Skip to main content

ബുദ്ധനിൽ നിന്നും ഊറിവരും ആട്ടിൻകുട്ടിയെ പോലെ മഞ്ഞ് കാലം

മഞ്ഞിൻ്റെ മൂലകങ്ങളുള്ള 
ഒരു ആവർത്തനപ്പട്ടികയാവും പകൽ

മഞ്ഞുകാലത്തിൻ്റെ സകല മൂലകങ്ങളും
അതിൻ്റെ ആറ്റമികഭാരം
രേഖപ്പെടുത്തി
അതിൽചാരി ഇരിക്കുന്നു

മഞ്ഞു കൊണ്ട് ബോഗിയും 
മഞ്ഞു കൊണ്ടുള്ള 
ജാലകങ്ങളും നിർമ്മിച്ച് 
കാലം ഒരു തീവണ്ടിയായി
മുന്നിൽ വന്ന് നിൽക്കുന്നു

മഞ്ഞ് കൊണ്ട് നിർമ്മിച്ച അവ്യക്തതയുടെ ഭംഗിയുള്ള 
റെയിൽവേ സ്റ്റേഷൻ
മഞ്ഞുകാലങ്ങളുടെ സ്റ്റേഷൻമാസ്റ്റർ

അയാൾക്ക് വീശുവാനുള്ള കൊടി മഞ്ഞിൽ നിർമ്മിച്ച് 
മഞ്ഞ് മാറിനിൽക്കുന്നു

നിരുത്തരവാദിയായ മഞ്ഞുകാലം എന്ന്
കാലം അയാളെ ശകാരിക്കുമോ?

മഞ്ഞ് കൊണ്ടുണ്ടാക്കിയ ശകാരങ്ങൾ
മഞ്ഞ് കാലം കേൾക്കുന്നു
കാണുന്നത് കുറച്ച്
മഞ്ഞ് മഞ്ഞിനെ കേട്ടിരിക്കുന്നു

മഞ്ഞ് കൊണ്ട് നിർമ്മിച്ച കാത്
മഞ്ഞ് കൊണ്ട് നിർമ്മിച്ച പാട്ട്
മഞ്ഞ് കാലത്തിൻ്റെ ഹമ്മിങ്
മഞ്ഞിനും മുന്നേ പോകുന്നു

മഞ്ഞ് ചാരി എൻ്റെ ഉടൽ മഞ്ഞുകാലത്തിൽ നിന്നും പുറത്തിറങ്ങുന്നു
എൻ്റെ മഞ്ഞ് ചാരി ഉടൽ എന്ന്
മഞ്ഞ് പാട്ടിനേ

ഇന്നലേയിലേക്ക് ഇറങ്ങുന്ന
ചെറുപ്പക്കാരനെ പ്പോലെ
ഇന്നലെയുടെ തീയിട്ട്
എൻ്റെതല്ലാത്ത ഉന്മാദങ്ങൾ 
മഞ്ഞ് കായുവാനിരിക്കുന്നു
ഓരോ മഞ്ഞും
അതിൻ്റെ മാത്രം കവിതക്ക് 
ആളാത്ത തീയിടുന്നു

മേപ്പിളിലകൾ പോലെ
ഇന്നലെകൾ മുറിക്കും മഞ്ഞ്
അടരുന്നതിൻ്റെ ആകൃതിയിൽ
മഞ്ഞിനും മരത്തിനും ഇടയിൽ
മഞ്ഞ് കൊണ്ടുണ്ടാക്കിയ ഇന്നലെ
ഒട്ടിച്ച് വെക്കുന്നു

ബുദ്ധനിൽ നിന്നും ഊറിവരും
ആട്ടിൻകുട്ടിയെ പോലെ മഞ്ഞ് കാലം അവ ഇന്നലെകളേയോ
ആട്ടിൻകുട്ടികളേയോ ഉപദ്രവിക്കുമോ എന്ന്  
ആരുടെതുമല്ലാത്ത ധ്യാനം
സംശയിക്കുമോ

ബുദ്ധനിൽ നിന്നും ഊറിവരും
ആട്ടിൻകുട്ടിയെ പോലെ മഞ്ഞ് കാലം
എന്ന് എഴുതി
ആട്ടിൻകുട്ടികളുടെ ഉപമയിൽ
മഞ്ഞുകാലത്തെ ചേർത്തുനിർത്തുന്നു

നോക്കുമ്പോൾ ഇന്നലെകളും ആട്ടിൻകുട്ടികൾ

എൻ്റെ സംശയങ്ങൾ ആട്ടിൻകുട്ടികളാവുന്നു അവ മഞ്ഞുകാലം വളയുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!