പിന്നിലേക്ക് നീന്തി മീനുകൾ നടും ഞാറ്
പതിയേ ഒരു പാടമാവും പുഴ
അവളുടെ കാതിന്നരികിൽ ഞാൻ പിന്നിലേക്ക് നീന്തുന്നു
എന്നെങ്കിലും മീനാകുവാനുള്ള
എന്റെ അപേക്ഷ,
അവളുടെ ചുണ്ടുകൾക്കരികിൽ
ഉടലിന്റെ റേഡിയോകളെ
പാടുവാൻ വെച്ച് അറിയിപ്പുകളുടെ
പാടുകളുമായി
അവൾക്ക് ചുറ്റും
വയലും വീടും എന്ന കാറ്റടിക്കുന്നു
തനിയേ കാറ്റടിച്ചടയും
വാതിലുകൾക്ക് അവൾ
വീടിന്റെ ഇങ്ക് കൊടുക്കുന്നു
അതും അത്രയും ശ്രദ്ധിച്ച്
വാൽസല്യം ചേർത്ത് കുഞ്ഞിനെ പ്പോലെ
യൂക്കാലിപ്റ്റസ് ഇലകളുടെ
നദിയാകും ഋതു
വിരിയുന്നത് ചാരി മൊട്ടുകൾ
ഇതളുകൾ മാത്രം ചാരും
പൂക്കളും
അതിന്റെ അരക്കെട്ടുപേക്ഷിച്ച് മഴ
പാദങ്ങൾ മാത്രമണിഞ്ഞ്,
നടന്നുപോകും വഴി
ഋതു ഏതോ പൂവിന്റെ അതിഥി
നമ്മുടെ നഗ്നതകൾ,
അതേ മഴയിൽ കയറിനിൽക്കുന്നു
ഉടലിന്റെ തീർത്ഥാടകരാവുന്നു
എത്ര അടക്കിപ്പിടിച്ചിട്ടും
ശൂന്യത മുകളിലേക്ക് പറന്നുയരും
മെർലിൻമെൻട്രോ ആകാശം,
ഉടലിന്നരികിൽ
ഇപ്പോൾ
ഞാനും എന്റെ മീനും
നിന്റെ പിന്നിലേക്കൊഴുകും
കാതുകളുടെ അതിഥി
നമ്മുടെ അടക്കിപ്പിടിച്ച നഗ്നതയിലൂടെ ഒരു കളിവഞ്ചി ഒഴുകിപ്പോകുന്നു.
Comments
Post a Comment