Skip to main content

റിവേഴ്സ് ബുദ്ധൻ

ശബ്ദത്തിനെ റിവേഴ്സിടുന്ന
കാത്

കവിത ഒരു
ഉണ്ടാക്കിയ വണ്ടിയാകുന്നു
ഞാനൊരു കൊച്ചുകുട്ടിയും

മുഖം
പരിചയത്തിന്റെ
ബസ്റ്റാൻഡാവുന്നിടത്ത് വെച്ചാണ്
പണ്ടെത്തെ രണ്ടുചുണ്ടുകളെ
വണ്ടിയോടിയ്ക്കുന്ന ശബ്ദം,
ചുണ്ടുകൊണ്ടുണ്ടാക്കി
വിളിച്ചുകയറ്റുകയായിരുന്നു
കവിത

പാട്ടുകൾ ഓരോ മനുഷ്യരാവുന്നിടത്താണ്

ഞാൻ
പഴക്കം നഷ്ടപ്പെട്ട വണ്ടി
ഉപ്പ് അതിന്റെ വാക്കും
അതൊരു പഴയകവിതയെ മറികടക്കുന്നു

കൂടെ മീൻ
മീനിന്റെ കൈയ്യിൽ പാവപോലെ
പരലുപ്പിന്റെ ബുദ്ധൻ

ഉപ്പിനുള്ളിൽ
തന്റെ പ്രതിമ,
പതിയേ പിറകിലേയ്ക്കെടുക്കുന്ന
ബുദ്ധൻ

തീരെ അനങ്ങാതെ
നിശ്ചലതയുടെ
പിറകിലേയ്ക്ക് പ്രതിമ

മനസ്സ്
ബുദ്ധന്റെ ഉള്ളിലേയ്ക്ക്
കയറിപ്പോകുന്ന വെള്ളം

മീൻ മടങ്ങിപ്പോകുന്ന ബുദ്ധന്റെ ഇമകളും

ഞാൻ ബുദ്ധന്റെ കാത്

മീൻ മെല്ലെ ബുദ്ധന്റെ
ചുരുണ്ടുകൊണ്ടിരിയ്ക്കുന്ന
മുടിയാകുന്നു

ബുദ്ധന്റെ ഉള്ളിൽ വെള്ളം,
മീനുകളെ
കെട്ടിവെയ്ക്കുന്ന ശബ്ദം

തുള്ളികളിൽ
ഇറ്റുവീഴുന്നവ
കിളികൾ

അവയിൽ നിലത്ത് വീഴുന്നവ മാത്രം
പൊന്മാൻ

പൊടുന്നനെ
ഭ്രമണത്തിന്റെ കൂണ് പോലെ ഭൂമി

ഉപമ  അവിടെ
സമയത്തെ പോലെ
പിശുക്കൻ

നാഗരികതയുടെ നീല
കൃഷ്ണന്റെ നിറമുള്ള തെരുവ്

ഹൃദയത്തിൽ
അകലത്തിന്റേതു മാത്രമായ
രണ്ടുമിടിപ്പുകൾ

അടുപ്പം തരിശ്ശിടുന്നിടത്താണ്

മുന്നിലേയ്ക്ക് ഒന്നാഞ്ഞ്
തന്റെ പ്രതിമയ്ക്ക്
പിന്നിലേയ്ക്ക്
വണ്ടിയോടിയ്ക്കുന്ന ബുദ്ധൻ

പിറകിൽ
ഉണങ്ങാത്ത ഇമകൾക്ക്
വെള്ളമൊഴിയ്ക്കുന്ന മഴ,
ഒരു നനഞ്ഞ ബുദ്ധൻ

കാത് ചുരുളുന്ന
ഒച്ച

നിശ്ശബ്ദതയിൽ ബുദ്ധനെ
കൊത്തിവെയ്ക്കുവാനുള്ള ശ്രമം
പിൻവലിയ്ക്കുന്നൂ
വിരലുകൾ

ശൂന്യതയും ഞാനും.
വെള്ളവും ചുരുളുന്നുണ്ടാവണം

എതായാലും
മഴ ചുരുളുന്നില്ല
ബഹളമുണ്ടാക്കുന്നുമില്ല
തുള്ളികളാവുന്നില്ല
തുള്ളികളല്ല കുട്ടികൾ

നനവിൽ
ഒന്നും എങ്ങും എഴുതിവെച്ചിട്ടില്ല

മഴ പാലിയ്ക്കാത്ത
ഏതോ നിശ്ശബ്ദത തുള്ളികൾ പാലിയ്ക്കുന്നു

അത്രമേൽ കനം  കുറഞ്ഞ്
എവിടേയോ ചുരുളുന്ന
ആരുടേയോ കാത്തുനിൽപ്പ്

ആരുടെ ഒപ്പാണീ നിശ്ശബ്ദത

അറിയുവാനാവുന്നില്ലല്ലോ
ആരുടെ മൃതദേഹമാണീ
ഒപ്പ്

ബുദ്ധന് അനുവദിക്കപ്പെട്ട പരോളിലേയ്ക്ക്
ഞാനും
പുഴയെടുത്ത മീനും
നടന്നുതുടങ്ങുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...