Skip to main content

സൂര്യനൊരു നെയിംസ്ലിപ്പ്

ചിത്രങ്ങൾ കൊണ്ടും നാണം കൊണ്ടും
നെയിംസ്ലിപ്പുകൾ അലങ്കരിക്കും കുട്ടി
കുട്ടി പേരും കൂട്ടി സ്‌കൂളിലേക്ക് വരുന്നു
മഴക്ക് മുമ്പ് നെയിംസ്ലിപ്പുകൾ നനക്കുന്നു 

കുട്ടി സ്കൂളിലേക്ക് വരുമ്പോഴും
അതേ കുട്ടി സ്‌കൂളിലുണ്ട്
ഒരു പക്ഷേ മറ്റൊരു പേരിൽ

മറ്റുകുട്ടികൾക്കൊപ്പം നടക്കുമ്പോഴും അവരുമായി കലരുമ്പോഴും നെയിംസ്ലിപ്പിലെ പേര്,
കുട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു
നെയിംസ്ലിപ്പുകൾ സ്‌കൂളിൽ കുട്ടികൾ

നെയിംസ്ലിപ്പുകൾ പെയ്യുമ്പോഴും
കുട്ടികൾ പേരിൽ കയറിനിൽക്കുന്നു
കുട്ടിയും പേരുകളും നനയുന്നു
നനഞ്ഞിട്ടില്ല എന്ന കള്ളം, 
കുട്ടികളിൽ പിന്നെ നാളേ പിന്നാലെ വരും മറ്റന്നാൾ പനിയാവുമോ?

നനയുന്നുണ്ടാവുമോ പ്രായം
എത്തിനോക്കുന്നുണ്ടോവുമോ
ഉസ്‌ക്കൂളുകളും മറ്റ്അധ്യാപകരും
രക്ഷിതാക്കളും 

അസ്തമയത്തിൻ്റെ താറാവുകൾ
സൂര്യനൊരു കുളമാണെന്ന നുണ കേട്ടിരിക്കുന്നു

ജലനുണകൾ മണക്കും മഴ
നാരങ്ങാമണമുള്ള ഒരു നുണക്കുഴി
മഴ നനക്കാതെ ഒഴിഞ്ഞുപോകുന്നു

എല്ലാ മഴകളും
ജലത്തിൻ്റെ നുണ 
എല്ലാ നുണകളും കഴിഞ്ഞ്,
ഒരു കുട്ടി മാത്രം മഴക്ക്,
കാത് ചാരുവാൻ കൊടുക്കുന്നു
ചാരിവെച്ച കുടക്ക് താഴെ 
തുള്ളികൾ നെയ്തെടുത്ത മഴയൊഴുക്ക്

നുണക്കുഴിയുള്ള മഴത്തുള്ളിയേ
കുട്ടി കേട്ടിരിക്കുന്നു

ധ്യാനത്തിൻ്റെ നുണക്കുഴിയുള്ള ബുദ്ധൻ
ബുദ്ധൻ മഴ നനയുമ്പോൾ
നുണക്കുഴി ധ്യാനിക്കുന്നു എന്നെഴുതി കുട്ടി പൂമുഖത്ത് വെക്കുന്നു

മഴത്തുള്ളികൾ ധ്യാനിക്കുന്നത്
നുണക്കുഴിയും കുട്ടികളും 
കണ്ടിരിക്കുന്നു

ഓരോ ധ്യാനത്തിനും
ഓരോ നെയിംസ്ലിപ്പ് വേണമെന്ന്
വാശിപിടിക്കും 
ബുദ്ധനിലെ കുട്ടികളേ ബുദ്ധൻ,
ധ്യാനത്തിൽ ചേർക്കുമോ അതോ കവിളിൽ വിരിയും
നുണക്കുഴിയിൽ ചേർക്കുമോ
എന്നിലെ ധ്യാനം നോക്കിയിരിക്കുന്നു

കാലികമായി കൂടുതൽ നുണകൾ
ആവശ്യപ്പെടുന്ന കാലമാണ്
നുണക്കുഴിയെയും കൂട്ടി ബുദ്ധനിലെ
കുട്ടി പുതിയ നുണകൾ തേടി പോകുമോ
അതോ ധ്യാനത്തിൻ്റെ നുണക്കുഴിയിൽ വീഴുമോ

ഒരു മുല്ല വിരിഞ്ഞ മണത്തിൻ്റെ നുണക്കുഴി
സന്ധ്യയുടെ ചില്ലിട്ട് സൂക്ഷിക്കുന്ന വൈകുന്നേരത്തിൽ
നുണക്കുഴിയില്ലാത്ത വൈകുന്നേരങ്ങൾ
അസ്‌തമയങ്ങളിൽ തൊടുന്നു
അതും രാവ് നാണിക്കും വിധം

വൈകുന്നേരങ്ങളിൽ നെയിംസ്ലിപ്പുകൾ
രക്ഷിതാക്കൾ എഴുതി ഒട്ടിക്കുന്ന ഇടങ്ങളിൽ

ബുദ്ധൻ്റെ നെയിംസ്ലിപ് ഉള്ള കുട്ടി
നുണക്കുഴിയുടെ നെയിംസ്ലിപ്പുള്ള കുട്ടിയോട് 
ഒരു ധ്യാനം 
പിന്നെ ഒരു തലകുലുക്കൽ
പിന്നെ എഴുതുവാൻ ഒരു പേര് 
എന്നിവ
കടം ചോദിച്ചാൽ

നെയിംസ്ലിപ്പ് കൊണ്ട് കളഞ്ഞിട്ട്
വരുന്ന അസ്‌തമയത്തിൽ 
കുട്ടിക്കും ഒപ്പം സൂര്യനും കയറി നിൽക്കേണ്ടി വരുമോ?

കുട്ടികൾക്ക് മാത്രമായുള്ള 
കുട്ടിത്തം നിറഞ്ഞ അസ്‌തമയങ്ങളിൽ
അന്നത്തെ കുട്ടികളുടെ നെയിംസ്ലിപ്പാവുമോ 
ഇനി അന്നത്തെ സൂര്യൻ?

Comments

ജനപ്രിയ പോസ്റ്റുകൾ

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...