Skip to main content

പ്രണയത്തിലേക്ക് കയറിനിൽക്കും രണ്ട് അപരിചിതർ

അപരിചിതത്ത്വം നിലനിർത്തി
പരിചയപ്പെടുകയായിരുന്നു 
അവൾ അപരിചിത എന്നോരു ചിരി ചിരിച്ചു
ഒന്നും മിണ്ടാത്ത ചുണ്ടുകൊണ്ട്
ഞാനതേറ്റുവാങ്ങി

കഴിഞ്ഞ ജന്മത്തെ 
പൊന്മാനായിരുന്നു ഞാൻ
അത്, 
അതിൻ്റെ ജലത്തെ കണ്ടെത്തി
ആഴത്തിനും ഉയരത്തിനും 
ഇടയിൽ നീലനിറത്തിൽ
ഞാൻ തുടർന്നു

അവൾ മൈന 
തവിട്ടുനിറത്തെ എനിക്ക് പരിചയപ്പെടുത്തുവാൻ മറന്നവൾ
എന്ന് പറന്നു
മഞ്ഞ അപ്പോഴും എന്നിൽ 
നിന്നും അവൾ മറച്ചു

എൻ്റെ നാഭി നീല
പൂത്തിട്ട് പന്ത്രണ്ട് വർഷമായെന്ന
കുറിഞ്ഞി എൻ്റെ ഓർമ്മ
കുറിഞ്ഞികൾ പൂക്കുന്ന 
പന്ത്രണ്ട് വർഷങ്ങൾ എന്നിൽ ബാക്കി വെച്ചു ഉടൽ അപ്പോഴും നീലനിറത്തിൽ

അവൾ എൻ്റെ നാഭിയിൽ 
ആഴം കലർത്തി പൂക്കൾ കൊത്തുന്നു
ഞാൻ വിരിഞ്ഞ് തുടങ്ങുന്നു
അരികിലെ തടാകത്തിൽ
ഞാൻ കലരും ഓളങ്ങൾ

അവൾ അവളിൽ ഞാൻ വിരിയും ഋതു

അതിൻ്റെ അപരിചിതത്ത്വങ്ങളിൽ നിന്നും
ഇറുത്തെടുത്ത പനിനീരുപോലെ പ്രണയം
ഞങ്ങൾക്കിടയിൽ നിന്നു
ഒരു പക്ഷേ ഒരൽപ്പം അകന്നു മാറി

അകലങ്ങളുടെ ഇതളുകളുള്ള
പനിനീരുകൾ 
നമ്മുടെ ഭാവികാലങ്ങളിൽ
വന്നു വിടരുന്നു

അലക്ഷ്യമായി സൂക്ഷിക്കാവുന്ന പ്രണയങ്ങളും ഉണ്ട് അവൾ തുടർന്നു
ഒന്നിലും തുടരാത്ത ഒരുവളും 
അവിളിൽ ഒളിച്ചു പാർക്കും വിധം 
അവൾ എന്നെ നോക്കി

നോട്ടങ്ങൾക്ക് തുടർച്ചകൾ
അവയ്ക്ക് കാത്തിരിക്കുന്നവരുടെ ചിത്രങ്ങൾ

ചിരാതുകൾ കൊളുത്തി
കുറുകുന്ന പ്രാവുകൾ
അരികിൽ വെച്ചു അവൾ

അപരിചിതയുടെ ഹൃദയ മിടിപ്പ് സൂക്ഷിക്കുന്ന ഒരുവൾ എന്ന് 
അവളുടെ ഹൃദയം എന്നിൽ വന്ന് കുറുകി

എൻ്റെ ഹൃദയം
പനിനീർപ്പൂക്കൾ സന്ദർശകരായ
പ്രണയ മ്യൂസിയത്തിലെ ശിൽപ്പം
എന്നായി അവൾ

അപരിചിതത്ത്വത്തിൻ്റെ ശിൽപ്പമെന്നോണ്ണം
പ്രണയ മ്യൂസിയങ്ങളുടെ സന്ദർശകർ
എന്ന വിധം അപരിചതരായിരുന്നു
നമ്മൾ 
തുടർന്നുവോ ഞാൻ
മന്ത്രിച്ചുവോ അവൾ

അപരിചിതത്ത്വങ്ങളുടെ കട്ടെടുപ്പ്
വീണ്ടെടെടുപ്പുകൾ ഇട്ടുവെക്കുവാനും
വേണ്ടേ ഒരിടം?

പകൽ, വെളുപ്പാൻകാലങ്ങൾ ഒളിപ്പിക്കുന്നു
അപ്പോൾ രാത്രിയോ
രാത്രി നമ്മളെ എന്നവാം എന്നവൾ

അറിയില്ല എന്ന വാക്കിൻ്റെ
വീണുടയൽ തന്നെയല്ലേ പ്രണയം

പലവട്ടം ഉടഞ്ഞ ഉടൽ
ഒരിക്കൽ കൂടി ഉടയാനുള്ള
വിട്ടുകൊടുപ്പ് 

അപരിചിതത്ത്വം
പ്രണയിക്കുമ്പോൾ മനസ്സ് വെക്കുന്ന ഒരിടം എന്നാവാം അവൾ

നിശ്ശബദ്ത ഇറക്കിവെച്ച കല്ലുപോലെ
ചാരനിറമുള്ള കാലം

മോഷ്ടിക്കുന്നവർക്ക് എപ്പോഴും ധൃതിയാണ് എന്നവൾ
ഞാൻ പ്രണയം മോഷ്ടിച്ചുവോ
എന്ന് സംശയിക്കുവാനൊരുങ്ങും ഞാൻ

പ്രണയത്തിൻ്റെ മോഷണമുതൽ പോലെ
അവൾ

ശരിക്കും സമയം മോഷ്ടിക്കുന്നത്
പോലെ ഞാൻ അവളെ മോഷ്ടിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...