Skip to main content

വിരസത ഒരു കവിതയാണ്

1

ഞാൻ
എന്തുചെയ്യുകയാണെന്ന്
എത്തിനോക്കുകയായിരുന്നു
മീനുകൾ

ഞാനൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല

എത്തിനോക്കുന്നതിന് മുമ്പ്
മീനുകളും
ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല

ഇപ്പോൾ
എത്തിനോക്കിയത് കൊണ്ട്
മീനുകൾക്ക്
ഇല്ല എന്ന വാക്കുകൾ
കീറിക്കീറി
ഇട്ടുകൊടുത്തുകൊണ്ടിരിക്കുകയാണ്
എന്റെ വിരസത

ശരീരത്തിന്റെ പ്രതിദ്ധ്വനി പോലെ
ഉള്ളിലാകെ മുഴങ്ങുന്ന
വിരസത.

കൂട്ടം കൂട്ടമായി വന്നു
ഇല്ല എന്ന വാക്കുകൾ
കൊത്തിവലിച്ചു തിന്നുകയാണ്
മീനുകൾ

അതിനിടയിൽ
എന്നെ തിരിഞ്ഞ് തിരിഞ്ഞ്
നോക്കുന്ന
ഒരൊറ്റ മീൻ

അതിന് ചുറ്റും
അതിന്റെ മാത്രം
ഏകാന്തത

മീനുകൾക്കിടയിലെ
ബുദ്ധനാവണം
ആ മീൻ

2

ബോധി മരം പോലെ
ആ മീനിന്റെ ഉള്ളിലുണ്ടാവണം
സ്വന്തം മുള്ള്

അതിന്റെ ചോട്ടിൽ
അതേ മീനിന്റെ
കഴിഞ്ഞ ജന്മത്തിലെ
പൂർത്തിയാക്കാനാവാത്ത
ധ്യാനം

ധ്യാനിക്കുന്ന
മീനിന്
ബുദ്ധന്റെ കണ്ണുകൾ

അവയ്ക്ക്
ഭൂതകാലത്തിന്റെ
ചലനം
ഇന്നിന്റെ ഇമകൾ

3

വല്ലാതെ തിരക്കിലായിരിക്കുന്നു
ജലത്തിൽ പ്രതിഫലിക്കുന്ന
എന്റെ പ്രതിബിംബം

കൊത്തിതിന്നാൻ വരുന്ന
മീനുകളെ
ബഹുവചനത്തിലും
കരയിലിരിക്കുന്ന
കാക്കയെ
ഏകവചനത്തിലും
അത്
ആട്ടിയോടിക്കുവാൻ
ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു

വർത്തമാനകാലത്തിന്റെ
വ്യാകരണമാണ്
ഇപ്പോൾ
വിരസത

4

വിരസതയിൽ
കൊത്തുന്ന മീനുകളൊക്കെ
ആൺ മത്സ്യങ്ങൾ
അവയ്ക്ക് വീട്ടിലിരിക്കുന്ന
പെൺമത്സ്യങ്ങളുടെ ചുണ്ടുകൾ

അവയുടെ പുറത്ത്
പൂർവ്വാശ്രമത്തിലെ
വാത്മീകചെതുമ്പലുകൾ

പരവേശത്തിന്റെ പരാശരച്ചെകിളകൾ

ആഴം കൊത്തിക്കൊണ്ട് വന്ന്
ജലോപരിതലം
പണിയുന്ന
മത്സ്യഗന്ധി
മീനുകൾ

അവയെ നീലനിറത്തിൽ
ഉയരങ്ങളിലേയ്ക്ക്
കൊത്തിപ്പറക്കുന്ന
പൂന്താനപൊന്മാനുകൾ

മീനുകളെ
തൊടണമെന്നുണ്ട്
തൊട്ടാൽ
അവ വിരലുകളിൽ
കൈകൾ
പണിഞ്ഞുവെക്കുമോ
എന്ന ഭയം
വെള്ളത്തിൽ
നാരായണീയത്തോളം
ആഴങ്ങൾ തീർക്കുന്നു

ആഴം കൂടുന്തോറും
വെള്ളത്തിലേക്കിറങ്ങുവാൻ
പേടികാണിക്കുന്ന
കുട്ടിയായി
മാറിക്കൊണ്ടിരിക്കുന്ന
ഞാൻ

5

എന്നെ വെള്ളത്തിലേയ്ക്ക്
തള്ളിയിട്ട്
മീനുകളായി
ശരീരം
കൊത്തിത്തിന്നു തുടങ്ങിയിരിക്കുന്നു
മനസ്സ്

അപ്പോഴും
മീനുകൾക്ക്
നുണക്കുഴിമണമുള്ള ഉമ്മകൾ
വെയ്ക്കുന്ന
അഴുകിത്തുടങ്ങിയ
ശരീരത്തിന്റെ
തണുപ്പ്

വെള്ളത്തിൽ
അപ്പുപ്പന്താടികളുടെ
നനഞ്ഞ
കാൽപ്പാടുകൾ

പണ്ടെന്നോ
പണ്ടുപണ്ടെങ്ങോ
പിച്ചവെയ്ക്കുമ്പോഴേ
കടലിലേയ്ക്ക് നടന്നുതുടങ്ങിയ
കുട്ടിയുണ്ടാവണം

തിരിച്ചുവരാത്ത ആ കുട്ടിയുടെ
നാളാവണം
തിരമാലകൾ!

Comments

  1. As usual this is a beautiful unique poem.Getting bored is dexterously delineated as a beautiful poem . The imagery is excellent. the images of fish ,Sir Buddha.....Getting bored is the grammar of the present..This classic poem has a pretty stanza 5 that captivates the sensitive reader..Dear poet congratulations from the recesses of my heart

    ReplyDelete
  2. വിരസതയിൽ നാമ്പെടുക്കുന്ന
    കിണ്ണങ്കാച്ചി വരികളാൽ വിരിയുന്ന
    കവിതയുടെ മുകുളങ്ങളാകുന്ന കാഴ്ച്ചകൾ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...

അസ്തമയത്തിൻ്റെ രഥങ്ങളിൽ കർണ്ണൻ, കവിത എന്നിങ്ങനെ

ഒരു രഥമല്ല ക്ഷമ എന്നാലും ക്ഷമ പോലെ ഉപമയുടെ രഥത്തിൽ വന്നിറക്കുന്ന സമയമുണ്ടാവണം  അപ്പോൾ ചക്രം പോലെ താണുപോയേക്കാവുന്ന ഭാഷ അത് ഉയർത്തുവാനുള്ള കവിതയുടെ  ശ്രമങ്ങൾ ചക്രങ്ങൾ ഉപമകൾ അല്ല അത് രൂപകങ്ങളിൽ ഉരുളുന്നില്ല വാക്കുകളിൽ ഉറയ്ക്കുന്നില്ല അലങ്കാരങ്ങൾ കൊടികളല്ല കൊടിക്കൂറകൾ പോലെ അവ കവിതക്ക് മുകളിൽ പാറുന്നില്ല വേനൽ തീർത്ഥങ്ങൾ അനന്തതയുടെ പദാർത്ഥവൽക്കരണം വിഷാദത്തിൻ്റെ രഥം പുതയും അസ്തമയം ഓരോ വൈകുന്നേരവും ചക്രങ്ങൾ എൻ്റെ കവിത അത് ഉയർത്തുവാൻ ശ്രമിക്കുന്ന അനാഥത്ത്വത്തിൻ്റെ കർണ്ണനാവുന്നു