പൂച്ചയ്ക്ക് ഇടാൻ വെച്ചിരുന്ന
പേരായിരുന്നു
മഞ്ഞുകാലം.
ഞാൻ മഞ്ഞ്,
അതിന്റെ ഉടലാവാൻ വിസമ്മതിച്ച ഉടമസ്ഥനും
കാലം ഒരിലയിൽ എടുത്താൽ
മഞ്ഞും പൂച്ചയും ഇപ്പോൾ
ഒരു മരത്തിനരികിൽ
അടുത്തടുത്തിരിയ്ക്കുന്ന
രണ്ടുവസ്തുക്കൾ
അതിൽ പൂച്ചയ്ക്ക് മാത്രം
ബോഗൈൻവില്ലയുടെ നാലിലകൾ പോലെ
കാലം കൊണ്ട് നിർമ്മിച്ച
നാലുകാലുകൾ
കണ്ണുകൾ,
കണ്ടാലറിയാവുന്ന വിധം
അതിലെ കടലാസിൽ ഉണ്ടാക്കിയ
രണ്ട് പൂക്കൾ
അതിന്റെ നോട്ടം
പരുക്കൻ നിശ്ശബ്ദതകൊണ്ടുണ്ടാക്കിയത്
അത് കൂടുതൽ പരുക്കനായി തോന്നിയ്ക്കുവാൻ
കണ്ണുകൾക്കിടയിൽ
കണ്ണുകളിൽ
എന്തിന് കാലത്തിനിടയിൽ പോലും
വെട്ടുകൊണ്ട പാട് കൊണ്ട് അതിസങ്കീർണ്ണമായി നിർമ്മിച്ചിരിക്കുന്നു
ഞാൻ
പെയ്യാതിരുന്ന മഴ കൊണ്ടുണ്ടാക്കിയ
വിരലുകൾ കൊണ്ട്
അതിനെ തലോടിയിരിയ്ക്കുന്നു
ഓരോ തലോടലുകൾക്കിടയിലും
കരകൗശല വസ്തുപോലെ
നിർമ്മിച്ചെടുത്ത
ഇടവേള
കാറ്റടിച്ച്
ചെടിയാടുമ്പോഴൊക്കെ
മനസ്സിൽ പിടിച്ചുനിൽക്കുന്ന പൂച്ച
മഞ്ഞിൽ നിന്നടർന്ന്
പൂവ് പോലെ പാറിപ്പോകുമോ
എന്ന് ഞാൻ ഭയക്കുന്നു.
എന്റെ ഭയം
കൂടുതൽ മഞ്ഞ് കാലം എനിയ്ക്കു ചുറ്റും
സൃഷടിയ്ക്കുന്നു
ഞാൻ അത്
പൂച്ചയെപ്പോലെ
എടുത്തുവെയ്ക്കുന്നു
ഓമനിയ്ക്കുന്നു
പൂച്ചയുടെ ഓമനത്വം എന്നെ
തിരിച്ച്
എന്റെ മരണശേഷം
ഞാനില്ലായ്മയിൽ തൊട്ടുരുമുന്നു
ശരിയ്ക്കും
ഞാനില്ലായ്മ തന്നെയാണ്
മഞ്ഞുകാലം
ഞാൻ തോർന്ന മഴ കൊണ്ട്
നിർമ്മിച്ചതെന്ന്
മഞ്ഞുകൊണ്ട് നിർമ്മിച്ച പൂച്ചയോട്
ഇനി ഒരിക്കലും പറഞ്ഞേക്കില്ല
കാലം.
മഞ്ഞുകാലത്തിന്റെ അതി ഭാവുകത്വങ്ങൾ
ReplyDelete