അപകടത്തിൽപ്പെട്ട കപ്പൽ
ആടിയുലയും മുമ്പ്
ഉയർത്തും കൊടി
അപകടത്തിൽപ്പെട്ട കപ്പൽ
അപ്പോഴും
കപ്പിത്താന്റെ കവിതയിൽ
പൊങ്ങിക്കിടക്കും ഒരു വാക്ക്
കപ്പലിൽ നിന്നും കടൽ,
അപകടം തുടച്ചുമാറ്റുകയും
ആടിയുലയുന്നതിനുമപ്പുറം
സുരക്ഷിതമായി കപ്പൽ
തിരികെവെയ്ക്കുകയും ചെയ്താൽ
ഒന്നും ചെയ്യുവാനില്ലാത്ത കൊടി
അവിടെ അതിനെ
കപ്പൽ പോലും നിലനിർത്തുന്നില്ല
കപ്പിത്താൻ കവിതയെഴുതുമ്പോൾ
അപകടത്തിൽ പെടും കപ്പൽ,
എന്നൊരു ദുസ്സൂചന മാത്രം
അപ്പോഴും കവിത
വാക്കുകളിൽ നിലനിർത്തുന്നു.
കവിതയ്ക്ക് പുറത്ത്,
ദുസ്സൂചനകൾ ഒരു സമുദ്രമാകുന്നു.
അകത്ത്
ഉടലിലെ കപ്പൽച്ചാൽ കടക്കും,
ഉടൽ മുഴുവൻ കൊടിയാവും
രതിയെന്ന കപ്പൽ
എഴുതി നിർത്തുമ്പോൾ
കവിതയിലെ രതിയെന്ന ദുസ്സൂചന
ഉടലിൽ നിന്ന്,
പൊറ്റ പോലെ അടർന്ന്
കവിതയ്ക്ക് പുറത്തേയ്ക്ക്
ആടിയുലച്ചിലുകൾ അടർത്തി
നഗ്നതകൾ തുടച്ച്
തിരികെ ഉടലിൽ വെയ്ക്കുമ്പോൾ
രതിയ്ക്കു മുമ്പ്,
ആടിയുലഞ്ഞ്
ദുസൂചനകൾ കടക്കും ഉടൽ
ഉടൽ,
രതിയ്ക്ക് മുമ്പും പിമ്പും
നടുക്ക് രതി
രതി ഒരലങ്കാരമാവും ഇടങ്ങളിൽ
പതിയേ രതിയുടെ
വ്യാകരണ ഗ്രന്ഥമാവും ഉടൽ
രതി ഒരു കിളിക്കൂട്
ഉടലുകൾ കിളിക്കുഞ്ഞുങ്ങൾ
രതി കഴിഞ്ഞ ഉടൽ
മടങ്ങും കല
മുകളിൽ ഒരു ചന്ദ്രനാവുന്നു
ഇടം രാത്രിയും
വാഹനങ്ങൾക്ക് പിന്നിൽ
പ്രകാശം തട്ടുമ്പോൾ മാത്രം
രാത്രി തിളങ്ങും റിഫ്ലക്ടർ പോലെ
രതിയ്ക്ക് പിന്നിൽ ഉടൽ
അത് വെളിച്ചം തട്ടാതെ നീങ്ങുന്നു
വാഹനമല്ലെങ്കിലും
ഇരുട്ടിൽ
രാത്രി നടത്തിക്കൊണ്ടുപോകും
വാലിലെ റിഫ്ലക്ടർ
തിളങ്ങും ഉടലെന്ന ദു:സ്സൂചന
ആനയ്ക്ക് നൽകും വിധം
കവിതയ്ക്ക് പിന്നിൽ
റിഫ്ലക്ടറായി
ഒരു വാക്കിനെ
തെരുവ് കൊളുത്തിവെയ്ക്കുന്നു
തിളക്കത്തിന് പിന്നാലെ നടക്കുന്നു
പൂക്കുമ്പോൾ
ചെടികൾ ഉയർത്തും കൊടി
നീയത്
ഉലഞ്ഞുകഴിഞ്ഞ്
പൂക്കളാക്കുന്നുണ്ട് ചെടികളിൽ
വസന്തം അപകടത്തിലായ കപ്പൽ
ഉയർത്തുന്ന ഓരോ കൊടിയും
പൂക്കൾ എന്നാവും നിന്റെ കവിതയിൽ
ഓരോ വാക്കുകളും കൊടി
അപകടങ്ങളെ തരണം ചെയ്യലാണ് കവിത
കവിയെന്ന ദുസ്സൂചന
അപ്പോഴും നിന്റെ
കവിതയ്ക്ക് പുറത്ത്
കിളികൾ പറക്കുമ്പോൾ
ആദ്യമായി പറന്ന കിളി
ഉയർത്തും കൊടി മാനമായിട്ടുണ്ട്
രതിയെന്ന കപ്പൽ
അതിന്റെ ഉടലോട്ടങ്ങൾ
ഉടൽ എന്നാൽ അപകടത്തിൽ പെടാനുള്ള കപ്പലാണെന്ന
മുൻധാരണ കൊണ്ടു നടക്കും
എന്റെ കപ്പിത്താനുടൽ
കവിതയ്ക്ക് പിന്നാലെ
വാക്കിനും മുന്നേ
കിളിയ്ക്ക് മുന്നിൽ
മാനം എന്ന ദുസ്സൂചന
കിളിയ്ക്കും മുകളിൽ
അഴിഞ്ഞുലഞ്ഞ മേഘങ്ങൾക്കപ്പുറം
രതി കഴിഞ്ഞ മാനം
കടലിൽ കിടന്ന് കിടന്ന് നിറമാവും
കപ്പലുകൾ പഴകും സ്വരം
വീശുന്നതിനിടയിൽ
പഴകിയ കപ്പലിൽ
കപ്പൽപ്പായയുടെ വക്കാലത്തെടുക്കും
കാറ്റ്
ഒരിയ്ക്കലും ഒരു വക്കീൽ കുപ്പായമണിയുന്നില്ല
കവിതയുടെ മാത്രം വക്കാലത്തെടുക്കും
വാക്ക്
കയർ എന്നും തടി എന്നും
പഴക്കങ്ങളിലേയ്ക്ക്
മുറുകുകയാണ് കപ്പൽ
പഴകുന്ന ഉപ്പ്
എരിവുള്ള നനവ്
ഒരു സമുദ്രസഞ്ചാരിയ്ക്ക്
പഴക്കമുള്ള ചിത്രങ്ങൾ അനുവദിയ്ക്കും
നീളൻ താടി
കൈയ്യിൽ കരുതും തുകൽ ഭൂപടം
കണ്ണിൽ കാണും ദിശാബോധം
ഓരോ വളവുകൾക്കുമപ്പുറം
പൂച്ചകളുടെ രോമം കൊണ്ടുണ്ടാക്കിയ
താളുകൾ മറിച്ചുനോക്കിയിരിക്കുകയാവണം
അപകടം
അതും പൂച്ചക്കണ്ണുള്ളത്
നാലു കാലിൽ മാത്രം വന്നു വീഴുന്ന
അപകടങ്ങളെ എടുത്ത്
ലാളിച്ച് ലാളിച്ച് പൂച്ചയാക്കുന്നതാവാം
രതി കൊടുത്ത് നമ്മൾ
വളർത്തി വഷളാക്കിയ ഉടൽപ്പൂച്ചകൾ
പുതിയ കാലത്ത്
പുതിയ കപ്പലിൽ
ഡക്കിന് പുറത്ത്
ഉടലിന്റെ രണ്ടൈസ്ക്യൂബുകൾ ചേർത്ത
ഡ്രിങ്കാവുകയാണ് നമ്മൾ
ആഴക്കടലിൽ കപ്പലിൽ
ക്രിസാന്തിയം നിറമുള്ള
നമ്മുടെ നഗ്നത
നമ്മൾ ഇടും
ഓരോ ഐസ് ക്യൂബുകളും
കൊടികൾ
പൂത്താങ്കീരിയുടൽക്കലമ്പലുകൾ ഇട്ടു വെയ്ക്കും ആകാശം
കിളികളെല്ലാമൊഴിഞ്ഞ ആകാശത്തിന്
കൂട്ടിരിയ്ക്കും നീ
നെഞ്ചിൽ ചേർന്നുകിടക്കുയാണ് നീ
ഏകാന്തത തേടി വരും
ഒരു ഉടൽമൃഗമാണ് രതി
എന്ന് എഴുതിയേക്കും നീ
അത് മാത്രം ഉറപ്പിയ്ക്കുകയാവും ഞാൻ
നിന്റെ ഉടലിന്റെ മഞ്ഞ് മൂടിയ കൊടുമുടി
എന്റെ പർവ്വതാരോഹകനായ മനസ്സ്
ഒരു തണുത്തസോഡ
ഒരു ലൈറ്റർ പോലെ
ചരിച്ചുകത്തിച്ച്
ഐസ്ക്യൂബുകളുടെ തിരിനീട്ടിയിട്ട്
ഒരു ഗ്ലാസിൽ നാരാങ്ങാവെള്ളം
കൊളുഞ്ഞിവെയ്ക്കുകയാണ് നമ്മൾ
കാലവും കടലും
ഒരിയ്ക്കലും ഒരു കരയിലേയ്ക്കും തിരിച്ചുവരാത്ത കപ്പിത്താനാവുകയാണ് രതി
ഇനിയും സമർപ്പിയ്ക്കാത്ത
ഗവേഷണപ്രബന്ധമാവും
ആഴക്കടലിൽ പെയ്യും മഴ
പൊടുന്നനേ എന്ന വാക്കിന്റെ കൊടി
മേഘങ്ങളുടെ ആർക്കൈവ്സിൽ നിന്നും
ആകാശം പുറത്തെടുക്കും
ഒരു ഇരുണ്ട മേഘം
നിന്റെ ഉടലാവുന്നു.
Comments
Post a Comment