Skip to main content

മരം ഒരുറക്കംതൂങ്ങലിനെ വേരാക്കും വിധം

വീഴുന്നതിന് മുമ്പ് ഒരിലയുടെ പാളിനോട്ടം
ഉറങ്ങുന്നതിന് മുമ്പ് ഒരു താരാട്ടിലേക്ക്
അതും കേൾക്കുന്നതിന് മുമ്പിലേക്ക്

കേൾക്കുന്നതിൻ്റെ തൂവൽ പോലെ
താരാട്ടിന് മുന്നിലേക്ക് വന്ന് വീഴും ഉറക്കത്തിൻ്റെ ഒരില

ഒരു പാളിനോട്ടമുണ്ട്
ഉറക്കത്തിനും,
കേട്ട താരാട്ടിലേക്കും
കുഞ്ഞിലേക്കും
അതും ഉറങ്ങിയതിന് ശേഷവും 
ഉറങ്ങുന്നതിന് മുമ്പും
ഒരു പക്ഷേ ഒരമ്മയോളം

മുകളിൽ
വെള്ളമൊഴിച്ച് ചന്ദ്രൻ മാറ്റിവെക്കും
കലകളുടെ താരാട്ട്
അതും ഇരുട്ടുന്നതിനും തൊട്ട് മുമ്പ്

ഉറക്കം കൺപോളകളിൽ കുറിച്ചുവെച്ച്
താരാട്ടിൽ ഒഴുകിപ്പോകും രണ്ടിലകൾ
കുഞ്ഞിൻ്റെ കാലടികൾ

ഉറക്കുന്നത് ഒരമ്മയാണെങ്കിലോ
എന്നും ഉറക്കിക്കൊണ്ടിരുന്ന
കുഞ്ഞ് അരികിലില്ലങ്കിലോ

ഞെട്ടുകൾ അഴിച്ചിട്ട്
തുമ്പുകൾ വാരിക്കെട്ടിവെച്ച്
ചില്ലകൾ കഴുകിക്കമഴ്ത്തിയ
മരങ്ങൾക്ക് ചോട്ടിലേക്ക്
ചേക്കേറും ഇലകൾ

തൂവലുകൾ എല്ലാം ഉറക്കി
ഒരു കിളിയുടെ ഉറക്കംതൂങ്ങലുകൾ
ഏറ്റുവാങ്ങും മരം

ഉറക്കം കിനിയും മുലഞ്ഞെട്ട്
പാലൊച്ച കേൾപ്പിക്കാതെ
മുലഞ്ഞെട്ടിൻ്റെ വാൽസല്യത്തിലേക്ക് അതിൻ്റെ മടങ്ങിപ്പോക്ക്
അപ്പോഴും അമ്മമണങ്ങളിൽ
കൺപോളയോളം തങ്ങിനിൽക്കും 
ഒരു കുഞ്ഞ്താരാട്ട്

അതിൻ്റെ നക്ഷത്രത്തിൽ
കണ്ണടച്ച് കിടക്കും ഡിസംബർ,
ആകാശത്തിൽ.
അതിനരികിൽ
ഒരു ജനുവരികോശത്തിൻ്റെ ഉറക്കംതൂങ്ങൽ

വേര് മണ്ണിനെ ഉറക്കുന്നു
ഇനിയും ഉറങ്ങാത്ത ആകാശത്തിൽ
പതിയേ ഒരില തൊടുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!