Skip to main content

മരണം എന്ന രൂപത്തിൽ പുരുഷൻ

അങ്ങനേയിരിക്കെ
ജീവിച്ചിരിയ്ക്കുവാൻ
ഒരു മുഖം വേണ്ടെന്നായി

മുഖം ഇല്ലാതെ
നഗ്നതയ്ക്കു സുതാര്യമായി
ഉടലില്ലാതെ
ജീവിച്ചിരുന്നവരെ
ധൂർത്തന്മാരെന്ന് വിളിച്ചുതുടങ്ങീ
ലോകം.

മരിച്ചുപോയവരെ തിരിച്ചുവിളിക്കും
വരെ
ലോകം എന്തു വേണമെങ്കിലും
വിളിച്ചോട്ടെ,
എന്ന് മാത്രം കരുതി

മരിച്ചുപോയവർക്കും വേണമല്ലോ 
ഒരു കരുതൽ
മരിച്ചുപോയതിന്
പകരം.

കവിത കൈമാറി വന്ന മനുഷ്യരെ
ഇവിടെ ഉണ്ടായുള്ളു
അത് കൊണ്ട് തന്നെ
അവർക്ക് മുന്നിൽ കഥകൾ വിശ്വാസ്യയോഗ്യമല്ലാതായി

മരിച്ചുപോയവരുടെ
മരിച്ചുപോയശേഷമുള്ള
വേശ്യയായി ആകാശം

മരിച്ചുപോയവരെല്ലാം ആണുങ്ങളാണോ?
ആണുങ്ങളെല്ലാം സ്ത്രീലമ്പടന്മാരാണോ ?
സ്ത്രീകൾ മരിക്കാറില്ലേ
മരിച്ചവരിൽ കുട്ടികളില്ലേ
മറ്റു ജീവജാലങ്ങൾ മരിയ്ക്കാറില്ലേ
സ്വാഭാവികമായി ഉണ്ടായി
അനേകം സംശയങ്ങൾ.

ശവക്കുഴി
ഉടലുകളുടെ ആസക്തൻ
മരിച്ചവരേക്കാൾ ആഭാസൻ
വിഷയാസക്തൻ
ഒരു കുഴിയിലും
ഇനിയും അടക്കപ്പെടാത്ത തെമ്മാടി
മരണത്തേക്കാൾ നിഷേധി
ജീവിതത്തേക്കാൾ ധിക്കാരി.
അവനാണാ സത്യം പറഞ്ഞത്
മരിക്കുന്നവരെല്ലാം പുരുഷൻമാർ

സ്ത്രീകൾക്ക് ഇല്ലാ മരണം
സ്ത്രീകൾക്ക് വിധിച്ചിട്ടില്ലാ മരണം
അവർ മറ്റു സ്ത്രീകളെ പ്രസവിച്ച്
അവരിലൂടെ ജീവിക്കുന്നു.
മരിയ്ക്കുമ്പോൾ
മരിയ്ക്കുവാൻ വേണ്ടി മാത്രം
അവർ പുരുഷന്മാരാകുന്നു
മരിയ്ക്കുമ്പോൾ കുട്ടികൾ മുതിരുന്നു
അവർ മരണശേഷവും മുതിരുന്നു പുരുഷന്മാരാകുന്നു.

മരണം പുരുഷൻമാർക്ക് വേണ്ടി
മാത്രം
സംവരണം ചെയ്യപ്പെട്ട ഒരിടമാകുന്നു
ലോകം.

ന സ്ത്രീ മരണമർഹതി
മരണത്തെ സ്വാതന്ത്ര്യം കൊണ്ട് മറച്ചതെറ്റിന് 
മനുസ്മൃതിയോളം വെറുക്കപ്പെടുമ്പോഴും
ജീവിച്ചിരിയ്ക്കുന്ന തെറ്റിന്
മരിയ്ക്കുന്ന തെറ്റിന്
പുരുഷൻ വീണ്ടും വെറുക്കപ്പെടുന്നു.

ജീവിച്ചിരിക്കുന്നവരെല്ലാം
സ്ത്രീകളാവുന്നു.
നിരന്തരം സ്ത്രീകളുടെ രക്ഷയെക്കുറിച്ച്
മാത്രം സംസാരിയ്ക്കുന്ന
ലോകത്ത്
സ്ത്രീകൾക്ക്
രക്ഷ 
സുരക്ഷിതത്വം
പരിരക്ഷ
കിട്ടാത്ത കാലത്ത്
പുരുഷന്മാരായി ജീവിച്ചിരിയ്ക്കുവാനാകില്ല.
മരിയ്ക്കുവാൻ വേണ്ടി
മരിയ്ക്കുന്നവർക്ക് വേണ്ടി
മരിയ്ക്കപ്പെടാൻ വേണ്ടി
അവർ കൂടുതൽ കൂടുതൽ  പുരുഷന്മാരാക്കപ്പെടുന്നു

സ്ത്രീകൾക്ക് മരിയ്ക്കുവാനാകില്ല
അവർ ജീവിതം
എന്ന സത്യത്തെ പ്രസവിയ്ക്കുന്നു
അവർ നിത്യതയുടെ അമ്മ

പുരുഷമരണം
സ്ത്രീമരണം എന്ന് വേർതിരിവുകൾ ഉള്ള
ശുചിമുറിയല്ല മരണം

ഇവിടെ
മരണം
പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള
ശുചിമുറിയാവുന്നു 

ഒന്നുനിർത്തുന്നു
ഒന്നിനുമല്ലാതെ

മുന്നിൽ
നിറം ചാട്ടം നിശ്ചലത
എന്നീ മൂന്ന് ശുചിമുറികളുള്ള
പുരുഷനാകുന്നു പുൽച്ചാടി

അത് നിരന്തരം
പുരുഷനിൽ നിന്നും
പുറത്തുകടക്കാൻ
ചാടുന്നു.

Comments

  1. സ്ത്രീകൾക്ക് മരിയ്ക്കുവാനാകില്ല
    അവർ ജീവിതം
    എന്ന സത്യത്തെ പ്രസവിയ്ക്കുന്നു
    അവർ നിത്യതയുടെ അമ്മ
    ആശംസകൾ

    ReplyDelete
  2. ബൈജുവിന്റെ കവിത വായിച്ചപ്പോൾ ഒരു പരിചയക്കാരനെ കണ്ടുമുട്ടിയ പോലെ..വാക്കുകൾ.. അർത്ഥതലങ്ങൾ..ഹൃദ്യം.

    ReplyDelete
  3. നിരന്തരം സ്ത്രീകളുടെ രക്ഷയെക്കുറിച്ച്
    മാത്രം സംസാരിയ്ക്കുന്ന
    ലോകത്ത്
    സ്ത്രീകൾക്ക്
    രക്ഷ
    സുരക്ഷിതത്വം
    പരിരക്ഷ
    കിട്ടാത്ത കാലത്ത്
    പുരുഷന്മാരായി ജീവിച്ചിരിയ്ക്കുവാനാകില്ല.
    മരിയ്ക്കുവാൻ വേണ്ടി
    മരിയ്ക്കുന്നവർക്ക് വേണ്ടി
    മരിയ്ക്കപ്പെടാൻ വേണ്ടി
    അവർ കൂടുതൽ കൂടുതൽ പുരുഷന്മാരാക്കപ്പെടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!