മറവി അതിന്റെ താമരയിലയിൽ
ഒരാകൃതി പൊതിഞ്ഞെടുക്കുകയും
അതിന് ഒരു പേര് തിരഞ്ഞ്
വസന്തം തട്ടിമറിച്ചിടുകയും ചെയ്തു
ഞാൻ അതിന്റെ അടുത്ത്, എന്റെ പൂക്കൾ കുരുങ്ങിയ
ഉടലുമായി ചെല്ലുന്നു
ആദ്യമായി ഉണ്ടായ ദിവസം
ആദ്യസന്ധ്യ എടുത്തുനോക്കി
സാവകാശം സമയം,
തിരികെ വെയ്ക്കുന്നിടത്ത്
വിരിയുന്നതെല്ലാം വന്ന്,
ഉടലിൽ തട്ടും സുഖം
വസന്തത്തിനൊപ്പം
തട്ടിമറിഞ്ഞ് വീണുകിടക്കും നീ
ഇപ്പോഴങ്ങോട്ട് പെറ്റിട്ട സന്ധ്യ എന്ന
വരിയുടെ സാധ്യത പരിശോധിച്ച്
മടങ്ങുകയാണ്, കവിത.
അരികിൽ
ചേക്കേറലുകൾ അടക്കിപ്പിടിച്ച കിളി അതും, ഉടൽ നിറയെ
കവിതയുടെ മടക്കമുള്ളത്
നിന്റെ ഉടലിലെ
ഏറ്റവും മടികൂടുതലുള്ള
കോശങ്ങൾ ഉമ്മ വെയ്ക്കാൻ
എന്റെ കവിതയിലെ ഒരു വാക്കിന്റെ
പുറപ്പാട്
അധികം ആരവമില്ലാത്ത
ഒച്ചയാണ് കൂടെ
കാലിലെ ചിലമ്പ് അതിന്റെ ഒറ്റപ്പെടലിന്റെ ഒച്ച മറിച്ചുനോക്കിയിരിക്കുന്നു.
താളുകളാണ് ഉടലുകൾ
ഇമകൾ മറിച്ചുനോക്കലുകൾ
കീറലുകൾ അതിലടക്കം
കുത്തിക്കെട്ടലുകൾ മാത്രമാണ് ജീവിതം
ആദ്യമായി ചേക്കേറാൻ മറന്ന കിളി
ചേക്കേറുന്നതിന്റെ ബാലപാഠങ്ങൾ,
മറിച്ചുനോക്കിയിരിയ്ക്കുന്നു
അസ്തമയത്തിന്റെ ഇലയുള്ള
സൂര്യൻ
ഒന്ന് മറ്റൊന്നിന്റെ മൊട്ടാവും
ഇരുട്ട്
ജീവിതം പോലെയല്ല,
ആമ്പർഗ്രീസ് പോലെ
ഒരു വിലപിടിപ്പുള്ള വസ്തുവാകുകയാണ് മറവി
കവിത ഇവിടെ മറവിയുടെ കറ
ജീവിതം, മറവിയുടെ അലമാര
എന്നിട്ടും ഒരലമാരയാവുന്നില്ല കവിത
എങ്കിലത്,
ചുംബിക്കുവാൻ മറന്നുപോയ ഒരാളുടെ നെടുവീർപ്പുകൾ എടുത്തുവെച്ച്
റാക്കുകൾ നിറച്ചേനെ.
കിനിയുന്നുണ്ട്, വാക്കുകൾക്കിടയിൽ
ഇരുനിറത്തിൽ,
കുഞ്ഞുടുപ്പുകൾ കൊണ്ട് കളഞ്ഞ
വസന്തം
അരികിൽ,
അതിന്റെ തൂവലിന്റെ കറ തിരയും കുരുവി
മറവി അതിന്റെ കുരുവിക്കൂടും
2
അകാരണം എന്ന തൂവൽ
പക്ഷിക്കൂട്ടിൽ
ഉപേക്ഷിച്ച് മടങ്ങുകയാണ് പക്ഷി
പക്ഷിക്കൂട്ടിൽ, മറവിയെടുത്തുവെയ്ക്കും മാനം
പക്ഷിയുടെ ഉടലിൽ കുരുങ്ങും
ദേശാടനം എന്ന ഉപേക്ഷിക്കുവാനാവാത്ത തൂവൽ
ഉടലിലെ,
പലായനഗ്രന്ധി പൂക്കും
സുഗന്ധമാണ് ഇപ്പോൾ എനിയ്ക്ക്
പുറഞ്ചട്ടകളിൽ മഴ പെയ്യുന്ന പുസ്തകങ്ങൾ
മാറോടടക്കിപ്പിടിച്ച് കിടക്കും നീ
ഹൃദയത്തിന്റെ ജമന്തിമിടിപ്പിൽ
ചാരിയിരിയ്ക്കും പൂക്കൾ
നിനക്ക് ആകാശത്തിന്റെ കറ
മുകളിൽ മറവിമാനം
കൂട്ടിന് പേരില്ലാത്ത വസന്തം
3
ഒരു മാപിനിയിലും രസമല്ല, മറവി
എന്നിട്ടും, മറവി മാപിനിയാവുന്ന
ജീവിതങ്ങൾ
ഒരു ഭാഷയും
സ്വന്തമായി ഇല്ലാത്തവന്റെ
മറവിയാവുകയാണ്
പതിയേ കവിതയും
നോവതിന്റെ ക്ഷണക്കത്ത്
ഒരു പൂവ് മറ്റൊരു പൂവിന്റെ
പ്രൂഫ്റീഡിംഗ് ചെയ്യുന്നിടത്ത്
വിരിയുന്നത് പൂക്കൾ,
ഇതളുകളിൽ
അച്ചടിക്കുവാൻ കൊടുക്കുന്നിടത്ത്
കിളിയായി തുടരുന്നതിന്റെ ഇരുനിറങ്ങളിൽ കിനിയും കുരുവി
പറക്കുന്നതൊരുനിറം
തുടരുന്നത് മറ്റൊന്ന്
നിറങ്ങളിൽ,
യാന്ത്രികമായി കിനിയും
വസന്തത്തിന്റെ
അച്ചടി
കുഞ്ഞുടുപ്പുകളിൽ വസന്തത്തിന്റെ
കറ
4
പൂക്കളുടെ മേൽവിലാസമെഴുതിയ
കത്തുകൾ മൊട്ടുകളാവും വിധം സാവകാശം എന്ന
കൈയ്യുഴുത്തുമാസികയാവുകയാണ് മാനവും മറവിയും
മാനം കൈയ്യെഴുത്ത്
മറവി അതിന്റെ മാസിക
മറവി കൊണ്ട് മാനത്തിന്,
അതിനും മുകളിൽ
അതിലും ലളിതമായ കമാനം
എന്നാവണം വിവക്ഷ
മറവിയാണ് ലളിതം
ഓർമ്മ അതിന്റെ ഭാരം
ഭൂമിയുടെ ഓർമ്മയാവണം
ഭൂഗുരുത്വാകർഷണ ബലം
ഭ്രമണത്തിന് പാലൂട്ടും മുലകൾ,
ഒരു പക്ഷേ മറവിപോലെ പുറത്തേയ്ക്ക്
അത് ചുരത്തുന്നതെല്ലാം
നുണഞ്ഞു കിടക്കും സമയം
5
ഒരു പൂവ് മറ്റൊരു പൂവിന്റെ
തപാൽപെട്ടിയാവുന്നിടത്ത്
വിരിയുന്ന, വരുന്ന, എഴുതുന്ന
മൊട്ടുകൾ പൊട്ടിച്ചുവായിക്കുന്ന കത്തുകളെല്ലാം പൂക്കൾ
ഇലകളിൽ തങ്ങിനിൽക്കും
തുള്ളികളിൽ
മറവി നിർമ്മിയ്ക്കും
ജലം
ദുഷ്യന്തനെന്ന തുള്ളിയിൽ
മറവി നിർമ്മിയ്ക്കും മോതിരം
ഓരോ ഓർമ്മയിലേയ്ക്കും തുളുമ്പും
ശകുന്തളയെന്ന ജലം
6
താമരകൾ വിരിഞ്ഞ് നിൽക്കും ഇടം
മറവിയാണ് ക്ഷണക്കത്ത്
മറവിയുടെ മൂന്ന് സ്തംഭങ്ങൾ
മറവി തന്നെയാണ് സ്തൂപവും
മറവിയുടെ ജ്യാമിതി
മറവിയുടെ ബൃഹത്ത്കോൺ
മറവിയുടെ സ്റ്റാമ്പുകളുള്ള കത്തുകളിൽ
പതിയേ ഭാഷയും ലിപിയും
മേൽവിലാസവുമാവുകയാണ് കവിത
സമയത്തിന്റെ നീണ്ട തണ്ട് വളച്ച്
ദൈവം ഇറുത്തെടുക്കും
പ്രാർത്ഥനയുടെ പൂക്കൾ
തുഴഞ്ഞുവരും ദൈവം
വളഞ്ഞുവരും പ്രാർത്ഥനകൾ
അതാണ് പതിവ്
പതിവില്ലാതെ
പറക്കുന്നത് മുമ്പോട്ട് മുമ്പോട്ട് മറന്ന്
മറവിച്ചിറകുകളിൽ
തുമ്പിക്കണ്ണുള്ള ദൈവം
വിരിയുന്നത് ഇനിയവിടെ നിൽക്കട്ടെ,
മാനത്തെ കാർന്നുതിന്നും
ഭ്രാന്തെടുത്ത പക്ഷി എന്ന വരി
കവിതയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്
എന്റെ ദൈവം
ഇറുക്കുവാൻ
മറന്നുപോയൊരു മൊട്ട്
ദൈവത്തിന് മുന്നിൽ
പ്രാർത്ഥനയാകുന്നു
ഞാൻ അതുമാത്രം കണ്ടുനിൽക്കുന്നു.
Comments
Post a Comment