Skip to main content

വിശേഷങ്ങൾ കുറച്ച് കാതിൽ കിളികൊത്തലുകൾ

കശുമാവിൻ ജാലകങ്ങൾ
ചില്ലകളിൽ തൂക്കി
കിളികൾ തുറന്നിടുന്ന വീടുകൾ

ഒരു പുലരി
അതിന്നും പിന്നിലേക്ക് പിന്നിലേക്ക് പുലരികൾ 
മുന്നിലെ പുലരി കിളിക്കും
കിളിയിരിക്കും ചില്ലക്കും
പിന്നിലാണ്

കശുമാങ്ങാ ആകൃതിയുള്ള പുലരിയേ
പകലിൽ തൂക്കിയിടുന്നു
കൊത്തുകളുടെ തൂക്കം നോക്കി
കിളികളേ അയക്കുന്നു

കിളികൊത്തലുകൾ
കശുമാങ്ങകൾ അകത്തെടുത്ത്
വെക്കുമോ
അതോ പുറത്തേക്ക് കളയുമോ
നോക്കിയിരിക്കുന്നു

കിളിക്കൊഞ്ചലുകൾക്ക് മാത്രമായുള്ള
ഞായറാഴ്ച്ച തുറക്കുന്ന
പോസ്റ്റ്ഓഫീസ് എന്ന്
കള്ളത്തരങ്ങൾ മാത്രം 
കൊണ്ട് കൊടുക്കും അവളുടെ
അണ്ണാറക്കണ്ണൻ പോസ്‌റ്റ്മാൻ

വിശേഷങ്ങൾ കുറച്ച്
വിശദമായ കത്തുകൾ
എന്ന് കാതിൽ കിളികൊത്തലുകൾ

Comments

ജനപ്രിയ പോസ്റ്റുകൾ

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ