Skip to main content

സ്വപ്നം


നല്ല  തിരക്കുള്ള  സമയം

റോഡിനു ഇരു വശത്തേക്കും നോക്കി
കൈ വിട്ടുപോകാതെ
ചേർത്ത്  പിടിച്ചു
സൂക്ഷിച്ചു
ഒരു കുട്ടിയെ
പെട്ടെന്ന്
തെരുവ് കടത്തുന്നത് പോലെ

മുറിച്ചു  കടക്കാൻ
ഒരു കട്ടിൽ മാത്രം ഉള്ള
വിജനമായ മുറിയിൽ
അപ്രതീക്ഷിതമായി
ധൃതിയിൽ നീ എന്നെ
ഒരു ചുംബനം കടത്തുന്നു

കുട്ടിയെ പോലെ ഞാൻ
പേടിച്ചരണ്ട എന്റെ കണ്ണുകൾ
കൈകൾ പോലെ എന്റെ ചുണ്ടുകൾ

പെട്ടെന്ന് രതി പോലെ
ഒരു വാഹനം
നമ്മളെ തൊട്ടു തൊട്ടില്ല
എന്ന മട്ടിൽ
ഉച്ചത്തിൽ ഒച്ചയുണ്ടാക്കി
വേഗത്തിൽ  കടന്നു പോകുന്നു

പേടിച്ചു സ്തബ്ദയായി പോകുന്ന  നീ

പല തരം   വികാരങ്ങൾ
വാഹനങ്ങൾ പോലെ
അവിടെ വന്നു ഒന്നിച്ചു കൂടി
നമുക്ക് ചുറ്റും ഒച്ച വെച്ച്
കടന്നു പോകുവാൻ
തിരക്ക് കൂട്ടുന്നു

ഉടനെ  തിരിച്ചു
നിന്റെ കൈപിടിക്കുന്ന ഞാൻ

പെട്ടെന്ന് നിശബ്ദമാകുന്ന തെരുവ്

വിദേശത്ത് വച്ച്
ഏതോ പൂന്തോട്ടത്തിൽ ചിത്രീകരിച്ച
ഗാന രംഗത്തിലെയ്ക്ക്
തെരുവ് മാറി
ചുവടു വയ്ക്കുന്നു

പൂക്കളെ പോലെ നിറമുള്ള
വാഹനങ്ങൾ
ഇതൾ വിടര്ത്തി സൌമ്യമായി
ചക്രം എന്ന ചെടിയിൽ
ചതുരത്തിൽ പാർക് ചെയ്യപ്പെടുന്നു

വായുവിൽ കുറച്ചു പൊങ്ങി
കാലുകൾ  ഉയർത്തി
പരസ്പരം കെട്ടിപ്പുണർന്ന് നില്ക്കുന്ന
നമ്മളെ
കട്ടിലിന്റെ മുഖചായ ഉള്ള ക്യാമറ
കുട്ടിയെ പോലെ മുട്ടിലിഴഞ്ഞ്
നിശ്ചല ദൃശ്യമാക്കി
സ്വപ്നത്തിലേയ്ക്കു പകർത്തുന്നു



Comments

  1. ഭാവനയുടെ തിരശ്ശീലയിലൊരു വാങ്മയ ചലച്ചിത്രം പോലെ... നല്ല കവിത.

    ബൈജു ഭായ്‌.... സ്വപ്നത്തിലും നിങ്ങള്‌ ലക്കിയാ. അനുയോജ്യമായയിടത്തേക്ക്‌, വേണ്ട സമയത്ത്‌ തന്നെ ലൊക്കേഷൻ ഷിഫ്റ്റായല്ലോ. ബി സ്ലോ ആൻഡ്‌ സ്റ്റെഡി. ഹാവ്‌ എ നൈസ്‌ ഫിനിഷ്‌. :) കട്ടുറുമ്പാകുന്നില്ല. നുമ്മ ദേ പോണു.



    ശുഭാശംസകൾ......







    ReplyDelete
  2. പലതരം വികാരങ്ങള്‍!

    ReplyDelete
  3. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. അവസാനം ഒരു ചിത്രമാക്കിക്കളഞ്ഞല്ലോ ...:( അതേതായാലും നന്നായി.. ഇല്ലേൽ കാണാമായിരുന്നു DOWN ടൌണ്‍ :P

    ReplyDelete
  5. രതിയിലും വൈവിധ്യം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!