മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ
ക്ഷണിക്കുന്നു
മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത്
ഓരോ മിന്നാംമിനുങ്ങിനും അയാൾ
പ്രത്യേകം തയ്യാറാക്കുന്നു
ശരിയാ,
ആരും അങ്ങനെ സാധാരണ ചെയ്യാറില്ല
രാപ്പുള്ളിനോട്
അയാൾ ചേർന്നിരിക്കുന്നു
നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു
വട്ടാണ് അയാൾക്ക് ശരിക്കും വട്ട്
ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു
അത് അയാളോട് പങ്കുവെക്കുന്നു
അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം
അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള്
രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു
കുറുകലുകളിലേക്ക് ഓരോ പ്രാവുകളും
പറന്നിറങ്ങുമ്പോൾ
കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക്
നഗ്നതകൾ കൊണ്ടുണ്ടാക്കിയ
ക്ഷണക്കത്തുകൾ?
പ്രാവിൻ്റെ കുറുകലുകൾ കൊണ്ട്
ഉണ്ടാക്കിയ
ഓരോ പകലുകൾക്കുണ്ടാവുമോ
ഇനിയും അയക്കാത്ത
ക്ഷണക്കത്തുകൾ
ഒരു മിനുക്കം അല്ല ഏകാന്തത
അന്നത്തെ എല്ലാ മിനുക്കങ്ങളും
കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന്
അന്ന് കിട്ടിയ ക്ഷണക്കത്താവുമോ
ഇനി അയാൾ
ഓമനമൃഗങ്ങളേ പോലെ
വളർത്തുപൂച്ചയെപ്പോലെ
അയാൾക്കരികിൽ അയാൾ,
ഓമനിച്ച് വളർത്തുന്നുണ്ടാവുമോ
ഇരുട്ടിനേ
പകൽ കഴിയുമ്പോൾ,
ഒരു പാത്രം പാലാകുന്നയാൾ.
ഒഴിച്ച് വെച്ചത് പോലെ,
അന്ന് പാത്രത്തിൽ ബാക്കി വന്ന
പകൽ സാക്ഷി
വളർത്തുപൂച്ചയേ പോലെ ഒരാളെ
ഇരുട്ട് നക്കിതോർത്തി തുടങ്ങുന്നു!
Comments
Post a Comment