ബുദ്ധിയേക്കാൾ കുമിള എന്ന വികാരത്തെ
ഞാൻ ഇഷ്ടപ്പെടുവാൻ തുടങ്ങിയതിൽ
പിന്നെ
ഒരു പക്ഷേ
മനുഷ്യരിലേക്ക് മടങ്ങിയെത്തുന്നവർ
സാധാരണക്കാരനാകുവാൻ
സൗഭാഗ്യങ്ങൾ ഉപേക്ഷിക്കുന്നത് പോലെ
തന്നെ
കാണുവാൻ പോകുമ്പോൾ കടൽ
എന്ന് തോന്നിക്കുന്ന ഒന്നിനേ
കൂടെ കോണ്ട് പോയിരുന്നു
വെറും സാധാരണക്കാരനാകുവാൻ
വേണ്ടി മാത്രം
സാധാരണത്ത്വം
സാധാരണക്കാരൻ്റെ കടലായി
കടക്കുക കാണുക മടങ്ങുക
ചിലപ്പോഴെങ്കിലും അതിൽ മുങ്ങുക എന്നിവ അതിലടങ്ങി
അവൻ അല്ലെങ്കിൽ അവൾ
അതുമല്ലെങ്കിൽ അവരൊരുമിച്ച് കണ്ടില്ലെങ്കിലും
അവിടെ ഉണ്ടെന്നുള്ള തോന്നലിൽ
കടൽ കിടന്നു
ചിലപ്പോൾ നീണ്ട്
ചിലപ്പോൾ കുറുകി
ചിലപ്പോൾ ഉപ്പ് പറ്റി
അതുമല്ലെങ്കിൽ
അവൻ്റെ അല്ലെങ്കിൽ അവളുടെ നോട്ടങ്ങളുടെ ബഡ്ജറ്റിൽ
അത്രയും ഇഴുകിച്ചേർന്ന്
വിരിഞ്ഞ ശേഷം പൂവ്
ഋതുവിനേ ഉപേക്ഷിക്കുന്ന പോലെ
സാധാരണക്കാരനായ ശേഷം
സാധാരണത്വം ഉപേക്ഷിക്കുവാൻ
പോകുന്ന ഇടം
പതിയേ കടലായി
2
ഇട്ടാൽ കുടുങ്ങും
എന്നുള്ളത് കൊണ്ട് മാത്രം
ഇടാത്ത പേരുകൾ
ഇട്ട് വെച്ചിരുന്ന കുടുക്ക,
ഓട്ടോ ആകുന്നത് കണ്ടിട്ടില്ലേ?
അതും കൈനീട്ടി നിൽക്കും സാധാരണക്കാരുടെ മുമ്പിൽ
കുറച്ച് കൂടി മുമ്പിലോട്ട്
നീക്കിനിർത്തും വിധം
അതിൻ്റെ സാധാരണത്വം
ഇപ്പോൾ പെട്രോൾ മണമുള്ള
തിരിയലുകൾക്ക് ശേഷം
ഏതോ സാധാരണക്കാരൻ
കയറി ഇരുന്ന മാതിരി
യാത്ര ചെയ്യുവാൻ തുടങ്ങിയിട്ടുണ്ട്
സാധാരണക്കാരൻ്റേത് മാത്രമായ
അനിശ്ചിതത്ത്വങ്ങൾ കഴിഞ്ഞ്
കാത്തുനിൽപ്പുകളും ചരിച്ച് കളഞ്ഞ്
അങ്ങിനെ ഒരു പേരായിരുന്നു
ഋതുഉപേക്ഷ
പറക്കുന്ന കരിയിലകൾക്ക് ശേഷം
തിരിയുന്ന ഓട്ടോകൾക്ക് ഇടാൻ
ഋതുക്കൾ മുറിച്ച് മാറ്റിവെച്ചത്
ഞാൻ കൈ കാണിക്കുന്ന യാത്രികൻ
ഋതുക്കൾ ഓട്ടോറിക്ഷ
എന്ന കണക്കെ
നിന്ന സ്ഥലം
അകന്നകന്നുപോകുന്നു
അതും ഒരു ശബ്ദത്തോടൊപ്പം
3
ഇപ്പോ
സാധാരണക്കാരന് പ്രാപ്യമായ ഒന്നായി
വിഷാദം
എന്നാൽ അപ്രാപ്യമായ പലതും
ഒളിപ്പിച്ച് കടൽ കിടന്നു
ഒരു ഓട്ടോക്കിടുവാൻ പറ്റിയ പേരായി
വിഷാദത്തെ
ഒരുക്കിയെടുക്കുകയായിരുന്നു
തോന്നലിൻ്റെ കടൽ എന്ന് ഉള്ളിൽ,
കണ്ണിൽ
കാണുന്നവൻ്റെ കടലല്ല
കടക്കുന്നവൻ്റെ കടൽ
ഇറങ്ങുന്നവൻ്റെ കടൽ
മറ്റൊന്ന് എന്ന പോലെ സാധാരണ കാരൻ്റെ കടലിൽ നിന്ന്
ശരിക്കുള്ള കടൽ മാറിക്കിടന്നു
സാധാരണക്കാരന്
സഞ്ചരിക്കുവാൻ പാകത്തിന്
ഒരു ഓട്ടോ പോലെ
വിഷാദം വീണ്ടും സ്റ്റാർട്ടുചെയ്യുന്നു
ചക്രവാളം കടലിനോടൊട്ടി
ആകാശത്തേക്ക് ചാഞ്ഞു
വിരമിക്കുമ്പോൾ ആകാശം
നീല മാത്രം നരച്ച്
വിരമിക്കുന്നവർ ആകാശത്തോട്
അതിൻ്റെ ശൂന്യതയോട് കൂടുതൽ ഒട്ടിചേർന്ന്
നിൽക്കുമ്പോലെ
എന്നിട്ടും ജലം എന്ന്
ശബ്ദം കുറച്ച് വിരമിക്കുന്നു
വിഷാദം എന്ന ഓട്ടോ
ശിശിരത്തിനോട് ചേർന്ന്
4
ശത്രുതയും ഒരു ശൂന്യതയാണ്
പൂർണ്ണചന്ദ്രനാകാതെ മടങ്ങിവന്ന
ഒന്നിനേ
ഒരു പക്ഷേ ചന്ദ്രക്കലയേ
പ്രത്യയം ആവാതെ തിരികേ വന്ന്
വിരക്തി എന്ന പദത്തിൻ്റെ
ഭംഗി ഓർമ്മിപ്പിക്കുന്ന ഒരു വസ്തുവാകാൻ ചട്ടം കേട്ടുന്നു
വാരിക്കീഴിലെ ജലം പോലെ
ഗൃഹാതുരത്ത്വങ്ങളേ
പ്രതിഫലിപ്പിക്കുന്ന വസ്തു
എന്നിട്ടും
ജലം ആവാതെ കാലങ്ങളോളം
കലയായി കെട്ടികിടന്നു
വിരമിക്കാതെ
അതും കടലോരത്ത്
കടലാവാതെ എന്ന പോലെ
പെയ്ത മഴയിൽ തുള്ളികൾ
അവയിൽ ശംഖുകളും കക്കയും
ചിപ്പികളും ചേർത്ത് കൊരുത്തിടുന്നു
വിരമിച്ച ചന്ദ്രനിലേക്ക്
ആകാശത്തേ, ഒരു കോട്ടിയ പാള പോലെ
നീട്ടി ഇടുന്നു
നീല ഒന്ന് ഉലഞ്ഞ്
കലങ്ങിയത് പോലെ തോന്നി
ശൂന്യത അതിലും കയറി വരുന്നു
ചന്ദ്രക്കല മാത്രം കോരിയെടുക്കുന്നു
രൂപകചന്ദ്രൻ എന്നാവാം കവിതയിൽ
എല്ലാ കലകളേയും പാലൂട്ടുന്നു
ഒരു രാത്രിയേ മാത്രം പെറ്റു കിടക്കുന്നു
നായക്കുഞ്ഞുങ്ങളേ എന്ന പോലെ
കലകൾക്ക് ചുറ്റും രാത്രികൾ
ഒരു പൂർണ്ണ ചന്ദ്രനേ പ്രസവിച്ച രാത്രി
എന്ന് മാത്രം നോക്കി നിൽക്കുന്നു
5
അസ്തമയത്തിൻ്റെ ബൊക്കെ നൽകി
വിഷാദത്തേ അംഗീകരിച്ച്
സ്വീകരിച്ച് ആനയിച്ച്
രണ്ട് വാക്ക് സംസാരിക്കുവാൻ
ഏകാന്തതയുടെ മൈക്ക് നീക്കിവെക്കുവാനുള്ള വേദിയായി
കവിത മാറിയതിൽ പിന്നെ
ശൂന്യതയുടെ ബൊക്കൈക്ക്
അപ്പോഴും മൈക്കും
അതിന് മുന്നിലുള്ള ആളും നിർബന്ധം പിടിക്കുന്നു
സംസാരിച്ച് തുടങ്ങും മുമ്പുള്ള
നിശ്ശബ്ദതക്ക് വാക്കും
വിരമിച്ച ആകൃതി ഇല,
അപ്പോഴും ആലിലകളിൽ നില നിർത്തുന്നു
ഏറ്റവും പുതുതായി വാങ്ങിയ
കുഞ്ഞ് ബുദ്ധവിഗ്രഹം
കാണുവാൻ
നദീമുഖീ എന്ന ആലിലയെ
അതിൻ്റെ കാറ്റ് തഴുകിയ തുമ്പിനെ
അതേ ആകൃതിയുള്ള തണലിനെ
ശബ്ദമില്ലാതെ ക്ഷണിക്കുന്നു
ധ്യാനങ്ങൾ ക്ഷണക്കത്തുകൾ
6
വഴിമാറുമോ
കാണുന്നവരുടെ ആനന്ദം
കവിതയിൽ
വായിക്കുന്നവരുടെ ആനന്ദത്തിന്
വേണമെങ്കിൽ എഴുതാതിരിക്കാം
എന്ന പോലെയും എഴുതുകയുമാകാമല്ലോ
ആയതിനാൽ
കുടയുവാനാകില്ല നെടുവീർപ്പ്
കുടയാമല്ലോ എഴുത്ത്
ഭാഷയിലെ വിരാമവേഗത
ഒരു കുത്തിന് വഴിമാറുന്ന പോലെ
വിജയിച്ച ആമയോട്
സ്വന്തം പ്രായത്തോട് മത്സരിച്ച്
വിരമിച്ച ഒന്നാണെന്ന്
അതിൻ്റെ പ്രായം ശരിക്കും
മുയലെന്ന്
പരിചയപ്പെടുത്തിയതിന് ശേഷം
വിരമിക്കുന്നവരിൽ പ്രായം പറ്റിപ്പിടിച്ചിരിക്കുന്നു
കാറ്റ് കൊള്ളും മുയൽ
നായയും കാറ്റും ഉടൽ കുടയുന്നു
ഒപ്പം കടലും
എനിക്ക് എഴുത്തും ചാരനിറവും
അതിൻ്റെ പരിസരങ്ങളും
കുടഞ്ഞ് കളയുന്ന
പൂച്ചയാകുവാൻ തോന്നി
കുടയുന്നുണ്ട് ആകാശം അതിൻ്റെ
നീല ഇപ്പോൾ കൂടുതൽ
നീലിച്ച മാതിരി
7
പ്രായം നക്കി തുടച്ചിരിക്കുവാൻ
എന്നിലെ പൂച്ച
വിരമിക്കുന്തോറും
അതിൻ്റെ കൂടിവരും നക്കൽ
ഒരു മത്സരത്തിലും പങ്കെടുക്കാത്ത
ആമയെന്ന് ഞാൻ എൻ്റെ വാർദ്ധക്യത്തിനെ
എല്ലാ വിരാമങ്ങൾക്കുമായി
പാകപ്പെടുത്തുന്നു
നഗരം ഒരു ക്ഷണക്കത്തായതിൽ
പിന്നെ
ഒരു ബുക്ക് ഷെൽഫാകും അസ്തമയം
ഇനിയും
പലരും എടുക്കാത്ത
പുസ്തകമാവും സൂര്യൻ
അതും സംശയത്തിൻ്റെ അടരുകളും
ഏടുകളും ചൂടും ചൂരും ഉള്ളത്
ശിശിരത്തിൻ്റെ ശിൽപ്പശാല
ഗദ്ഗദത്തിൻ്റെ ശിൽപ്പവും
എല്ലാ വൈകുന്നേരങ്ങളും ഓമനിക്കുവാൻ എടുക്കുന്ന ഒന്ന്
വിഷാദമാകുന്നു
8
വിഷാദത്തിൻ്റെ ക്ലാസ് മുറി
എല്ലാ ജനാലകളും വിദൂരദൃശ്യങ്ങളുടെ വിദ്യാർത്ഥികൾ
വിഷാദദൃശ്യമെന്ന ബ്ലാക്ക് ബോർഡിൽ
ചോക്ക് മന്ത്രിക്കുന്നതെന്തും
എല്ലാ
വൈകുന്നേരങ്ങളോടൊപ്പവും വിരമിക്കുന്നു
വിഷാദത്തെ സ്വപ്നം
കാണുന്നു
വാർഡ്രോബിലെ ഡ്രസ് പോലെ
സെലക്ട് ചെയ്യാവുന്ന ഒന്നാകും വിഷാദം
ഉടലിൻ്റെ കോർപ്പറേറ്റുകൾക്കിടയിൽ
ഒരു തർക്കവസ്തു മാത്രമാവണം
മനസ്സ്
ഏഴ് മണി
വൈകുന്നേരത്തിനും
രാത്രിക്കുമിടയിൽ ഒരു സാധാരണക്കാരനെ
അസാധാരണമാം വിധം
കൊണ്ട് നിർത്തുന്ന സമയം
വിഷാദം എന്ന ബ്രാൻഡിനേ
ഞാൻ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നു!
Comments
Post a Comment