പാകത്തിന് ചേർക്കുന്ന ഉപ്പ് പോലെ
പാകം മാത്രമാവുകയായിരുന്നു ഭാഷ
കൊന്തുന്ന കാലിന്നരികിൽ കല്ലായ്
കടലിനെത്തൊട്ട് കിടന്നു
ഇനിയും ചേർക്കാത്ത ഉപ്പ്
അവിടെ തന്നെ തുടർന്നു
ആകാശം
അതും
അനശ്വരതയുടെ മ്യൂസിയം പോലെ
നശ്വരത കല്ലായി
കടൽ കിടപ്പായി
ഇനി കിടക്കുന്നതിൻ്റെ മ്യൂസിയമാകുമോ കടൽ?
സംശയം അതിൻ്റെ ഉറപ്പിനെ
വെറുതേ ചെന്ന്
കൊന്തിത്തൊട്ടുവന്നു
വെറുംവെറുതേ
വേനലിൻ്റെ സൂര്യമഗ്ഗ്
സൂര്യൻ വേനലുകളുടെ മ്യൂസിയം
എൻ്റെ വിരലുകൾ,
കൊന്തിത്തൊടലുകൾ എടുക്കാതെ
ചെന്ന്
അതിൻ്റെ ചാരത്തിൽ തൊടുന്നു
എൻ്റെ പ്രണയം അതിൻ്റെ പഴക്കം
ഞാൻ പഴക്കങ്ങളുടെ റാന്തൽ
ഒപ്പം അവയുടെ മ്യൂസിയവും
മ്യൂസിയങ്ങളാവണം വിരലുകളും
തുടർച്ചകളുണ്ടായി മേഘത്തിന്
മേഘങ്ങളുടെ മ്യൂസിയം എന്ന ആശയം
എങ്ങും തൊടാതെ നിന്നു
ആകാശത്തിൽ
ഇനി അവിടെ ഉണ്ടാകുമോ
മരിച്ചുപോയവർക്കും സന്ദർശകർക്കും പ്രവേശനമില്ല എന്ന ബോർഡ് അതും പൊടിപിടിച്ച്
പൊടികൾ പൊടികളുടെ മ്യൂസിയം അവയുടെ സൂക്ഷമതകൾ മാത്രം അവിടെ സന്ദർശകർ
കൊന്തുന്ന കാലിന്നരികിൽ
അന്തരീക്ഷം
ഒപ്പം കിടന്നു കല്ലും ഇടങ്ങളും
ചതുരംഗത്തിലെ കരുപോലെ
തുമ്പികൾ മാത്രം അവയുടെ നീക്കം നീക്കി നീക്കി വെക്കുന്നു
ഞാൻ തുമ്പികൾക്ക്
അന്തരീക്ഷത്തിൽ
നീക്കവും ഒപ്പം കൊന്തിത്തൊട്ടു- തൊടലുകളും വിളമ്പിവെക്കുന്നു
കുട്ടികൾ തീൻമേശകളിൽ
അവർക്കിഷ്ടമില്ലാത്ത ഭക്ഷണം
നീക്കിവെയ്ക്കും പോലെ
തുമ്പികൾ നീക്കവും
എന്നേയും മാറ്റിവെക്കുന്നു
തുമ്പികൾക്കും മനുഷ്യർക്കും ഇടയിൽ
നീക്കം ഒരവയവം
ആശുപത്രികൾ സ്റ്റെദസ്ക്കോപ്പുകൾ
മരുന്നുകൾ ഡോക്ടർമാർ നഴ്സുകൾ
ബില്ലുകൾ ടെസ്റ്റുകൾ
ഒപ്പം ലാബും എം ആർ ഐ സ്കാനറുകളും
കൂട്ടിരിപ്പുകാർക്കൊപ്പം
കല്ലെടുക്കാത്ത തുമ്പികളും
രോഗികളേയും അവരുടെ ബില്ലടക്കാത്ത
ഏകാന്തതയേയും ചെന്ന് കൊന്തിത്തൊട്ടു കളിക്കുന്നു
ആരും കാണാതെ
കൊന്തുന്നുണ്ട് ഡോക്ടർമാരും
നെഞ്ചോട് ചേർത്ത്
അവരുടെ സ്റ്റെദസ്ക്കോപ്പുകൾ അപ്പോൾ തുമ്പികൾ
സന്ദർശകർ ചികിൽസകർ
ആശുപത്രികൾ രോഗങ്ങളുടെ
ഏറ്റവും പുതുക്കമുള്ള മ്യൂസിയങ്ങൾ
ബുദ്ധഉടൽ മാറ്റി വെക്കുവാൻ
ബുദ്ധനായ എൻ്റെ തുമ്പി
തൻ്റെ ധ്യാനവുമായി
അന്തരീക്ഷം സന്ദർശിക്കുന്നു
എന്ത് വേണമെങ്കിലും പിൻവലിക്കാം
കവിതയോ ഉടലോ
അന്തരീക്ഷമോ തൊടലോ തീണ്ടാരിയോ
ജാതി മാത്രം നിലനിൽക്കും ഉറപ്പ്
വാക്കുകൾ കുറച്ച് നേരം അന്തരീക്ഷത്തിൽ
നിന്നേക്കാം
അതും സ്വാന്ത്വനദൂരം നടന്ന വാക്കുകൾ
ഇപ്പോൾ ഞാനും തുമ്പിയും
ഞാനെന്ന വാക്കിൽ പറന്നുപറ്റും
കൊളുന്തുമണമുള്ള തുമ്പി
അതിൻ്റെ തുമ്പികൈയ്യുള്ള അന്തരീക്ഷം
അതിൽ പാകത്തിന് ചേർത്ത അനീതി
പാകത്തിനെങ്കിലും ചേർത്തിട്ടുണ്ടോ
കവിത? അറിയില്ല
കൊന്തിത്തൊട്ടു കളിക്കുമ്പോൾ
കൊന്തുന്നതിനും തൊടുന്നതിനും
ഇടയിൽ, ഉടലിനെ അന്തരീക്ഷത്തിൽ നിർത്തുന്നത് പോലെ
ഇടവും വിരലുകളും പിൻവലിക്കുന്നു
ഉടലിനെ അന്തരീക്ഷത്തിൽ
നിർത്തുന്നു.
Comments
Post a Comment