സൂര്യൻ സന്ധ്യയിൽ,
ഒരു മണ്ണുമാന്തിയാണന്ന്
അത് സന്ധ്യയും മാന്തുന്നു
തൊട്ടിൽ കയറുള്ള ഇരുട്ട്
എന്റെ ഭാഷ അതിൽ മയക്കം
കാലത്തിലേയ്ക്കും കവിതയിലേക്കും
അതിന്റെ ആന്ദോളനം
നക്ഷത്രങ്ങൾക്കിടയിൽ
രാത്രി കുഴിച്ചെടുക്കും
ഇരുട്ടിന്റെ എക്സ്ക്കവേറ്റർ
ഏകാന്തതയുടെ ഉടൽമാന്തി
നേരമാണ് അതിന്റെ
ഉയർത്തിയ യന്ത്രക്കൈ
എന്റെ അന്തികൾ കുഴിച്ചെടുക്കുന്ന
വിഷാദത്തിന്റെ യന്ത്രക്കൈയ്യുമായി
നീങ്ങിനീങ്ങിപ്പോകും ചന്ദ്രൻ
കോരിയെടുത്ത നീക്കം മേഘങ്ങളായി
മാനം അരികിൽ കോരിവെയ്ക്കുന്നു
നീക്കത്തിന്റേയും നേരത്തിന്റേയും
അരികിലിരിക്കും മാനം
ഒരു നീക്കത്തിന്റെ മുഖം,
കോരിയെടുത്ത് മേഘം
നിനക്കെന്റെ ആനന്ദം കാണുവാൻ
കൊതിയില്ലേ ദൈവമേ എന്ന
ചോദ്യം മേഘമാവുന്നു
നേരത്തിന്നരികിൽ കോരിവെയ്ക്കുന്നു
പുലരി,
സൂര്യകാന്തിയേപ്പോലെ
അരികിൽ വിരിയും
മണ്ണുമാന്തികൾ.
Comments
Post a Comment