Skip to main content

വിഷാദത്തിന്റെ ആഷ്ട്രേക്കാലങ്ങൾ

മണ്ണിൽ വീണ കുറേ നാളായി
ജീർണ്ണിച്ച ഇല പോലെ ആകാശം
അതേ പോലെ തന്നെ മേഘങ്ങളും

വീണത് മണ്ണിലോ മതത്തിലോ
അതോ വിശ്വാസത്തിലോ 
അവിശ്വാസത്തിലോ
അറിയില്ല
വീണുവോ എന്ന് തന്നെ അറിയില്ല
ജീർണ്ണിച്ചിട്ടുണ്ട് മനുഷ്യരും

ബോധത്തിന്റെ പൊരി വീണ് പൊള്ളി.

എനിക്ക് ബുദ്ധൻ, 
തന്റെ ധ്യാനം കുത്തിക്കെടുത്തും ആഷ്‌ട്രേയാവണമെന്ന് തോന്നി

തന്റെ അസ്തമയം കുത്തിക്കെടുത്തും
സൂര്യൻ
പൊരി വീണ് പൊളളും എന്റെ വിഷാദവും 

ഞാൻ എല്ലാ രാത്രിയിലും 
ചാരിനിൽക്കും ഇരുട്ട്
രാത്രിയില്ല ഇരുട്ട് മാത്രം

പുഴയിലേക്ക് ചാഞ്ഞ് നിൽക്കും മരം 
എന്നോ ഒരിക്കൽ അത് ഞാവൽ
എന്റെ കുരുവി സാക്ഷി
ഇപ്പോൾ മരം അവിടെ ഇല്ല
നാവിൽ ഞാവലിന്റെ കറ പോലെ
നനവിലേക്ക് അതിന്റെ ആയൽ മാത്രം

ഇല്ലാ എന്ന വാക്കിൽ ചെന്ന് മുട്ടി 
തിരിച്ചുവരും എന്റെ കിളികൾ 

കിളി മാറ്റിമാറ്റി വെക്കും
ചേക്കേറുന്നതിന്റെ കരു

കളങ്ങളിൽ
ചതുരംഗങ്ങളിൽ
കാണപ്പെടുമ്പോലെ ഇരുനിറങ്ങളിൽ
കാണപ്പെടും
അതിന്റെ കൂടിന്റെ ശൂന്യത

നെടുവീർപ്പ് കുഴിച്ചെടുക്കും ഖനി
ഒരു തുള്ളി പോലും തന്റേതല്ലാത്ത മഴ

അതിന്റെ നീലയിൽ ചാരി 
എന്റെ പൊന്മാൻ

വെളിച്ചത്തിന്റെ ഒരു തുള്ളി ഇറ്റിച്ച് തുറക്കും മിന്നാംമിന്നിത്താഴ്
വേഴാമ്പൽപ്പടി

എന്റെ മഴ
ഒരു വേഴാമ്പൽച്ചാരൽ തിരഞ്ഞു
തിരഞ്ഞു പോകുന്നു

പിന്നെ എന്റെ പുൽച്ചാടിസൂര്യൻ
അതിന്റെ ആട്ടം ഇട്ടു വെയ്ക്കും പുൽക്കൊടിത്തുമ്പാകും
സമയം

ആകാശത്തിന്റെ ആഷ്ട്രേ
എന്റെ കിളികൾ നീക്കിനീക്കി വെയ്ക്കുന്നു
അതിലേക്ക് ഇലകൾ കൊഴിയുന്നു

അസ്തമയം കൊഴിയുന്നിടത്തേക്ക്
ഞാൻ എന്റെ സൂര്യനേയും

ആഴങ്ങളാണ് ഏകാന്തതകൾ 
ഭൂമിയുടെ ഏകാന്തത 
പ്രകൃതി എന്നറിയപ്പെടുമ്പോലെ,
കുറച്ച് കൂടി ജൈവികമായ വാക്ക്
ആവശ്യപ്പെടും എന്റെ ഏകാന്തത

പ്രണയം എന്ന വാക്ക്
ഞാനും, നീക്കിനീക്കി നീക്കിവെയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി