Skip to main content

കലയണിഞ്ഞ ഒരു സംശയം ശിവനാകും വിധം

ശിൽപ്പി നിർത്തിയിടത്ത് നിന്ന്
തന്റെ ധ്യാനം,
ബുദ്ധൻ തുടങ്ങുന്നിടത്ത്
കല നിർത്തിയിടത്ത് നിന്ന്,
മാനം തുടങ്ങുന്നു

അതായത്,
ഉടൻകാലങ്ങളിലെ അകാലചന്ദ്രൻ

ആ രാത്രിമാഞ്ഞുപോയി എന്ന 
പാട്ടുപാടി 
ഭിത്തിയിൽ തൂക്കും
പാടുവാൻ 
കാരണങ്ങൾ ഒന്നുമില്ലാത്ത ചിത്ര

അറ്റത്ത് 
സമുദ്രങ്ങളുള്ള കാത്
വിരൽത്തുമ്പിൽ 
മെടഞ്ഞിട്ട കനൽസ്പർശങ്ങൾ

ഒരു തിരയെ കാതിൽ മെനഞ്ഞ്
കടലിന്നരികിൽ തൂക്കുന്നു
മെനഞ്ഞ മൈനയുടെ മടിയിൽ
നടത്തത്തിന്റെ മഞ്ഞയുടുത്ത്
കടൽത്തീരത്ത് കിടക്കുന്നു
അടുത്ത് നിറം,
കടലിന്റേയും മൈനയുടേയും

ഊരിയിട്ട ചെരുപ്പിന്റെ അരികിൽ
നടത്തത്തിന്റെ ഒരു ചട്ടിച്ചാന്ത്
കാലുകളിൽ തട്ടും കടൽ

അടുത്ത് ഇറങ്ങുവാനുള്ള ഒരാൾ
വാതിലിന്നരികിൽ 
ഏറ്റവും അടുത്ത അകലത്തിൽ
കമ്പിയിൽ ചാരിനിൽക്കുമ്പോലെ
കടലിന്നരികിൽ 
അതിന്റെ ഇരമ്പത്തിൽ ചാരി
ഞാനും എന്റെ മീനും

മീൻമുളളുകൾ ഉള്ളിലുണ്ടാക്കുന്ന ശബ്ദത്തിൽ പിടിച്ചുനിൽക്കുന്നു
മീൻമുള്ളുകളിൽ ചാരി,
കാത് വെക്കുന്നു

പകലിന്റെ നാലുമൂലകളുള്ള
സൂര്യന്റെ ചിത്രമുള്ള
ഒരു വിസിറ്റിങ്ങ് കാർഡാവും
അസ്തമയം

ആഷ് നിറമുള്ള സൂര്യൻ
ഒരനധികൃത വിഷാദം

തൂവാലയിലെ ചന്ദ്രനോട്
മാനം പറയും അടക്കം
ചന്ദ്രക്കലയായി അടക്കം,
രഹസ്യത്തിൽ തങ്ങിനിൽക്കുന്നു

തൂവാലയിലെ ചന്ദ്രക്കല
ചന്ദ്രക്കല ചുംബനങ്ങൾ
ഒരുപക്ഷേ അവളുടെ പിൻകഴുത്തിലെ വളർത്തുടാറ്റുവിനും പിന്നിൽ

അവളുടെ പൊക്കിൾക്കൊടി മേഘമാകുവാൻ പോകും
മാനമാകും ഞാൻ

അതിന്റെ ആഴത്തിൽ ചെന്ന് തട്ടി മടങ്ങിവരും ചന്ദ്രക്കല

പാട്ടിനെ പുറത്തുനിർത്തി
അവളുടെ കാതിലെ ജിമിക്കിയിൽ
കാത് വകഞ്ഞ് തട്ടും 
മാനം

കലകൾ തള്ളിത്തുറന്ന്
അവളുടെ ചന്ദ്രമുഖഭ്രാന്ത് എന്നിൽ
പ്രവേശിക്കുന്നു

ചന്ദ്രദളയമുനേ
ചന്ദ്രദളയമുനേ എന്ന് ഓളങ്ങൾ

പൊക്കിൾക്കൊടിച്ചന്ദ്രൻ എന്ന്
അവളുടെ മാനത്തിന്റെ ചരിവിൽ
നീട്ടിയെഴുതും ഞാൻ

അവളുടെ മാനം ഉടലിലേക്ക്
വന്യമായി ചരിയുന്നു
ചരിവുകളിൽ ചിലങ്ക കെട്ടി
മുദ്രകളിലേക്ക്  അവൾ വിരൽ 
പതിയേ പിൻവലിക്കുന്നു

ചിലങ്കയില്ലാത്ത എന്റെ കാല്
മാനത്ത്

ഉടലിൽ പിൻകഴുത്തിൽ അവൾ
രഹസ്യമായി വളർത്തും
വളർത്തുമൃഗടാറ്റുവിനെ
എനിക്ക് നേരെ വന്യമായി
അഴിച്ചുവിടും അവൾ

പിന്തുടരുന്ന മാനത്തിന്റെ 
പതിനാല് ദിനങ്ങളെ 
ആരും കാണാതെ അവൾ
കലകളിൽ
അണിയുന്നു 

വീടുകൾ 
ജാലകങ്ങൾക്ക് അണിയിക്കും 
തിരശ്ശീല പോലെ
ഒന്നുനിർത്തുമ്പോൾ
അർത്ഥവും വികാരവും മറച്ച്
ഓരോ വാക്കിനും അവൾ
വരികളിലണിയിക്കും
ശബ്ദത്തിന്റെ ഞൊറിയുള്ള
നിശ്ശബ്ദതയുടെ തിരശ്ശീല

അവളുടെ ടാറ്റുത്തുമ്പത്ത് നിന്നും 
ഇറ്റും 
എന്റെ നഗ്നതയുടെ 
നാടകീയത കലർന്ന ഒരുതുള്ളി

എല്ലാ അർത്ഥങ്ങളും ശബ്ദങ്ങളും
ഉപേക്ഷിച്ച് സമാധിയാവുന്ന ഒരു വാക്ക്

തീർത്ഥാടനം പോലെ 
മടക്കം മറന്നുവെച്ച വാക്ക് 
ചന്ദ്രക്കലയാവുമോ എന്ന് അവൾ
സംശയിക്കുന്നു

കലയണിഞ്ഞ ഒരു സംശയം
ശിവനാവും വിധം

ശലഭലജ്ജ
ആകാശനാണം തുടങ്ങിയ
പ്രസിദ്ധീകരണങ്ങൾ

കല അഴിഞ്ഞ മടക്കച്ചന്ദ്രൻ,
അവളുടെ ടാറ്റുവിൽ നിന്നും അഴിച്ചെടുക്കും മാനം

ആകാശം എത്തിനോക്കും 
മൂന്ന് കലഹവേനൽക്കാലങ്ങൾ
ഉദാഹരണം പൊക്കിൾക്കൊടി
വിലകുറഞ്ഞ ഒരു നന്ദി

ആകാശത്തിന്റെ ചുമട്ടുതൊഴിലാളിയായ 
ശലഭം

വാക്കിന്റെ ചുമട്ട് തൊഴിലാളിയായ കവിത,
അത് 
ഒരു വാക്ക് ഇറക്കിവെക്കുവാൻ തിരയും ആവശ്യമായ ശൂന്യത

ഒരു പഴയകാലകോളേജ് മാഗസീനിലെ
പക്വതയും പാകതയും വന്ന താടിവളർത്തിയ 
മൂന്ന് തേഡ് ഡീസി
പ്രതിനിധികളെ പോലെ
ഏകാന്തതയുടെ മൂന്ന് ചിത്രങ്ങൾ

എന്നേക്കാൾ വിഷാദിയായ ഒരുവനെ
കവിത 
കണ്ടുമുട്ടും വിധം.





Comments

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...