Skip to main content

മുൻവിധി അതിൻ്റെ പഴക്കം പുനർനിർമ്മിക്കുന്നു

എൻ്റെ മുൻവിധിയുടെ പഴക്കം
ഇന്നലെത്തേ തേയ്മാനം വന്ന
ചന്ദ്രനിൽ അവസാനിച്ചു

ക്ഷമിക്കണം 
പുതിയ ചന്ദ്രന്നേ ഞാൻ അംഗീകരിക്കുന്നില്ല
തേയ്മാനങ്ങൾ കൂടുതൽ കൂടുതൽ ചന്ദ്രനാവുന്നത് കൊണ്ടാവണം

പുതുക്കം എന്നത് ചന്ദ്രനിൽ
കാഴ്ച്ചക്കപ്പുറം
കാഴ്ച്ചപ്പാടിൽ ചവിട്ടി നിന്ന് നോക്കിയാൽ
നിലവിലില്ല

മുൻവിധികൾ സൃഷ്‌ടിച്ചെടുക്കുവാൻ
ചിലവാക്കിയ സമയം സന്ദർഭം
വിഭവങ്ങൾ കണക്കാക്കിയാൽ
ചന്ദ്രനോളം വരില 

ക്ഷമിക്കണം
ല എന്ന രൂപം അതും അക്ഷരമാകും മുമ്പേ കൊണ്ട് നടക്കുന്ന
അതിൻ്റെ ലഘുത്വം ഒരു ഇല്ലയിലും ഇറക്കിവെക്കുവാൻ ആവുന്നില്ല

ചാന്ദ്രപരിഭ്രമങ്ങൾ
തൂക്കുവിളക്കുകൾ പോലെ
ഇന്നലെകളിൽ തൂക്കിയിടുന്നു
അതും പിന്നിൽ നിന്ന് 
കൂടുതൽ പിന്നിലേക്ക്

എനിക്ക് പിന്നിലെ ഇന്നലെ
അതിലെ വേനലുകൾ ആലിംഗനങ്ങൾ 
ഇലപോലെ  അതിൽ
അനങ്ങും വെയിൽ

കഴിഞ്ഞ, 
തൊട്ടുമുമ്പ് കഴിഞ്ഞ 
ജീവിച്ചിരുന്ന നിമിഷം
തേയ്മാനം വന്ന വർത്തമാനം 
എന്നാണ് കരുതിയിരുന്നത്

പുഴവക്കിൽ നിന്ന് ചന്ദ്രനിലേക്ക്
ഇറങ്ങുവാനുള്ള കടവ്
ഒഴുക്കുള്ള നിലാവിൽ അവൾ പുനർനിർമ്മിക്കുന്നു
അതും പടവുകൾ ഞൊറിഞ്ഞുടുത്ത്
ഓരോ ഉലച്ചിലിലും 
കാൽ തട്ടും അവൾ

തിരിഞ്ഞ് നോക്കുമ്പോൾ
ആ നിമിഷത്തിലേക്ക് എത്തുവാൻ
കഴിയാത്ത വിഹ്വലതകൾ
തലക്കു മുകളിൽ അതിൻ്റെ കലകൾ

തിരിച്ചറിയുന്നു
മുൻവിധികളേ മാത്രമേ നിലനിർത്തുവാനാകു
തലക്കും മുകളിൽ
പിൻവാങ്ങലുകളുടെ മാത്രം കല.

2

ദൈവം ഒരു താഴാണെന്നും
തുറന്നില്ലെങ്കിൽ എന്ത് ചെയ്യും
എന്ന ചോദ്യമാണെന്നും 
എൻ്റെ ഭൂതകാലം വിശ്വസിച്ചിരുന്നു

ഞാൻ ഒരേ സമയം
ഒരു താക്കോൽ പഴുതും
താക്കോലുമായിരുന്നു അന്ന്

ഇന്ന് എന്ന ഒന്ന് 
നിലവില്ലാത്ത കാലമാവണം
അന്നത്തേ ഭാവി

അപ്പോഴും ഇന്നലെ ഒരു ഒപ്പാണ്
എൻ്റെ ഓർമ്മ അത് 
ഇന്നിലിടുന്നു 

പങ്കെടുക്കുവാൻ തോന്നുന്ന പകലേ
ഞാൻ എൻ്റെ ദൈവത്തിൻ്റെ പഴക്കത്തിനും പിന്നിലെ 
ചന്ദ്രക്കല മോഷ്‌ടിക്കുന്നു

പകരം അവടെ 
ഒരു താക്കോൽപ്പഴുത് വെക്കുന്നു

കണ്ടിട്ടുണ്ടോ
തിരഞ്ഞുപോകുന്നതിന് പകരം
ഒരാൾ വെക്കുന്ന നൃത്തം?

എൻ്റെ ഒഴുകുവാൻ പോകുന്ന പുഴ
പകരങ്ങളില്ലാത്ത കാത്തിരിപ്പ്

വിഹ്വലതയുടെ കലയേ

ശിവനും
ശിവൻ വെച്ച നൃത്തത്തിനും 
പിന്നിൽ,
ഒരു ചന്ദ്രക്കലയോളം നെടുവീർപ്പ് വെക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!