Skip to main content

കടൽ കൊന്തിത്തൊടും ഒരു മീൻ

1

ആരുടെ പക്ഷിയാണീ
നാടൻപ്പാട്ടിൽ സൂക്ഷിയ്ക്കുമാകാശം
പാട്ടുകളുടെ നാട്
കാട്ടിലെ കവിതയേ
അതിനുള്ളിലെ ഭാഷയെ
ഒരു വാക്കിൽ സൂക്ഷിക്കും പോലെ
പക്ഷി സൂക്ഷിയ്ക്കുമാകാശം

അന്നന്നുള്ള പറപ്പാണ്
അടുത്ത ദിവസത്തേയ്ക്ക് അത് പറക്കാറില്ല,
ശരിയ്ക്കും പറഞ്ഞാൽ
തികയാറില്ല

മീനിനെപ്പോലെ
അന്നന്നുപയോഗിച്ച് അധികം വന്ന കടൽ
ഇട്ടുവെയ്ക്കും കുടുക്ക
മറ്റൊരു കിളിയ്ക്ക്
ആകാശമാവുന്നതാവാം

രാത്രി ഒരു കുടക്കയാവുന്നു
പകൽ ഒരു കൊയ്ത്തരിവാൾ
അതിരാവിലെ
ഒരു പകലിന്റെ മടമ്പ് കയറ്റി
സൂര്യനത് പൊട്ടിയ്ക്കുന്നു

2

നീലനിറം പിടിച്ചു താഴേയ്ക്കിടുന്നു
മാനം ഞൊറിഞ്ഞുടുത്ത
പക്ഷി

ഞൊറിഞ്ഞകടൽ
ഞൊറിഞ്ഞുകുത്തുവാൻ
അടിവയർ തിരഞ്ഞ്
പോകുന്നതാവണം 
ഓരോ മീനും

അടിവയറുമെടുത്ത് കടലും
നാഭിയുമായി ഞാനും കാലവും
മീനിന്റെ പുറകേ പോകുന്നു

പൂക്കൾ പിച്ച
കാറ്റിനെ തൊടും മുമ്പ്,
പൂക്കൾ ക്കൊന്തി
തൊട്ടതിനും പിടിച്ചതിനുമൊക്കെ
കാറ്റിനും കൊമ്പുണ്ട്
മൊട്ടുണ്ട്

ഞെട്ടുകളിലും  
ഇതളുകളിലും 
പൂക്കൾ എടുത്തുവെച്ച്
കൊഴിയുവോളം സൂക്ഷിക്കും 
വസന്തഞൊറിവ്,
ഒരു ഞൊറിവിനും 
സൃഷ്ടിയ്ക്കും വഴങ്ങാത്ത 
ഏകാന്തതയുടെ അനാദിയായ യോനിയാവുന്നു.

3

ഒരു വിഭവമല്ല ചന്ദ്രൻ
സ്വരവും
ആരുടെ മെനുവാണീ നിലാവ് ?

മണമുയർത്തുന്ന പൂക്കൾ
അടിപ്പാവാടക്കടൽ
അതിന്റെ അച്ചടക്കത്തിന്റെ
തുടക്കത്തിൽ തട്ടും 
അതിലെ ഒരു മീൻ

കടൽ ഉയരുമോ
മണത്തിൽ തട്ടി 
ആകാശം മുകളിലേയ്ക്ക് പൊങ്ങുമോ

മണത്തിന്റെ വള്ളികൾ വെച്ച്
ഒരോ പൂക്കളും മാനം കെട്ടിവെയ്ക്കുന്നു 

വസന്തങ്ങൾ വിലക്കയറ്റങ്ങളാണെന്ന്
എന്റെ പൂക്കൾ 
മണങ്ങളിൽ
ആണയിടും സ്വരം

അതിർത്തിയിൽ
മീനുകളുടെ പട്ടാളത്തിൽ ജോലി ചെയ്യും
അവധിയ്ക്ക് മാത്രം 
കടലിൽ വരും
മീൻ

ഒരു രൂപയ്ക്ക്
ഒരുകുട്ട മീൻ കിട്ടിയിരുന്ന 
പണ്ട് കാലത്തിന്
നീന്തലുകളുടെ ഭാഷയിൽ
വിലപേശുന്നു

ഉറക്കം ഒരു ദ്വീപ്
അതിന്റെ തൊട്ടിലിൽ 
കുഞ്ഞിനെപ്പോലെ കിടക്കും കടൽ
മീനത് പതിയേ ആട്ടുന്നു
മയങ്ങും കടൽ
തിരകൾ പാട്ട് നീക്കിനീക്കി വെയ്ക്കുന്നു

കണ്ണുകളിൽ മീൻ 
ചുമന്നു കൊണ്ടുവരും 
താരാട്ട് 
ഒച്ചയുണ്ടാക്കാതെ
എന്റെ വെള്ളം ഓളങ്ങളിൽ
അത് ഇറക്കിവെയ്ക്കുന്നു

രാത്രി വന്ന് ജനാലയിൽ തട്ടുന്ന സ്വരം
മുല്ലയുടെ ഒരിതൾ ഇരുട്ടാവുന്നു

യാത്രക്കാരെയെല്ലാം
ഇറക്കി
ജാലകങ്ങളുടെ കറുത്ത തത്തമ്മയുമായി
കൈ നോക്കുവാനിരിയ്ക്കും
കറുത്തതീവണ്ടി

എന്റെ കൈ 
ഉറക്കത്തിൽ കറുക്കുന്നു
ഇരുട്ടിൽ തട്ടുന്നു
രാത്രിയ്ക്ക് പുറത്തേയ്ക്ക് അത്
താളത്തിൽ നീളുന്നു

ശ്വാസത്തിൽ തട്ടും
ഉറക്കത്തിന്റെ ശംഖുപുഷ്പയിതൾ

അതിന്റെ ശിൽപ്പത്തിൽ ബുദ്ധനെ
നീക്കിനീക്കിവെയ്ക്കും,
ധ്യാനത്തിന്റെ ചാമ്പൽ വാരും 
നിലാവ്

അരികിൽ
പൂക്കുന്നത് 
നീക്കിനീക്കിവെയ്ക്കുന്നു
മുല്ലയും

എരിഞ്ഞെരിഞ്ഞ് 
ഇരുവശങ്ങളും ഒടിഞ്ഞുവീഴും
ചന്ദ്രക്കലയുടെ അറ്റം
കലയുടെ അടിയിലേയ്ക്ക്
നക്ഷത്രം,
ഒരു രാത്രി നീക്കിവെയ്ക്കുന്നു.

കടൽ ക്കൊന്തിത്തൊടും ഒരു മീൻ
എന്റെ കവിത ഒരു വാക്കിനേ.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!