കത്തിച്ചുവെച്ച കർപ്പൂരം പോലെ
ഓണം തീർന്നുപോകുന്നു
തീ ബാക്കിയാവുന്നു
കൊഴിഞ്ഞുവീണ വാകപ്പൂക്കൾക്കിടയിൽ
എന്റെ തണൽ,
അണച്ചുവെച്ച ഓണം
അതിന്റെ ചുവപ്പിനിടയിൽ
എന്റേതല്ലാത്ത തണൽ തിരയും
അതിന്റെ ഓണശരീരം
ഇലകളനങ്ങും പോലെ
മാനത്തിന്റെ നീലകൾ അനങ്ങും സ്വരം
ശലഭങ്ങളുടെ ബാൽക്കണി
ഞാനും എന്റെ ശലഭങ്ങളും
സോഡാക്കുപ്പിക്കുളളിലെ
ഗോലിപോലെ
രണ്ട് കവിൾവെയിലുകൾക്കിടയിൽ
കുടുങ്ങിക്കിടക്കും
എന്റെ വേനൽ
ശബ്ദത്തിന്റെ അടപ്പുള്ള
സോഡാക്കുപ്പികൾ പൊട്ടിച്ച്
എന്റെ മേഘങ്ങൾ,
നീലനിറത്തിൽ
മാനമൊഴിച്ചുവെക്കുന്നു
വീടിന്റെ മുറ്റത്ത്
നായയെ ഒഴിച്ചുവെക്കുന്ന ടാപ്പിന്റെ
അടുത്ത്,
അതിന്റെ തുന്നൽയന്ത്രത്തിൽ
ചിറകടികൾ തോരാത്ത
തൂവലുകൾ ഇറ്റുവീഴും
മാടപ്രാവുകളുടെ അയ തുന്നിയിടുകയായിരുന്നു
എന്റെ ആകാശം
കലണ്ടറിലെ നായയുടെ
നാവാകും ഞായർ
എന്റേതല്ലാത്ത
പ്രവൃത്തിദിനങ്ങളെ അത്
നക്കിത്തുടക്കുന്നു
ആന്തരീക തൂവലുകളുള്ള
ഉടലിന്റെ ദേശാടനപ്പക്ഷികൾ
അത് ഉള്ളിലടക്കും ചിറകടികൾ
ഒരവധിദിനത്തിലെ
മാനത്തിന്റെ പകർപ്പ്
ഒരിലയിലെടുക്കുന്നു
ഒരു ചില്ലയിലാക്കി
അത് എന്റെ കിളികൾക്ക് നീട്ടുന്നു
ചരിച്ചെടുക്കാവുന്ന ദ്രാവകമാവും
സന്ധ്യ
സൂര്യനിൽ എടുക്കും
അസ്തമയത്തിന്റെ ഗാഢലായനി
പകൽ പരതി കണ്ടുപിടിക്കുന്ന ഒരാൾ
വിരൽ,
സൂര്യനിൽ തൊടുമ്പോൾ മാത്രം
വെന്തപോലെ അയാൾ
പിൻവലിക്കും പകൽ
അസ്തമയം കൊണ്ടുകളഞ്ഞ സൂര്യൻ
അയാളിൽ,
സൂര്യൻ തിരയുന്നതെല്ലാം
അസ്തമയമാകുവോ ഇനി
അടുത്തടുത്ത് വരുന്ന
സഞ്ചരിക്കുന്ന
ഒരു ബുള്ളറ്റായിരിക്കുമോ അസ്തമയം
വിഷാദശബ്ദങ്ങളുടെ ശേഖരമുള്ള
എന്റെ ടീനേജ്ബുദ്ധൻ മാത്രം
സംശയിക്കുന്നു.
Comments
Post a Comment