കുമിളകൾ, അതിന്റെ പകർപ്പ് വെള്ളത്തിലെടുക്കും
ബുദ്ധൻ അതിന്റെ ധ്യാന
അക്വേറിയം
കിളികളും എടുക്കുന്നുണ്ട്
അതിന്റെ പകർപ്പ് ആകാശത്തിൽ
പറന്നുപോകുന്നതിന്റെ പകർപ്പ്
എന്നാകാശം തിരുത്തുന്നു
വളർത്ത് എന്ന
വിരൽത്തുമ്പിലെ വാക്ക് കീറിയിട്ടുകൊടുത്താൽ
പതിയേ എന്ന വാക്കിന്നപ്പുറം
വന്ന് കൊത്തുന്നതെന്തും
മീനാവുന്ന ഇടം
നോക്കിനിൽക്കുന്നതെന്തും ബുദ്ധനാവുന്നു
സമയമെന്ന വ്യാപനത്തിനപ്പുറം
ബുദ്ധൻ നോക്കികാണുന്നതെന്തും
കാലമാവുന്നതാവണം
തെളിവെള്ളത്തിൽ മഷി കണക്കേ
ഉടലിൽ
സമയത്തിന്റെ വ്യാപനം
ബുദ്ധന്റെ ധ്യാനമായി ജോലിചെയ്യും
ബുദ്ധന്റെ വളർത്തുമീൻ
ധ്യാനമെന്ന് പേരിട്ട്
ബുദ്ധൻ വിളിയ്ക്കുമ്പോൾ
ബുദ്ധന്റെ പാതിയടഞ്ഞ
മിഴികൾക്ക് താഴെ
കീഴ്ച്ചുണ്ടായി വന്നുനിൽക്കുന്നവൾ
ഇവിടെ ധ്യാനം,
പഴക്കം ചെന്ന ആൽബത്തിലെ
താളുകൾ മറിയും സ്വരം
അത് വെണ്ണയുടെ ശബ്ദത്തിൽ
ആലില കേൾപ്പിയ്ക്കും
ബട്ടർപേപ്പറാണെങ്കിൽ
ബുദ്ധൻ, തൊട്ടടുത്ത താളിൽ
തൊട്ടടുത്ത ഇലയിൽ
ബോധിമരച്ചോട്ടിൽ
കറുപ്പുംവെളുപ്പും ഇടകലർന്ന നിറങ്ങളിൽ
ഒട്ടിയ്ക്കപ്പെടും ചിത്രം
മറിയ്ക്കുന്തോറും
താളുകൾക്കിടയിലെ
ചിത്രങ്ങൾക്കിടയിൽ
മീനും നീന്തുന്നു
വിരലുകൾക്കൊപ്പം
അനുഗമിയ്ക്കുന്നു ധ്യാനം
കാലടികൾ കഴുകിക്കമഴ്ത്തിയ
ധ്യാനത്തിന്റെ ഇടനാഴി
ചാരിയ ഇരുത്തം
മീനിനും ധ്യാനത്തിനും
ഇടയിൽ
നീന്തലിന്റെ ശിൽപ്പത്തിൽ
ബുദ്ധൻ
ബുദ്ധ ആത്മീയത മലിനമാക്കാതെ
ബുദ്ധഉടലിനെ കുളമാക്കാതെ
മേൽച്ചുണ്ടിനെ ജലമാക്കി
ബുദ്ധനിശ്വാസങ്ങളെ
നെടുവീർപ്പിന്റെ കൂർപ്പുള്ള
ആലിലയാക്കി
ബുദ്ധപുടങ്ങളിൽ തൊടാതെ
ബുദ്ധസൂക്തങ്ങളിൽ തട്ടാതെ
ബോധിമരത്തിന്റെ
ഓരോ ഇലയിൽ നിന്നും
ബുദ്ധന്റെ ഉടലിന്റെ കുടുക്ക് അഴിച്ച്
ശിൽപ്പങ്ങളുടെ നിശ്ചലതയിൽ
ധ്യാനത്തിന്റെ വശ്യതയോടെ
കൊണ്ട് തൂക്കും മീൻ
തീർത്ഥാടനം പ്രതിഫലിയ്ക്കും
ഒരുകുടന്ന ജലത്തിൽ
തീർത്ഥത്തിൽ,
ബുദ്ധന്റെ ഉലയാത്ത പ്രതിബിംബത്തോടൊപ്പം
മീനുകൾക്കൊപ്പം
ധ്യാനത്തിന്റെ കുളക്കടവിൽ
ധ്യാനത്തിന്റെ കള്ളക്കടത്തിൽ
പങ്കെടുക്കുന്നവൾ
ബുദ്ധന്റെ തല
യശോധരയുടെ മടി
അഴിഞ്ഞ ആത്മീയതയുടെ ജട
കെട്ടുബന്ധങ്ങളുടെ ഒടക്കറുത്ത്
പ്രതിമയിലേയ്ക്ക് ബുദ്ധകേശം
കെട്ടിവെയ്ക്കുന്നവൾ
ഇരുനിറമുള്ള നാരാങ്ങാമണം
പച്ചനിറത്തിൽ വരും
കുളികഴിഞ്ഞ പെണ്ണിന്റെ മണം
വകഞ്ഞ്
ഒരു കുരുക്കുത്തിമുല്ല വാടുന്നതിന്റെ ടാറ്റു
ഉടലിൽ പച്ചകുത്തി
ധ്യാനം കഴിഞ്ഞ ബുദ്ധനെ
ഒരു എം പി ത്രി ഫോർമാറ്റിൽ
പാട്ടുപോലെ ഉടലിൽ
സേവ് ചെയ്യുന്നവൾ
ധ്യാനത്തിന്റേയും
ഉടലിന്റേയും മലക്കംമറിച്ചിലുകൾക്കൊടുവിൽ
ജലം പോലെ ഉടൽ ശാന്തമാകുമ്പോൾ
അടർന്നുവീഴുന്നതിന്റെ മലക്കംമറിച്ചിലുകൾ
പങ്കിട്ടെടുത്ത്
മീൻവന്നു മുട്ടും
ധ്യാനത്തിന്റെ നെല്ലിയില
അലിഞ്ഞുതീരാറായ മിഠായിയുടെ
മിനുസം പോലെ ബാക്കിവരും ജലം
നീന്തലുകൾ കെട്ടിക്കിടക്കും
ബുദ്ധന്റെ കീഴ്ച്ചുണ്ട്
ബുദ്ധന്റെ ഉടൽ
ധ്യാനത്തിന്റെ മട്ട്.
Comments
Post a Comment