എന്ത് കിട്ടിയാലും
അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ
പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു
തൂവലുകളുടെ നെയിംസ്ലീപ്പ്
ഒട്ടിക്കും മുമ്പ്
അത് തുറന്നു നോക്കും മുമ്പ്
അത് പുസ്തകമാകും മുമ്പ്
ആകാശം
വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു
സൂര്യനത് തുറന്നുനോക്കുന്നു
ആരുടേയും നെയിംസ്ലിപ്പ് ആകാത്ത,
ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ
ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി
വിഷാദങ്ങൾ പൊതിയിട്ട്
ആരും സൂക്ഷിക്കുന്നില്ല
ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും
മീനാവുന്നില്ല
സ്വയം പൊതിയാകുമ്പോഴും
അഴിയുമ്പോഴും
ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല
പകരം ആമ്പലുകൾ സ്വയം
അഴിയുന്നു
രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക്
നക്ഷത്രങ്ങളുടെ പൊടിയിലേക്ക്
അസ്തമയം മാത്രം കൊള്ളും
സ്വയം അഴിയും
വിഷാദത്തിൻ്റെ പൊതി
എന്നിട്ടും അത്
വല്ലപ്പോഴും എടുത്ത് മറിച്ച്
നോക്കുമ്പോഴും
മാനം കാണാതെ സൂക്ഷിച്ചീടും
അതിലെ ഏകാന്തത
മയിൽപ്പീലി പോലെ
അതിൽ പെറ്റുപെരുകും
അതിലെ വിഷാദം
ഏറ്റവും പുതിയ വേനലേ
ഏറ്റവും പുതിയ ഇന്നലേ എന്ന്
രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്
സൂര്യനേ ലാളിക്കുന്നു
ഒരു വിഷാദിയുടെ
മയിൽപ്പീലിയാകും സൂര്യൻ
എല്ലാ ഒഴുക്കുകളും പുഴയിലേക്ക്
നീളും
ഒരുടൽ കൊണ്ടുനടന്നിരുന്നു
ഒഴുക്കിൻ്റെ നിറത്തിൽ പൂക്കാൻ വരും
നദിക്കുറിഞ്ഞിയേ
നഗ്നതയുടെ നദിയേ എന്ന്
അപ്പോഴും ഉടലിനെ
കാലടികൾക്കരികിലെ കടലേ എന്ന്
ഉടൽ വീണ്ടെടുക്കുന്നു
ബുദ്ധൻ്റെ ബുക്കേ എന്ന്
ധ്യാനം മാത്രം തുറന്നുനോക്കുന്നു
എല്ലാം പൊന്മാനുകൾക്കും
നീലയുടെ പൊതിയിടും നിൻ്റെ മാനം
നാഭികളുടെ പക്ഷി
എന്ന് അവയുടെ നഗ്നത
ആകാശം കാട്ടിത്തരാം എന്ന
അവയുടെ നീലനിറമുള്ള പ്രലോഭനങ്ങൾ
അവയുടെ നഗ്നത,
ഉടലിന് മാത്രം വരും കത്തുകൾ
പൊന്മാനിടങ്ങളുടെ പോസ്റ്റ്മാനേ
എന്ന് നീ
എൻ്റെ മാനത്തെ ഓമനിക്കുന്നു
മൂന്ന് വരി നിറമുള്ള പ്രോലോഭനം
എന്ന് ആകാശത്തേ
അതിൻ്റെ മേൽവിലാസത്തേ
നഗ്നതയുടെ മേൽവിലാസമുള്ള കത്തേ
എന്ന് ഒരു ഉടലിനെ
അതിൻ്റെ വിശേഷങ്ങളേ
ഓമനിക്കുന്നു
വേനലിൻ്റെ കലണ്ടറാവും വെയിൽ
ഞാൻ വെയിൽ മറിച്ചു നോക്കുന്നു
ഒരു ഓട്ടോറിക്ഷ പോലെ
വിഷാദനഗരങ്ങളിലൂടെ
കുടുങ്ങി കുടുങ്ങി
സഞ്ചരിക്കും പകൽ
ജമന്തിനഗരങ്ങൾ എന്ന് മാറ്റിവിരിയുന്നു
എൻ്റെ വിരിയൽ മാറ്റി വെച്ച ജമന്തി
എന്ന് ഉടൽ
പൂക്കളിലേക്ക് മാറ്റിവെക്കുന്നു
തീയതികൾ നോക്കി വിരിയും സൂര്യകാന്തികൾ
സൂര്യൻ ഒരു പൊതിയാവുമോ
തീയതിയാവുമോ
എൻ്റെ കലണ്ടർ മാത്രം നോക്കിനിൽക്കുന്നു.
Comments
Post a Comment