Skip to main content

ഇനി ശരിക്കും

ജലത്തിലേക്ക് നീന്താനിറങ്ങുന്നത് പോലെ
നടക്കുവാനിറങ്ങുന്നു
ജലം കാലമാകുന്നു

ഉടലിൻ്റെ മണ്ണ് മാന്തി
ജലം നീന്തെലെന്ന് 
മുന്നിൽ നീലനിറമുള്ള മണ്ണ്
ഉടൽ നിറയേ മഞ്ഞപ്പൂക്കൾ

സൂര്യകാന്തിഭരണി ചരിക്കുന്നു
വിരലുകളുടെ താറാക്കുഞ്ഞുങ്ങൾ
കാലിൽ വന്ന് പകൽ കൊത്തുന്നു
വിരലുകൾ അതിൽ,
പതിയേ ചരിയുന്നു

പഴയ പാട്ടുകൾ കൊടുക്കുവാനുണ്ടോ
എന്നൊരുവൾ
അവൾക്ക് പഴയകാതുകൾ,
പഴയ ജമന്തികൾ തൂക്കിവാങ്ങും ഋതുകൾ
അവൾക്ക് പഴയ 
ചെന്തമിഴെടുക്കും മൊഴികൾ
അവൾ,
കറുത്തകുപ്പിവളകളണിഞ്ഞ്,
ഏത് നിമിഷവും ഒരു,
തമിഴത്തിയായേക്കാവുന്നവൾ

അവൾക്ക് മുന്നിൽ
എഴുത്തച്ഛൻ തുമ്പികൾ
അരികിൽ ഭാഷമുല്ലകൾ

എൻ്റെ ഋതു അതിൻ്റെ പഴക്കം
അവയ്ക്ക് കൊടുക്കുവാനുണ്ടാകണം പൂക്കൾപഴക്കം 
എനിക്കിപ്പോൾ മുറ്റം നിറയേ
നിറം നഷ്ടപ്പെടും പൂക്കൾ
മന്ദാരങ്ങൾ ജാതിമുല്ലകൾ ജമന്തികൾ
സങ്കടമല്ലികൾ 

ഏത് നിമിഷവും
ആശ്രമത്തിൻ്റെ സന്ദർശകരജിസ്ട്രറിൽ,
അവൾ വെച്ചേക്കാവുന്ന ഒപ്പ്
എനിക്ക് മുന്നിൽ
നിറം കടുപ്പിച്ച് ജമന്തിയാകുന്നു

സന്ന്യാസിയല്ല എന്ന എൻ്റെ ഉറപ്പ്
എനിക്ക് പിന്നിൽ
ഒരു പൂവുമാകാതെ
ഒരു മൊട്ടിലും തട്ടാതെ
എൻ്റെ ഉറപ്പ് അതിൻ്റെ സ്വാതന്ത്ര്യത്തിൽ

പറക്കൽ കുറച്ച് വെച്ച് 
അവളുടെ കൂടെ നടക്കുവാനിറങ്ങും 
ഓരോ ചിറകടിയിലും 
പുതുക്കം നഷ്ടപ്പെടുത്തും ശലഭങ്ങൾ 
അവളുടെ അരക്കെട്ടിലെ 
ആഴത്തിൻ്റെ നൂൽനൂൽക്കും തുമ്പികൾ

ഞാനിപ്പോൾ
പഴയ ആകാശം കൊടുക്കുവാനുണ്ടോ എന്ന്, അവ 
വിളിച്ചുചോദിക്കും ഇടങ്ങൾ

ഞാൻ, എൻ്റെ പഴക്കം,
അത് നഷ്ടപ്പെടുത്തിയ ശൂന്യത 
അതിലും പഴക്കം ചെന്ന 
എൻ്റെ ഏകാന്തത,
നീലനിറത്തിലെടുക്കുമോ
എന്ന് സ്വകാര്യമായി 
വിളിച്ച് തിരക്കുന്നു 

വിരലുകളുടെ മുട്ടിന് പിറകിൽ,
ഒളിച്ചുപാർക്കും ശബ്ദം
വേദനകളുടെ കനേഷുമാരിയുമായി
അവ വാതിലിൽ,
അവയുടെ പഴക്കം നാല് മുട്ടുകൾ 
മറവിയാകും അതിലെ 
അഞ്ചാമത്തെ മുട്ട്

ഇരുട്ടിൻ്റെ ശൂന്യത
അതിലെ നീലവിജാവരിയുള്ള വാതിൽ
ഉടലുകളുടെ മേൽക്കൂരയിൽ,
ധൃതിയിൽ നടക്കും
കുറുകലിന് തീ പിടിച്ച പ്രാവുകൾ.
നമ്മൾ നമ്മുടെ നീലകുറുകലുകൾക്ക്
ഇരുട്ടിൻ്റെ നിറത്തിൽ തീയിടുന്നു
ഉടലുകളും കുറുകലുകളും നമ്മൾ,
പ്രാവുകളിലേക്കും മറ്റും അഴിച്ചിടുന്നു

പൂക്കളുടെ 
പാകങ്ങൾക്കും പഴക്കങ്ങൾക്കും
ഋതുക്കളുടെ ആഴങ്ങളിൽ
നിറങ്ങളിൽ 
ഇതളുകളിൽ തീയിടും നമ്മൾ

ഞാൻ മീനുകളിലേക്ക് നീന്തുന്നു
അവൾ പക്ഷികളിലേക്ക് പറക്കുന്നു
തിരികെ വരാനാവാത്ത വിധം
നമ്മൾ ഉടലുകൾക്കും 
അവയുടെ പ്രമാണങ്ങൾക്കും തീയിടുന്നു

നമ്മൾ നമ്മുടെ കാടുകളിൽ 
കൂവലുകൾക്ക് നടുവിലൂടെ കുറുകലുകൾ വകഞ്ഞ്
ഉടലുകൾ പകുത്ത്
നമുക്ക് നെടുവീർപ്പുകൾ,
പൂക്കുവാൻ മറന്ന കുറിഞ്ഞികൾ

തവിട്ട് കലർന്ന ഇരുട്ട്,
അതിലെ പഴക്കം ചെന്ന 
ടേപ്പ് റെക്കോർഡർ മണം
അതിലേക്ക് ചേക്കേറും
പഴയകാല ആകാശവാണിയിൽ നിന്നും
ഒഴുകിവരും പാട്ട്

അവൾക്ക് അതേ പാട്ടിൻ്റെ ഹൃദയമിടിപ്പ്
ഇനിയും ധരിക്കാത്ത ഈണത്തിൻ്റെ
മൂക്കൂത്തി
ഇനിയും അഴിക്കാത്ത
അതിൻ്റെ തിളക്കത്തിൻ്റെ 
നാലുമണിഹൂക്ക് 
എൻ്റെ പാട്ടിലും അവളുടെ ഉടലിലും

തൊടാൻ പാകത്തിന് ഇരുട്ട്
വിരലാകണോ മല്ലിപ്പൂവാകണോ എന്ന്, എൻ്റെ രാത്രി എന്നോട് മാത്രം
വിളിച്ചു ചോദിക്കുന്നു
ഉത്തരത്തിൻ്റെ 
ഓലേഞ്ഞാലിക്കിളിയേ പ്പോലെ
അത് ചോദ്യങ്ങളിലേക്കും
അവളിലേക്കും
കാതുഞാത്തുന്നു

കാതുകൾക്ക് നാണം വന്നാൽ
ഉടൽ പുസ്തകമായി
അവൾ കാതുകൾക്കിടയിൽ
പഴയനാണം തിരയും പക്ഷി

നഗ്നത ആടുകളല്ല
കാതുകൾ ആട്ടിടയരും
എന്നിട്ടും കാതുകൾ അവൾക്കും
എനിക്കും ഇടയിൽ
നഗ്നതയുടെ ഖജുരാഹോ

രാത്രിനടത്തം കലർന്ന
കാലുകൾ തങ്ങളിൽ ലയിക്കുന്നത് പോലെ
നൃത്തംകലർന്ന ഉടൽലായനി
തോർച്ചയുടെ കൊത്തുപണി കഴിഞ്ഞമഴ, അതേ മഴ അതിൻെ മട്ടും താരാട്ടും

മഴനനഞ്ഞ ഇലകളുടെ സൗമ്യത
നമ്മുടെ ഉടലുകളിൽ
ഉടൽ മേയലുകൾ കഴിഞ്ഞ്
അവ വിശ്രമിക്കും ഇടം

അവൾ പഴയതാളുകൾക്കിടയിൽ
പുതിയനാണം തൂക്കിനോക്കുന്നു
ഉടൽപുസ്തകം തുറക്കുന്നു
അവൾക്ക്  നഗ്നതപഴകും മണം

ചിരംജ്ജീവിയായ കാത്
അവളുടെ കാതിൽ ഒളിച്ചുപാർക്കും എൻ്റെ കാത്

പഴയ കാതുകൾ കൊടുക്കുവാനുണ്ടോ
എന്നെൻ്റെ പാട്ടുകൾ
അവൾ പുതിയ നാണത്തിൻ്റെ ആക്രിക്കാരി

പഴയ ചുണ്ടുകൾ,
അതിൽ പഴകും ചുംബനങ്ങൾ
എനിക്ക് ഓരോ ചുംബനങ്ങളിലും
അതിൻ്റെ നഷ്ടപ്പെടലുകളിലും
പുതുക്കപ്പെടും ഉടൽ

അതിൻ്റെ 
ഏറ്റവും അവസാനത്തെ കുടുക്ക് അഴിക്കപ്പെടും മുമ്പ് വെയ്ക്കും
ചുംബനങ്ങളാകും 
ഏറ്റവും കൂടുതൽ മുറുക്കപ്പെടുക

ഇപ്പോൾ ഉടൽ,
ചുംബനങ്ങൾ പുതുക്കപ്പെടാൻ വരും ഇടം എന്നവൾ
അവൾ ഗ്രാമത്തിൻ്റെ ആകാശം
സ്വന്തമായുള്ള പക്ഷി

ഇപ്പോൾ ഉടൽ അതിൽ
ഓരോ മൊട്ടുകളും പ്രാവുകളെപ്പോലെ
കുറുകുന്നു
ഓരോ പൂക്കളും വിരിയുന്നതിലേക്ക് മുറുകുന്നു
ഉടലുകൾ പൂക്കളുടെ മേൽക്കൂരകൾ

വിളിച്ചു ചോദിക്കുന്നുണ്ടാവുമോ അവൾ
പഴയ നഗ്നത കൊടുക്കുവാനുണ്ടോ
എന്നെങ്കിലും
കാതോർക്കുന്നു ഞാൻ
അവൾ കൈകോർക്കുന്നു

പച്ചമാങ്ങകൾ കൊണ്ട് നിർമ്മിച്ച 
മുഷിഞ്ഞചന്ദ്രൻ 
അതേ നിറത്തിൻ്റെ രാവ് 
അവൾ ഓരോ അവയവങ്ങളിൽ നിന്നും പഴക്കം ഇറുത്തെടുക്കുന്നു

രാവുകൾ നിറയേ
മാമ്പഴങ്ങൾ പിടിച്ച മാവുകളെന്ന് 
അവൾക്കുമുന്നിൽ ഓരോ പാട്ടും
താരാട്ടുകൾക്ക് കാതോർക്കുന്നു

രണ്ട് ഉടലുകൾ,
കാതോർക്കലുകൾ വകയുന്നു
ഞാനിപ്പോൾ ഒരു പഴയ പാട്ട്.
അവൾ പഴയപാട്ടുകളുടെ
ആക്രിക്കാരി.
ഇനി ശരിക്കും ഒരുകുരുക്കുത്തിമുല്ലയുടെ ചുവടാകുമോ കാലം?

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...