Skip to main content

ഴജ

പതിനെട്ടാം നൂറ്റാണ്ടിൽ
എന്നോപെയ്ത
രണ്ട് മഴകൾ
അന്നു പങ്കുവെച്ച
നാലു രഹസ്യങ്ങളിൽ
ഒന്നായിരുന്നു ഴജ

അന്ന്
അക്കങ്ങളായിരുന്നു
രഹസ്യങ്ങളുടെ
കൂട്ടിരിപ്പുകാർ

കൂടുതൽ രഹസ്യങ്ങൾ
സൂക്ഷിച്ചിരുന്നതിനാൽ
അന്ന്
നാലിനേക്കാൾ
വല്യസംഖ്യയായിരുന്നു
മൂന്ന്

കാലം കൊണ്ട് പോലും
അത്ര പഴക്കമുള്ളതായിരുന്നില്ല
പതിനെട്ടാം നൂറ്റാണ്ട്

എന്നിട്ടും
സൂക്ഷിച്ചിരുന്ന
രഹസ്യങ്ങളുടെ പഴക്കം കൊണ്ട്
പതിനെട്ടാം നൂറ്റാണ്ട്
അതിന് മുമ്പുള്ള നൂറ്റാണ്ടുകളേക്കാൾ
പഴകികൊണ്ടേയിരുന്നു

അന്നത്തെ
അഞ്ചിതളുള്ള പൂക്കളിൽ
ആറും
രഹസ്യങ്ങളായിരുന്നു

കേസരങ്ങൾ ചാരൻമാരും

അന്ന്
എന്നത്
സാധാരണക്കാർക്ക്
ഒരിക്കലും
ആരും കാണാനാവാത്ത
തീയതികളിൽ പൊതിഞ്ഞ
ഒരക്കവും

ഒന്നാമത്തെ രഹസ്യം
തിരഞ്ഞാണ്
അന്ന് പാതി പെയ്ത മഴ
ഇന്നും
തോരാൻ മറന്ന്
വന്നുപോകുന്നത്...

ഇന്നും
ഒരു പാതി കൊണ്ട് തോരാനും
മറു പാതി കൊണ്ട് പെയ്യാനും
മറന്നു പോകുന്ന
തുള്ളികളിൽ ഓരോന്നിലും
ഏകാന്തതയുടെ
നിറച്ച മഴ
അന്നത്തെ വെറുമൊരു രഹസ്യമാകുന്നു

ഇനിയും കെട്ടിട്ടില്ലാത്ത
മഴയുടെ ചിത

ചുറ്റും കൂടി നിൽക്കുന്ന
അതേ മഴയുടെ തോർച്ചകൾ

2

രണ്ടാമത്തെ രഹസ്യം
തിരഞ്ഞ് പോയത്
മൊട്ടുകളുള്ള കാലം വരെയും
പൂക്കളായത്

വിരിയുന്ന
വിരിയുന്ന
പൂക്കൾ മൊട്ടിലേയ്ക്ക്
അവയുടെ
രഹസ്യങ്ങൾ കൈമാറി വന്നു

കാറ്റ് വന്ന്
വിടർത്തി നോക്കുമ്പോൾ
വിരിയുന്നതായി മാത്രം
അഭിനയിച്ചു പൊലിപ്പിച്ചിരുന്നു
പൂക്കൾ

അന്ന് വസന്തത്തിനിത്രയും
പൂക്കളില്ല
നാൽപ്പത്തിയൊമ്പത് പൂക്കളുള്ള
വസന്തവും
അമ്പത് തുള്ളികൾ മാത്രം
പെയ്യുന്ന മഴയും

അന്നത്തെ ഗ്രാമത്തിലെ
ഇന്ന് ജീവിച്ചിരിയ്ക്കുന്ന
പെൺകുട്ടി

ഇനിയും കണ്ടുപിടിയ്ക്കാത്ത
രഹസ്യങ്ങളെല്ലാം
ഒരു കവിതയിലും
എഴുതാനാവാത്ത വിധം
വെറും രണ്ടക്ഷരങ്ങളിൽ
അവളാകുന്നു...

Comments

  1. ഇനിയും കെട്ടിട്ടില്ലാത്ത
    മഴയുടെ ചിത

    ചുറ്റും കൂടി നിൽക്കുന്ന
    അതേ മഴയുടെ തോർച്ചകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!