Skip to main content

കടൽകൊള്ളക്കാരന്റെ ഭാര്യ

നീ കടൽക്കൊള്ളക്കാരന്റെ ഭാര്യ
ഓരോ കൊള്ളയും കഴിഞ്ഞാൽ അയാളിത്ര
നന്നാവുന്നതെന്തിനാണെന്ന് ഞാൻ വിചാരിക്കുന്നു

കടൽകൊള്ള കഴിഞ്ഞാൽ
അയാൾ ഏറ്റവും കൂടുതൽ സമയം,
ചിലവഴിയ്ക്കുന്നത് 
നിന്നെ സ്നേഹിക്കുവാനാണെന്ന് 
നീ പറയുന്നു

അയാൾക്ക് താമരവിരിയുന്ന മണമാണെന്ന്,
അയാൾക്ക് മാറത്ത്
നീലപ്പൊന്മാൻ നിറമുള്ള ചുണങ്ങുണ്ടെന്ന്,
അത് പക്ഷിയോളം പറക്കുമെന്ന്

കൊള്ളയുടെ ഭാഗമായി അയാൾ
ഭാര്യയും കുഞ്ഞുമുള്ള ഒരു നാവികനെ 
അതിക്രൂരമായി കൊന്നിട്ടുണ്ട്.
അത് നീ എന്നോട്,
ഒരു കൂസലുമില്ലാതെ പറയുന്നു.

എന്തിനാണ് അയാളിങ്ങനെ കൊള്ളയടിക്കുന്നത് ?
എന്ന് ചോദിക്കുമ്പോൾ നീ ചിരിക്കുന്നു
അതും ഉറക്കെയുറക്കെ.
പക്ഷികൾ അകന്നകന്നുപോകുമ്പോലെ.

അവരുടെ സമയം കൊള്ളയടിക്കുന്നുണ്ടാവും
അല്ലാതെ അയാൾ ആരെയും കൊല്ലുന്നുണ്ടാവില്ല
സ്വയം ആശ്വസിപ്പിക്കുവാനെന്നോണ്ണം
ഞാൻ പറയുന്നു

അപ്പോഴും,
എന്റെ ഓർമ്മ അതിന്റെ ഗൂഗിളിൽ
തിരയുന്നുണ്ട്,
എന്തിനാണ്
കടൽകൊള്ളക്കാർ അവരുടെ ഒരു കണ്ണ്
മറയ്ക്കുന്നത് ?
എന്തിനാണ് അവർ 
മക്കാവു എന്ന പേരുള്ള തത്തകളെ
ഓമനകളായി
ചുമലിൽ കരുതുന്നത്

കണ്ണുകൾ പാതിമറച്ചാൽ,
ഒരു പകൽ കൊള്ളക്കാരനാവുകയാണ്
സൂര്യൻ.
ജീവിതം പാതി മറച്ചവർ,
ഏത് നിമിഷവും കൊള്ളയടിക്കപ്പെട്ടേക്കാവുന്ന,
കൊല്ലപ്പെട്ടേക്കാവുന്ന
നാവികരും വഴിയാത്രക്കാരും

എല്ലാ കൊള്ളകൾക്കൊടുവിലും
അയാൾ അരികിൽ കരുതി
നിന്നിലേക്ക് തുറക്കുന്ന ഒരു ജാലകം

കപ്പലൊഴിയും നേരം,
അരക്കെട്ടിന്റെ അഴിയുള്ള ജാലകം
എന്ന് ഉടലിനെ
എടുത്തുവെയ്ക്കുന്നിടമെല്ലാം 
അപ്പോൾ അയാൾക്ക് വീടായി

അരക്കെട്ടുകളും ജാലകങ്ങളും

ഒരു കടൽക്കൊള്ളക്കാരന്റെ അരക്കെട്ടിന്
ഒരുലച്ചിൽ കൂടുതലാണ്
എന്നാവും നിന്റെയുള്ളിൽ

ഇപ്പോൾ അയാളുടെ ഉലച്ചിലിനെ
കൊന്തിത്തൊട്ടുകളിക്കുന്ന
ഒരു കുട്ടിയുണ്ടാവും നിന്റെ ഉള്ളിൽ

ഒരു ഓർമ്മറാഞ്ചിപ്പക്ഷിയാവുകയാണ്
കാലം.

പഴക്കം ഒരു പുള്ളിപുലി
അതിനെ കൊള്ളക്കാരൻ 
കഥകൾ കൊടുത്ത് ഓമനിയ്ക്കുകയാണ്
അവളുടെ ഓർമ്മകളിൽ

കടൽകൊള്ളക്കാർ കയറുമ്പോൾ
കപ്പലുകൾ ഓർത്തുവെയ്ക്കും
ഒരുലച്ചിലുണ്ട്

മുള്ളുകളുള്ള കടൽ
കപ്പൽ മാത്രം മാറുന്നു

കൊലകളുടെ, കൊള്ളകളുടെ
പഴക്കമുള്ള കപ്പലിൽ
ഭാരമുള്ള കഥകളാണ്,
പല കപ്പലുകളുടേയും
നങ്കൂരം

പറക്കലൊതുക്കുന്നു
പക്ഷി അതിന്റെ നങ്കൂരമായി
നീലയും നിലത്തേയ്ക്കിടുന്നു

കാക്കകളെ കടൽ മണപ്പിച്ചുനോക്കുന്നു
അവയുടെ കറുപ്പ്
വെളുപ്പിൽ നേർപ്പിച്ച് കടൽകാക്കകൾക്ക്
വിതറുന്നു

കടൽചൂര് കലർന്ന
ഉണങ്ങിയ കുരുമുളകിന്റെ
മണമാണ് ഇപ്പോൾ അവൾക്ക്

ഒരു തിരമാല മാത്രം തിരശ്ശീല
പ്രതീക്ഷ എന്ന കൊളുത്തിവെച്ച നാളം.
കാലം എന്ന നിലവിളക്ക്.
കപ്പലുകൾ,
കടലുകളിലെ ആടും കഥകളിവേഷക്കാർ

കഥകളിലെ മിത്ത് 
ചുറ്റിവരും കപ്പൽ

മുദ്രവെച്ച കവറിൽ
ഞാൻ കൊല്ലപ്പെട്ട നാവികൻ
എന്ന എന്റെ ഓർമ്മ 

നീയാ നാവികനാവല്ലേ എന്ന 
നിന്റെ അടുത്തടുത്തുവരും
പ്രാർത്ഥന

മുറിവേറ്റതിനും മരിയ്ക്കുന്നതിനുമിടയിലെ
ഓർമ്മയുടെ കടലിടുക്ക്

അടുത്ത ജന്മം എന്ന കപ്പലിൽ
നമ്മൾ രണ്ട് യാത്രക്കാർ

അവളെത്തൊടും നീയെന്ന വാക്കാണ്
കടൽ

നിനക്കിപ്പോൾ
വല്ലാതെ ഇറുകിത്തുടങ്ങിയിട്ടുണ്ട്,
കൊള്ളക്കാരന്റെ ഭാര്യയാകുന്നതിന് മുമ്പ്
നീ ധരിച്ചിരുന്ന 
കൊല്ലപ്പെട്ട നാവികന്റെ ഭാര്യ എന്ന കുപ്പായം.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!