Skip to main content

ഉറങ്ങുന്നത് പോലെ നടക്കുന്നു

സമയം എത്രയായി എന്ന് പോലും
അളക്കാൻ കഴിയാത്ത  നേരത്ത്

നിങ്ങൾ ക്ക് തോന്നുന്ന ഏതോ സമയത്ത്

നിങ്ങൾ നടക്കാനിറങ്ങുകയാണ്;
ഉറങ്ങാൻ തുടങ്ങുന്നത് പോലെ...

ആദ്യം നിങ്ങൾ എഴുന്നേൽക്കുന്നു
കിടക്കാൻ തുടങ്ങുന്നത് പോലെ...

കാലുകൾ നിവർത്തുന്നു
കണ്ണുകൾ അടയ്ക്കുന്ന  പോലെ

സാവധാനം നിങ്ങൾ ഒരു നടത്തത്തിലേയ്ക്ക്
ഹിപ്നോട്ടൈസ് ചെയ്യപ്പെടുകയാണ്

ഇപ്പോൾ നിങ്ങൾ പുറത്തിറങ്ങുകയാണ്‌
ഉറങ്ങുന്നത് പോലെ

നിങ്ങൾ പുറം ലോകം കാണുകയാണ്
സ്വപനം പോലെ

നിങ്ങൾ തെരുവിലൂടെ
നടക്കുകയാണ്
ഒരു സ്വപ്നാടനത്തിലെന്ന പോലെ


തിരക്കുകൾ നിങ്ങളെ ഒഴിഞ്ഞു പോകുന്നു..

നിങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണ്
തെരുവിലെ തിരക്കുകൾ
നിങ്ങൾ അറിയുന്നില്ല

തെരുവ് വിളക്കുകൾ നിങ്ങളെ
തിരിച്ചറിയുന്നില്ല

അതിനടിയിൽ ഇരുട്ട്
വെളിച്ചവുമായി  ചെയ്യുന്ന
പ്രകൃതിവിരുദ്ധ ദൃശ്യങ്ങളും
നിങ്ങൾ കാണുന്നില്ല

നിങ്ങൾ ഇപ്പോൾ സ്വതന്ത്രനാണ്
ഒറ്റയ്ക്കാണ്
കാലുകൾ പോലും നിങ്ങളെ അലട്ടുന്നില്ല

നിങ്ങൾ നടക്കുകയാണ്

നിങ്ങൾക്ക് നിങ്ങൾ നഗ്നനാണ്
അന്യർക്ക്  വസ്ത്രം  ധരിച്ചപോലെ

ഇനി നടത്തത്തിന്റെ വേഗത കുറയ്ക്കുക
ചലിക്കുന്നത് പോലെ

ചലന നിയമങ്ങൾ പോലും
കാറ്റിൽപറത്തി
ഇലകൾ പോലും
നിശ്ചലമായിരിക്കും

പിന്നെ ഇലകളെ പോലെ
നടത്തത്തിൽ നിന്ന് മാറി
ഒരിടത്ത് നില്ക്കുക
 മരത്തിനെ പോലെ

കാലുകൾ മടക്കുക
കണ്ണുകൾ അടയ്ക്കും പോലെ

ഇരിക്കുക വേരിനെ പോലെ

അപ്പോൾ ഒരില വന്നു
നിങ്ങളുടെ മുന്നിൽ വീഴും
നെഞ്ചിടിപ്പ് പോലെ

ചലിക്കാതിരിക്കുക

അത് പോയി നിങ്ങളുടെ
നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
ഒച്ചിനെ  പോലെ

അവസാന ഒച്ചയും
മാഞ്ഞു പോകുന്ന നിശബ്ദതയിൽ
എന്തോ വന്നു വീഴുന്ന
ഒച്ച നിങ്ങൾ
ഉള്ളുകൊണ്ടറിയും

അത് നിങ്ങളുടെ കണ്ണിനു മുമ്പിലായിരിക്കും

അതെടുത്തു കുലുക്കി നോക്കുക
ശബ്ദം ഇല്ലാതെ അത് കിലുങ്ങുന്നുണ്ടായിരിക്കും

അത് ഒന്ന് ഉടച്ചു നോക്കുക

അതിൽ നിങ്ങളുടെ ചെവിയായിരിക്കും
അതിനുള്ളിൽ  നിങ്ങൾ
ഒരു ഗർഭസ്ഥ ശിശുവായിരിക്കും

വെളുക്കുവോളം
ജീവിച്ചിരിക്കുവോളം
നിങ്ങൾ വെറും കുഞ്ഞായിരിക്കും

പ്രകൃതി പ്രപഞ്ചം ആ നിമിഷത്തിൽ
മണിക്കൂറുകളോളം,
മരിക്കുവോളം
നിങ്ങൾക്ക് അമ്മയായിരിക്കും...


Comments

  1. യോഗവും,ധ്യാനവും.....
    എന്തൊരു നിര്‍വൃതി!
    ആശംസകള്‍

    ReplyDelete
  2. വിഭ്രമാത്മകം ശാന്തം

    ReplyDelete
  3. ഉറങ്ങാതെ ഉറങ്ങുന്നതിലും നടക്കാതെ നടക്കുന്നതിലും ഉപരി ഉറവിലേക്ക് ഉറങ്ങിയപോലെ നടക്കാന്നും വേണം ഒരുത്സാഹം.

    ReplyDelete
  4. നിങ്ങള്‍ തെരുവില്‍ലൂടെ
    നടക്കുകയാണ്
    ഒരു സ്വപ്നാടനത്തിലെന്നപോലെ
    ഈ അനുഭവം ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്.....

    ReplyDelete
  5. അപ്പോൾ ഒരില വന്നു
    നിങ്ങളുടെ മുന്നിൽ വീഴും
    നെഞ്ചിടിപ്പ് പോലെ

    ചലിക്കാതിരിക്കുക

    അത് പോയി നിങ്ങളുടെ
    നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
    ഒച്ചിനെ പോലെ

    ReplyDelete

Post a Comment