Skip to main content

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള 
അടർത്തലിൻ്റെ കറ വെച്ച് 
ഓരോ വർത്തമാനകാലവും
അടയ്ക്കുകയായിരുന്നു

ആകൃതിയുടെ കപ്പ് വെച്ച്
ഞെട്ടുകൾക്കപ്പുറം മാവ്,
നിറങ്ങളിൽ നിറച്ചെടുക്കും
മാങ്ങകൾ

കണ്ടിട്ടുണ്ടോ
പ്രതിബിംബങ്ങൾ നിഷേധിക്കും
കണ്ണാടി?

എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു
അത് ഉടയും വിധം
പ്രതിഫലനങ്ങളിൽ 
മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു

ഉടലിൻ്റെ പിടിയുള്ള കപ്പ്
പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ
ഉടലിൻ്റെ ഏറ്റവും അലസമായ 
ഉറയൊഴിപ്പ്

പ്രതിബിംബത്തിൻ്റെ കറ വീണ
കണ്ണാടിത്തലപ്പിൽ നിന്നും
വർത്തമാനകാലം പിടിച്ച് ചായ്ച്ച്
ഒരു പ്രതിഫലനം അടർത്തുന്നത് പോലെ
എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട്

കരിന്തിരിയ്ക്കരികിൽ
മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം,
ഓർമ്മകൾ വേർതിരിക്കുന്നിടത്ത്
ഉടലുകൾ ചെരാതുകൾ

ഓരോ പ്രതിബിംബവും
എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട്
അതിൻ്റെ കറുപ്പ്,
കാക്ക ചരിക്കുന്നത് പോലെ
എൻ്റെ കറുപ്പ് എന്നെ പിടിച്ച്
ചരിക്കുന്നുമുണ്ട്

കണ്ണാടിയിൽ നിന്നും 
ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്,
ശരിയ്ക്കും എനിക്ക്

നാളം പിടിച്ച് ചായ്ക്കുന്നു
വെളിച്ചം അടർത്തുന്നു

കെടുത്തുവാനാകാത്ത വിധം 
കൊളുത്തിയ നിലയിൽ വിരലുകൾ
നഖങ്ങൾ മാത്രം അണയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!