കാക്കക്കാലുകളുടെ ചിമ്മിനി
കാക്കക്കാലുകൾക്കരികിൽ
അടുക്കള ഒരു കറുത്തപക്ഷി
ഒരു കാക്കയെ രണ്ടായി ഉടച്ച്
വെളളം കളഞ്ഞ്
കരച്ചിൽ തിരുമുകയായിരുന്നു,
അടുക്കള
അരികിലിരിയ്ക്കുന്നു ചിമ്മിനി
കളഞ്ഞ വെളളം
പിന്നെ ഇട്ട കല്ല് വകഞ്ഞ്,
കറുപ്പ് ചുട്ടികുത്തി
കാക്കയാകുന്നുണ്ട് കഥകളിൽ
തിരുകുന്നില്ലെന്നേയുളളു,
ക്ലോക്ക് ഉടച്ച്, നേരം കളയും പൂമുഖം
2
സങ്കൽപ്പത്തിലെ പുഴയുടെ വളവിൽ
അടുക്കളയെ
കറുത്തപക്ഷികളായി തുറന്നുവിടുകയാവണം ചിമ്മിനി
അതും കറുത്തപുകയുടെ മറവിൽ
അടുപ്പ് കാണും സ്വപ്നങ്ങളിൽ,
അടുക്കളയൊരു വെളളാരങ്കല്ല്
വെളുപ്പിന്റെ വളവെടുക്കും ചിമ്മിനി, ഒരു പുഴ
പുക, അതിന്റെ കറുത്ത ഒഴുക്ക്.
ഉയരും ഭ്രാന്തിന്റെ കറുത്തപുക
ഉയരങ്ങളിൽ പുക,
അതിന്റെ കറുത്ത കല്ല്
അടുക്കള ഒരു കറുത്ത കുന്തി
പുക അനാഥത്വത്തിന്റെ കറുപ്പുള്ള
വെളുത്ത കർണ്ണൻ
അകലെ ഒരലക്കുകാരൻ പുലരി
3
വാക്കുകളുടെ ആൽബം എന്ന് കവിതയെ,
വിരലുകളുടെ ആൽബം എന്ന് ഉടലിനെ
കാക്കകളുടെ ആൽബം മറിച്ചുനോക്കും,
പുലരി, പിന്നിൽ അടുക്കള
വിരലിൽ പുലരി, ഉടലിൽ അടുക്കള
എത്തിനോട്ടം ഭിത്തിയിൽ കുറിച്ചിട്ട്
ആകാശം ആലിലയിലെടുത്ത്,
എല്ലാ പുലരികൾക്കും പിന്നിൽ ചിമ്മിനി.
മുന്നിൽ അടുക്കള
എല്ലാ ഫോട്ടോകൾക്കും ചിത്രങ്ങൾക്കും പിന്നിൽ ആകാശം.
ആകാശം,
ആൽബങ്ങളുടെ കറുത്തചിമ്മിനി
ഉയരങ്ങളിൽ
പുഴയുടെ ചമയങ്ങൾ കറുപ്പുകളിലിടും ചിമ്മിനി
ചിത്രങ്ങളിൽ മാത്രം
പിന്നിൽ നിന്ന് മുന്നിലേയ്ക്ക് വരും
അടുക്കള
4
അടുക്കളക്കരികിൽ,
വേനലുകൾ കഴുകിവെയ്ക്കും കാക്കകൾ
അവ,
കടലാസുചെടികൾക്കരികിൽ വെയിലുകൾ
കഴുകിക്കമഴ്ത്തുന്നു
അതിലെ നെടുവീർപ്പ് നെടുകേ കീറിയിട്ട്
അടുക്കളയും കമഴ്ത്തിവെയ്ക്കുന്നുണ്ട്
ചിമ്മിനി, അതും ആകാശത്തേയ്ക്ക്.
കറുപ്പും പുകയും അതിന്നരികിൽ
മാംസത്തിൽ പിടിച്ച തീയാണ്, കാതുകൾ എന്ന് പൂമുഖത്തേയ്ക്ക് ചെന്ന്
പാട്ട് തിരുത്തും കാക്കകൾ
കല്ലുകൾക്കിടയിൽ
അതിന്റെ
കറുത്ത ഒഴുക്കിന്റെ മറുക് വെച്ചയിടം തിരയും അതേ കാക്കകൾ
പാട്ടുകൾക്കിടയിൽ
മഴയെടുക്കും ഒരു കറുത്തകല്ലാവുകയാവണം
കാക്ക
കാതുകൾ കല്ലുകൾ എന്ന് കാക്കകൾ
പാട്ട്, ഒരു കുടത്തിലെ വെള്ളം
5
പുരാണദൃശ്യങ്ങളിൽ
ഒരു രാജരവിവർമ്മ ചിത്രത്തിലെന്ന പോലെ
അടുക്കളയെ ഒക്കത്തെടുത്ത്
ചിമ്മിനിപുഴയിലിറങ്ങി
കാല് നനയ്ക്കും വീട്
ഇരുട്ട് അതിന്റെ പട്ടുസാരി
യാഥാർത്ഥ്യങ്ങളിൽ
അതിന്റെ കറുത്ത പക്ഷിയേയും
കൊണ്ടുവരും അടുക്കള
മാനത്തേയ്ക്ക് പുക തുടയ്ക്കും
ചിമ്മിനി
രാത്രി ഒരു കുടം ഇരുട്ട്
വാക്ക് അതിന്റെ വക്കത്തിരിയ്ക്കും ഇടങ്ങളിൽ,
കാക്ക കഥയഴിയ്ക്കുന്നു
വെളിച്ചത്തിന്റെ ഒരു കല്ലെടുക്കുന്നു
ഉടൽ, മടിയുടെ ഒരു കുടം
നഗ്നതയൊരു കല്ല്
ആവുമായിരിയ്ക്കും പുലരി.
Comments
Post a Comment