ഭൂമിയെന്ന ഭ്രമണധൂർത്തൻ
നീ പ്രണയധൂർത്ത
വിരിഞ്ഞുതീരാത്ത
ഒരു പുഷ്പത്തിന്റെ കേസരത്തിൽ
നീ പൂക്കളിലെ ആശ്ചര്യചിഹ്നം
പൂക്കളിലെ ബുദ്ധഭിക്ഷു
അതേസമയം വിരഹധൂർത്ത
ഒരു ശംഖുപുഷ്പത്തിന്റെ ഔദാര്യത്തിൽ
ഇനിയെത്ര നാൾ വസന്തം ഈ ഭൂമിയിൽ
എന്ന സംശയത്തിന്റെ ഉടമസ്ഥയും
പൂക്കൾ നശ്വരതയുടെ
ഇതളുകളിൽ തീർത്ത
വിരിയുന്ന പ്രതിമകൾ
സന്ന്യാസിയായ പൂവ്
ഭ്രമണം ഭിക്ഷയാചിയ്ക്കുന്ന ഭൂമി
നിന്റെയറിവിൽ ഋതു, വസന്തത്തിന്റെ കായുള്ള മരം
വസന്തം മെറൂൺ പോലെ
ഒരു നിറമാണെങ്കിൽ
അത് പുതച്ച്
ഒരു ബുദ്ധഭിക്ഷുവിനേപ്പോലെ
സന്ന്യാസിയാവുന്ന പൂവ്
ഇവിടെ
നീലനിറം ഒരു ശബ്ദം
ശംഖുപുഷ്പം വിരിയുമ്പോൾ മാത്രം
കേൾക്കുന്നത്
നീല ഇപ്പോൾ നിറങ്ങളിലെ
പ്രതിമ
കാൽവിരലുകൾ
നടക്കുന്നതിന്റെ മൊട്ടുകൾ വിരിയുന്ന ഇടം
തള്ളവിരൽ
ഉടലിന്റെ ഗാന്ധി
മറ്റുവിരലുകൾ
അവയവങ്ങളുടെ അനുയായികൾ
ഉടൽ ഒരു കടയാണെങ്കിൽ
ചുണ്ടുകൾ അവിടെ തൂക്കിയിട്ടിരിയ്ക്കുന്ന
നിശ്ശബ്ദതയുടെ സാഷേ
ചുംബനം അതിനടുത്ത്
തൂങ്ങിയാടുന്ന
മറ്റൊരു ഉപോൽപ്പന്നം
ചുണ്ടുകൾ മെറൂൺ നിറത്തിന്റെ
ശബ്ദവള്ളികൾ
നിന്റെ ഉടലിലെ ധ്യാനത്തിന്റെ ടാറ്റു
ഋതുവിന്റെ തുടക്കം പോലെ
ഏതോ ഒരു സംഗീതം
അത് അവിശുദ്ധമായി അഴിച്ചുതുടങ്ങുന്നു.
ഭൂമിയുടെ ഭരണ ധൂർത്തിൽ വിരിയുന്ന നിറങ്ങൾ ...
ReplyDelete