപ്പോഴൊക്കെ
ചുണ്ടുകൾ പലമണമുള്ള
പുകകൾ അഴിച്ചു
ചിലപ്പോഴൊക്കെ
അത് ഉയരങ്ങളിലേക്ക് പടർന്നു
അടുത്ത നിമിഷം അത് നിലത്തേക്ക്
ഊർന്ന് വിണു
മൃദംഗത്തിൻ്റെ ഐസ് ക്യൂബ് വീണ വൈറ്റ് റമ്മിൽ
നുരയും മൃദുസ്വരമായി
ഒരേസമയം ഗസൽ
പെർഫ്യൂമും അത്തറുമായി
ഹുക്കയും പുകയുമായി അത്
ഞങ്ങളേ പൊതിഞ്ഞു
കാറ്റ് നുണഞ്ഞ് ഞങ്ങൾ
ഞങ്ങൾക്കകത്തും പുറത്തും
ഇരുന്നു നടന്നു
കിടന്നു പറന്നു
തെരുവിൽ
കടന്ന് പോകുന്ന പോലീസ്കാർ
അവരുടെ ഉടലില്ലാത്ത
യൂണിഫോംകഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ
അവരുടെ മെട്രൊപൊളിറ്റൻ വിസിലുകൾ ശബ്ദത്തോടെ
ചുണ്ടിലേറുമ്പോൾ
ഗലികൾക്കിടയിലൂടെ ഞങ്ങൾ പാഞ്ഞു
തിരിക്കിനിടയിലേക്ക് ഞങ്ങൾ മറഞ്ഞു
ഗസലുകളും നിശാക്ലബ്ബുകളും ഞങ്ങളേ അപ്പോഴും ചേർത്തുപിടിച്ചു
ദുപ്പട്ടക്കും ഹിജാബിനും
ഇടയിൽ എംബ്രോയിഡറിയുടേയും
ഉണക്കാൻ ഇട്ടിരിക്കുന്ന വസ്ത്രങ്ങളുടേയും മണങ്ങൾക്കിടയിലൂടെ
ദുരൂഹതയുള്ള രണ്ടാൾക്കാർ
താമസിക്കുവാനെടുക്കുന്ന മുറി
എപ്പോഴും രണ്ടാമത്തെ നിലയിലായിരുന്നല്ലോ
ചിലപ്പോഴെങ്കിലും മൂവികളിൽ
മരഗോവണികൾ കയറി
അന്വേഷണത്തിൻ്റെ പഴക്കം ചെന്ന
ശബ്ദം വെച്ചും
ധൃതി കൂട്ടിയും
നടക്കുന്ന ബൂട്ടുകൾ ഞങ്ങളെ തേടിവന്നപ്പോഴൊക്കെ
ഞങ്ങൾ പതുങ്ങിയും
ശബ്ദമുണ്ടാക്കാതേയും
അവിടുത്തെ മുറി
അതിന് തൊട്ട് മുമ്പുള്ള നിമിഷം
വിട്ടിറങ്ങി ഒഴിഞ്ഞകന്നു
മറ്റൊരു നിമിഷത്തിലേക്ക് ഞങ്ങൾ മാഞ്ഞു മറഞ്ഞു അപ്രത്യക്ഷരായി
മുറിയുടെ ശൂന്യത
അന്വേഷണഉദ്യോഗസ്ഥരേ ശരിക്കും തുറിച്ച് നോക്കിയിട്ടുണ്ടാവണം
വേണമെങ്കിൽ ചാര നിറമുള്ള
പുറം നിറയേ രോമങ്ങളുള്ള
ഒരു പേർഷ്യൻപൂച്ചയേ ഞങ്ങൾക്ക് അവർക്ക് മുന്നിൽ തിരിയുവാനായി
വെറുതേ ഉപേക്ഷിക്കാമായിരുന്നു
ശൂന്യതകൾ നിറക്കുന്ന
ഓമനത്തമുള്ള വസ്തു അടുത്ത് വേണം
എന്ന് എനിക്കും ആ നിമിഷത്തിൻ്റെ
എഡിറ്റർക്കും അപ്പോൾ തോന്നിയിട്ടുണ്ടോവണം
അതിൻ്റെ മ്യാവൂ മണം
ഓമനത്തമുള്ള ശബ്ദം
മുഖം നിറയും കണ്ണുകൾ
അതിൻ്റെ പതിഞ്ഞ കാലിൻ്റെ
നടക്കുന്ന ശബ്ദം പോലും
ഒന്നും ഉപേക്ഷിക്കുവാനാകാതെ
പൊതിഞ്ഞെടുക്കുന്ന അനാർക്കിക്ക്
മുന്നിൽ എൻ്റെ പൂച്ചനോട്ടങ്ങൾ പലപ്പോഴും പതറി
മ്യാവു ശബ്ദങ്ങളും
കിളിയൊച്ചകളും കുട്ടികളുടെ
കളിചിരികളും
വിവിധഭാഷകളും കോർത്ത്
പുറത്തിരുന്ന് സ്വെറ്ററുകൾ നെയ്യുന്ന
അടുത്ത വീട്ടിലെ സ്ത്രീ
വീടിന് പുറത്ത് ഉമ്മറത്ത്
സ്നേഹം ചേർത്ത്
വിശേഷം ചോദിക്കുന്ന മാതിരി
മുഖം ഉയർത്തി
വെറുതേ തിരിഞ്ഞ് നോക്കിയിട്ടുണ്ടാവണം
പിന്നെ തുന്നലിൽ തുടർന്നിട്ടുണ്ടാവണം
അനാർക്കിയുടെ മൂന്ന് ചിത്രങ്ങൾ
അതും ചില്ലുകൾ പോലും
കാലം ഉടച്ച് കളഞ്ഞവ
അത് കൊണ്ട് അലങ്കരിച്ച
സ്വീകരണമുറി
കുറ്റവാളിയായ എന്നേ അന്വേഷിക്കുന്ന
കുറ്റാന്വേഷകയായ ഉദ്യോഗസ്ഥ
അവളാണ്
ഞാൻ ഇനിയും കുറ്റം ചെയ്തിട്ടില്ല
അവൾ അന്വേഷണം തുടങ്ങിക്കഴിഞ്ഞു
എന്ന അവസ്ഥ
ഈ നിമിഷം എനിക്ക്
കവിതയിൽ കൊണ്ട് വരാം
അവളുടെ ഒതുങ്ങിയ അരക്കെട്ട്
യൂണിഫോമിലെ തൊപ്പിയും ക്ലിപ്പുകളും
അൽപ്പം വിയർത്ത കാക്കിയും അഴിച്ച് മാറ്റിക്കഴിഞ്ഞാൽ അഴിഞ്ഞുലഞ്ഞേക്കാവുന്ന അവളുടെ പാതി ചെമ്പിച്ച നേർത്ത,
അറ്റം കുറച്ച് മുറിച്ച നീളൻ മുടി
ഇടക്ക് അവളുടെ രഹസ്യങ്ങളിലേക്ക്
അഴിഞ്ഞുവീഴുന്നത് ഇടക്ക്
ഒന്നു രണ്ടാഴ്ച്ചത്തേക്ക്
ചുരുളുന്നത്
ചിലപ്പോഴെങ്കിലും ചില ശീൽക്കാരങ്ങളിലേക്ക് നീളുന്നത്
അവളുടെ സ്വകാര്യതയിൽ
അവൾ അഴിച്ചേക്കാവുന്ന
ഹൂക്ക് സിബ്ബ്
എന്നിവ
പിന്നെ കുപ്പായം അതിലെ കാക്കി
നക്ഷത്രം
എല്ലാം ഇതിനോടകം തന്നെ
അവളേക്കാൾ കുറ്റാന്വേഷകരായി മാറിക്കഴിഞ്ഞു
ലോഡഡ് എന്ന ഗാംഭീര്യം
പേറുന്ന അവളുടെ വിരൽത്തുമ്പിലെ
സർവ്വീസ് ഗൺ
അതിലെ എണ്ണം പറഞ്ഞ
ആറ് ഔദ്യോഗിക വെടിയുണ്ടകൾ
അവ വെച്ചേക്കാവുന്ന അനൗദ്യോഗിക വെടിയൊച്ചകൾ
പൊടിഞ്ഞ് തുടങ്ങിയ വിയർപ്പ്
അതിലെ ഒരു ശബ്ദം മതി
ഒരു രതിക്കപ്പുറം അവളിലേ
കുറ്റാന്വേഷകയേ ഉണർത്താൻ
സംതൃപ്തമായ രതി
അവളുടെ കുറ്റാന്വേഷണത്തിൻ്റെ ഭാഗമല്ല
ഒരു രതിക്ക് ശേഷം കൊല്ലപ്പെടുക
എന്നത് എൻ്റെയും ലക്ഷ്യമല്ല
സംതൃപ്തമായ രതിക്ക് ശേഷം
ഒന്ന് മയങ്ങുക എന്നതാണ് എൻ്റെ ശീലം
അവളുടെ അന്വേഷണം തൃപ്തികരമല്ല
എന്നാവശ്യപ്പെട്ട് കൊണ്ട് നാളെ അവൾക്കെതിരെ തെരുവിൽ പ്രക്ഷോഭണം നടത്തേണ്ട
കലാപകാരി ആ രതിക്കൊടുവിൽ
രാത്രിക്കപ്പുറം
ഞാനാണ്
ഒരു പൂച്ചയുടെ മ്യാവു ശബ്ദങ്ങൾ
വെട്ടി ഒട്ടിച്ച ആൽബമായി
അവളുടെ അന്വേഷണങ്ങളിലേക്ക് ഔദ്യോഗികമായി അവൾ
മടങ്ങും പതിയേ
പടിയിറങ്ങും
അരാജകത്ത്വത്തെ എന്നും മഹത്വവൽക്കരിച്ച എൻ്റെ മനുഷ്യത്വ ഉടലിൻ്റെ മരണത്തിന് ശേഷം
വാടകക്കാരോട് തീരെ മനുഷ്യപ്പറ്റില്ലാത്ത
അഹങ്കാരിയായി അരോചകമായി
പെരുമാറിയേക്കാവുന്ന ഒരു മധ്യവയസ്ക്കയാകുവാൻ തയ്യാറെടുക്കുകയായിരിക്കണം
എൻ്റെ ഭാര്യ
അവൾക്ക് ഒരു ഗുജറാത്തി സ്ത്രീയുടെ
വെള്ള വസ്ത്രവും
ലാളിത്യവും
കാലം എടുത്ത് വെച്ച കണ്ണടയും നരയും കൊടുക്കണം
എന്ന് മാത്രം ഞാൻ ശഠിക്കും
കുറ്റം സമൂഹത്തിലുണ്ട് ഞാനില്ല
കുറ്റാന്വേഷകയായി അവളും
എന്നും അരാജകവാദികളാണ്
ഹൃദയങ്ങൾ
ആത്മീയത തിരിച്ചറിഞ്ഞ
രതിയും രക്തവും
അത് കണ്ടെത്തും വരെ
അവൾ
അവളുടെ കുറച്ച് പ്രിയപ്പെട്ട പുസ്തകങ്ങളും
ഹൃദയത്തോട് ചേർത്ത് പിടിച്ച പെയിൻറിംങുകളുമായി ഒരു വാടക വീട്
അന്വേഷിച്ച് നടക്കുകയാണ്
ഇപ്പോൾ നഗരത്തിൽ
പേരുകൾ കുറ്റം ചെയ്യുന്നു
മനുഷ്യർ അത് അന്വേഷിക്കുന്നു
എന്നാവണമില്ല അത്
അവൾക്കൊപ്പം അവളുടെ
വളർത്തുനായ
അനാർക്കി
അതിനാൽ ഞങ്ങൾ എടുത്തുവളർത്തുന്നു എന്ന മുദ്രാവാക്യം
രോമങ്ങളിൽ പോലും ഉള്ളത്
എൻ്റെ കവിത പേരിടാതെ ഒരിക്കൽ അവൾ എടുത്ത് വളർത്തിയത് പോലെ
എനിക്ക് ഇതും
അവസാനിപ്പിക്കേണ്ടതുണ്ട് കഥയൊന്നുമറിയാതെ
അവളും അവളുടെ അനാർക്കി എന്ന നായയും
ആ ഋതുവിൽ പൂവിട്ട ജമന്ദിയും
അതിൻ്റെ നിറങ്ങളേയും
പൂക്കളേയും കൂട്ടി
അവൾക്കൊപ്പം
പൊതിഞ്ഞെടുത്ത പൂച്ചയേ പോലെ
ഈ കവിത
തിരിഞ്ഞ് നോക്കുമ്പോൾ
ഞാനന്ന് താമസിച്ച
മുറി തുറന്ന് കയറുകയാണ്
അവളിപ്പോൾ!
Comments
Post a Comment