Skip to main content

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" എന്ന് പേരുള്ള പൂച്ചയും ഞാനും

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" 
എന്ന് പേരുള്ള പൂച്ചയും, 
പിന്നെ ഞാനും..
ഞങ്ങൾ ഒരു കുറുമ്പിലേയ്ക്ക്;
പരസ്പരം മുറിച്ചു കടക്കാനുള്ള
രണ്ടുപേർ മാത്രമുള്ള, 
മത്സരത്തിനു കാത്തു നില്ക്കുന്നു..
ഞാൻ എന്ന് പറയുന്ന ഇടവേളയിൽ;
പൂച്ചയുടെ പുച്ഛം നിറഞ്ഞ തിരിഞ്ഞു നോട്ടത്തിൽ,
പട്ടി എന്ന പദം-
അടങ്ങിയിട്ടില്ല; എന്ന് വിശ്വസിക്കുവാൻ,
ഒരു നിമിഷം ഞാൻ കൂടുതൽ എടുക്കുന്നില്ല..
രണ്ടു പേരെ ഉള്ളു എങ്കിലും;
മത്സര സമയം ആകുവാൻ,
കടന്നു പോകേണ്ട ഓരോ നിമിഷവും,
ഒരു മത്സരാർഥി ആണെന്ന്;
ഒരു യുവ കവിയെ പോലെ ഞാൻ; സങ്കല്പ്പിക്കുന്നുമില്ല...
അതിനിടയിൽ
മുടി അഴിച്ചിട്ടു; എന്റെ മുമ്പിലൂടെ-
കടന്നു പോകുന്ന പെണ്‍കുട്ടിയെ ഞാൻ; നോക്കുന്നുണ്ട്;സമയം പോലെ.. കൂടെ കൂടെ..
അവളോടൊപ്പം പോകുന്ന;
ആണിന്;
എന്നേക്കാൾ സമയം ഉണ്ടല്ലോ,
എന്ന് അതിശയിക്കുന്നുമുണ്ട്..
ആ അതിശയത്തിനിടയിൽ നോക്കുമ്പോൾ;
എന്റെ വാച്ചിൽ നിന്നും-
അവന്റെ വാച്ചിലേയ്ക്ക്;
നടന്നു പോകുന്ന;
രണ്ടു മൂന്നു മണിക്കൂറുകളും;
ഞെട്ടലോടെ കാണുന്നു..
പിന്നെ കണ്ടില്ലെന്നു നടിക്കുവാൻ തീരുമാനിക്കുന്നു!
അതിനിടയിൽ ഞാൻ തള്ളി നീക്കുന്ന,
വിരസ നിമിഷങ്ങളെ;
ആരും കാണാതെ; പൂച്ച-
ഒരു മ്യാവൂ ശബ്ദത്തിൽ,
എന്റെ സമയത്തിൽ തന്നെ,
കൊണ്ടൊട്ടിക്കുന്നുമുണ്ട്..
രണ്ടു പേര് മാത്രം ഉള്ളൂ-
എന്നുള്ളത്കൊണ്ട് തന്നെ;
കാത്തിരിപ്പിൽ ഉടനീളം;
ആംഗലേയ ഭാഷയിലെ-
ക്യൂ എന്ന അക്ഷരം;
കുറച്ചു വില കൂടുതൽ കിട്ടാൻ വേണ്ടി,
ഞാൻ ഒഴിവാക്കുകയാണ്..
അതിനിടയിൽ,
കുറച്ചു വിലയ്ക്ക് വേണ്ടിയല്ലേ-
മനുഷ്യനെന്ന നിലയിൽ
നമ്മളൊക്കെ കഷ്ടപ്പെടുന്നത്?
എന്നുള്ള എന്റെ എഴുത്തിന്റെ ലിപിയിലുള്ള, ആത്മഗതം;
അച്ചടി ഭാഷയിൽ ചോരുന്ന ഒച്ച;
ഞാൻ കേൾക്കുന്നു..
അതിനിടയ്ക്ക് നടക്കുന്ന മത്സരത്തിനെ;
ഒരു സമ്മേളനം,
എന്ന് ആരൊക്കെയോ; തെറ്റിദ്ധരിക്കുന്നുണ്ട്..
അത് അവര്ക്ക്-
ഈ മത്സരത്തെ കുറിച്ച്;
ഒരു ചുക്കും;
അറിയാത്തത് കൊണ്ടാണെന്ന്- സമാധാനപ്പെടുന്നുമുണ്ട്..
ജയിച്ചു കുറുമ്പിൽ എത്തിയാൽ,
ആ കുറുമ്പുകളെ വെറും;
ഉറുമ്പുകൾ ആക്കാം...
മധുരത്തിലെയ്ക്ക് പോലും..
വരി വരിയായി നടത്താം...
എന്നും ഞാൻ വീമ്പു പറയുന്ന പോസ്റ്റർ;
ഒട്ടിച്ചു കഴിഞ്ഞിരിക്കുന്നു!
പൂച്ചയോട് മത്സരിക്കുന്ന,
മനുഷ്യൻ എന്ന നിലയിൽ,
തലയുയർത്തി നിൽക്കുന്നതിനിടയിൽ;
ഞാൻ പങ്കെടുക്കുന്നതിനു മുമ്പ്തന്നെ-
മത്സരം തുടങ്ങുകയാണ്...
എന്റെ തലയ്ക്കു മുകളിലൂടെ,
പൂച്ച ചാടി കടന്നു പോകും;
എന്നുള്ള;
എല്ലാവരുടെയും പ്രതീക്ഷകളെ,
അസ്ഥാനത്താക്കി,
പൂച്ച തന്റെ;
വില തന്നെ കളഞ്ഞുകുളിച്ച്,
എന്റെ കാലിന്റെ ഇടയിലൂടെ-
വിജയം എന്ന് വിളിക്കുവാനാകാത്ത;
ജയത്തിലെയ്ക്ക്; കുറുക്കെ-
നടന്നു കയറുകയാണ്..
മനുഷ്യൻ എന്ന വില,
കളയാനാവാത്തത് കാരണം;
ഞാൻ പങ്കെടുക്കാതെ തന്നെ;
തോറ്റു കൊടുക്കുന്നു..
മനുഷ്യൻ എന്ന വില-
നിലനിർത്തിയെങ്കിലും;
തോറ്റത് കാരണം;
കുറെയേറെ പേര്; അവരുടെ വില കളഞ്ഞു-
എന്നെ പട്ടിയെന്ന് വിളിക്കുന്നു..
തോറ്റെങ്കിലും;
മനുഷ്യനെന്ന നിലയിൽ;
ജയിച്ചത്‌ കാരണം;
ഇനി മത്സരം പട്ടിയോടായിരിക്കും എന്ന് തിരിച്ചറിഞ്ഞു;
കുരയ്ക്കുവാൻ പഠിക്കുവാൻ വയ്യാതെ;
ഞാൻ മത്സരത്തിൽ നിന്ന്; പിൻമാറുന്നു..
തോറ്റു പോയെങ്കിലും;
പങ്കെടുത്തില്ല എന്നുള്ള തെറ്റ് പോലും
എന്റേതല്ല; എന്നുള്ള ദാർഷ്ട്യത്തിൽ-
നാളെ കൂടി നീണ്ടു നിന്നെക്കാവുന്ന;
ഈ മത്സരത്തിന്റെ പന്തൽ;
ഇന്നേ ഞാൻ അഴിച്ചു തുടങ്ങുന്നു...

Comments

  1. ശ്ശോ...ഇവനെക്കൊണ്ട് ഞാന്‍ തോറ്റു എന്ന് പറഞ്ഞ് ഞാന്‍ മടങ്ങുന്നു. ബിംബങ്ങളൊന്നുമങ്ങോട്ട് വിളങ്ങുന്നില്ല

    ReplyDelete
  2. എല്ലാവരുടെയും പ്രതീക്ഷകളെ,
    അസ്ഥാനത്താക്കി,
    പൂച്ച തന്റെ;
    വില തന്നെ കളഞ്ഞുകുളിച്ച്,
    എന്റെ കാലിന്റെ ഇടയിലൂടെ-
    വിജയം എന്ന് വിളിക്കുവാനാകാത്ത;
    ജയത്തിലെയ്ക്ക്; കുറുക്കെ-
    നടന്നു കയറുകയാണ്..

    ReplyDelete

  3. കുറെയേറെ പേര്; അവരുടെ വില കളഞ്ഞു-
    എന്നെ പട്ടിയെന്ന് വിളിക്കുന്നു...
    ഇതെനിക്കും തോന്നാറുണ്ട്...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!